Pathanamthitta local

ഇടത് യുവജന സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം

പത്തനംതിട്ട: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പത്തനംതിട്ട മിനി സിവല്‍ സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചുകളാണ് കല്ലേറിലും അടിയിലും തീര്‍ന്നത്. രാവിലെ പ്രകടനമായി എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സിവില്‍ സ്‌റ്റേഷന്‍ കവാടത്തില്‍ നിന്ന പോലിസിന് നേരെ കല്ലേറ് തുടങ്ങി.

മാര്‍ച്ച് കവാടത്തില്‍ എത്തിയതോടെ ഉന്തും തള്ളും തുടങ്ങി. പോലിസിന്റെ സുരക്ഷാ വേലിയും തകര്‍ത്തു. പോലിസിന്റെ മറ പിടിച്ച് വാങ്ങി ചിലര്‍ എറിഞ്ഞു. വടി വാങ്ങി ഒടിച്ചുകളയാനും ശ്രമിച്ചു. ഇതോടെ പോലിസ് മുന്നില്‍ നിന്ന പ്രവര്‍ത്തകരെ അടിച്ചു.
അടി കൊണ്ട് ഒരു സംഘം പിരിഞ്ഞതോടെ ബിഎസ്എന്‍എല്‍ ഓഫിസിന്റെ ഭാഗത്ത് നിന്ന് കല്ലേറ് തുടങ്ങി. അവിടേക്ക് പോലിസ് എത്തിയതോടെ സെന്‍ട്രല്‍ ജങ്ഷനില്‍ നിന്ന് മറ്റൊരു സംഘം മടങ്ങി എത്തി പോലിസുമായി ഏറ്റുമുട്ടി. ല്ലേറിന്റെ ചിത്രം എടുത്തുകൊണ്ടു നിന്ന വഴിയാത്രക്കാരനും പോലിസുകാര്‍ക്കും കാര്യമായി പരിക്കേറ്റു.
തലയ്ക്കാണ് മിക്കവര്‍ക്കും മുറിവ്. മിനിസിവില്‍ സ്‌റ്റേഷനില്‍ നിന്ന് മടങ്ങിയ പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിക്ക് സമീപം ടി കെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സംഘര്‍ഷത്തില്‍ 19 പോലിസുകാര്‍ക്കും ഒമ്പത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ഏഴ് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എ ആര്‍ ക്യാംപിലെ പ്രസൂണ്‍, ഹരി, അബ്ദുല്‍ റഹീം, പ്രദീപ് കുമാര്‍, രാജേഷ്, ഹരികുമാര്‍, ഷിബു, സലീംരാജ്, ജയചന്ദ്രന്‍, ശ്രീലാല്‍ എന്നിവര്‍ക്കും പത്തനംതിട്ട പോലിസ് സ്‌റ്റേഷനിലെ ജയദാസ്, രാധാകൃഷ്ണന്‍, കെഎപി ബറ്റാലിയനിലെ വൈശാഖന്‍, പ്രേചന്ദ്, പ്രവീണ്‍, സെബന്‍, ഹുസൈന്‍, സന്തോഷ്, വിഷ്ണുമോഹന്‍ എന്നിവരാണ് പരിക്കേറ്റ പോലിസുകാര്‍. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ യു ജനീഷ്‌കുമാര്‍, ജില്ലാ പ്രസിഡന്റ് എം വി സഞ്ജു, ഖജാന്‍ജി ടി വി സതീഷ് കുമാര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ബി ബിജു, ജില്ലാ കമ്മിറ്റി അംഗം ശ്രീനി മണ്ണടി, ജില്ലാ ജോ. സെക്രട്ടറി വി നിസാം, ചെന്നീര്‍ക്കര പഞ്ചായത്ത് അംഗം അഭിലാഷ് വിശ്വനാഥ്, വള്ളിക്കോട് മേഖലാ സെക്രട്ടറി സി ുമേഷ്, റാന്നി ഏരിയാ കമ്മിറ്റി അംഗം ലിനു കെ ഈശോ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പ്രവര്‍ത്തകരെ സി പിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, കെ സി രാജഗോപാലന്‍, കെ അനില്‍കുമാര്‍ സന്ദര്‍ശിച്ചു. ഇതിനിടെയാണ് കണ്ണങ്കരയില്‍ നിന്ന് എഐവൈഎഫ് പ്രകടനമായി മിനി സിവില്‍ സ്‌റ്റേഷനില്‍ എത്തിയത്.
ഉമ്മന്‍ചാണ്ടിയുടെ കോലം കത്തിച്ച ശേഷം തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലിസ് ലാത്തിവീശി ഓടിച്ചു. തുടര്‍ന്ന് നടന്ന കല്ലേറിലും ലാത്തിച്ചാര്‍ജിലും പ്രവര്‍ത്തകര്‍ക്കും പോലിസുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു.
എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. ആര്‍ ജയന്‍, പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് അഖില്‍, എം വി പ്രസന്നകുമാര്‍, രാജേഷ് ആനപ്പാറ, സുമേഷ് ബാബു, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ബിബിന്‍ ഏബ്രഹാം എന്നിവരാണ് പരിക്കേറ്റ പ്രവര്‍ത്തകര്‍.
പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് നടത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി രാജിവയ്ക്കും വരെ സമരവുമായി മുന്നോട്ട് പോവുമെന്നും പോലിസ് നടപടി പ്രതിഷേധാര്‍ഹമാണന്നും ജയന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it