ഇടത് ടീമായി

സ്വന്തം  പ്രതിനിധിതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്റെ 124 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മലമ്പുഴയിലും പിണറായി വിജയന്‍ ധര്‍മടത്തും ജനവിധി തേടും. 44 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മല്‍സരിക്കും. 58 പുതുമുഖങ്ങളും പട്ടികയിലുണ്ട്. സിപിഎമ്മില്‍ 12 വനിതകളും സിപിഐയില്‍ നിന്ന് നാല് വനിതകളും മല്‍സരരംഗത്തുണ്ട്. സിപിഎമ്മും സിപിഐയും മല്‍സരിക്കുന്ന ഈ രണ്ട് സീറ്റുകളിലെയും ജെഡിഎസ് (അഞ്ച്), എന്‍സിപി (നാല്), ഐഎന്‍എല്‍(രണ്ട്), സിഎംപി(1) എന്നീ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചത്. സിപിഎമ്മില്‍ കെ കെ ശൈലജയെ പേരാവൂരില്‍ നിന്ന് കൂത്തുപറമ്പിലേക്കു മാറ്റി പകരം ബിനോയി കുര്യനെ പേരാവൂരില്‍ മല്‍സരിപ്പിക്കാനുള്ള തീരുമാനം മാത്രമാണു പട്ടികയില്‍ അവസാനനിമിഷമുണ്ടായ മാറ്റം. കൊല്ലത്ത് മുകേഷ്, ആറന്‍മുളയില്‍ വീണാ ജോര്‍ജ്, ബേപ്പൂരില്‍ വികെസി മമ്മദ്‌കോയ, വടക്കാഞ്ചേരിയില്‍ മേരി തോമസ് എന്നിവര്‍ സിപിഎം ചിഹ്നത്തില്‍ മല്‍സരിക്കും. സിപിഎം മല്‍സരിക്കുന്ന 92 സീറ്റില്‍ കോതമംഗലവും തൊടുപുഴയും ഒഴികെ 90 സ്ഥാനാര്‍ഥികളെയും ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചു. 82 പേര്‍ പാര്‍ട്ടി ചിഹ്നത്തിലും എട്ടുപേര്‍ പാര്‍ട്ടി സ്വതന്ത്രരുമായിട്ടാണു മല്‍സരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ അഴീക്കോടും കെ ടി ജലീല്‍ തവനൂരും പിടിഎ റഹീം കുന്ദമംഗലത്തും കൊടുവള്ളിയില്‍ കാരാട്ട് റസാഖും കൊണ്ടോട്ടിയില്‍ കെ പി ബീരാന്‍കുട്ടിയും താനൂരില്‍ വി അബ്ദുര്‍റഹ്മാനും തിരൂരില്‍ ഗഫൂര്‍ പി ലിലിസും നിലമ്പൂരില്‍ പി വി അന്‍വറും സിപിഎം സ്വതന്ത്രരായി മല്‍സരിക്കും. പത്തനാപുരത്ത് കെ ബി ഗണേഷ്‌കുമാറും കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോനും കടുത്തുരുത്തിയില്‍ സ്‌കറിയാ തോമസും കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രനും ഇടതുസ്ഥാനാര്‍ഥികളായി ജനവിധി തേടും. ഇടുക്കിയില്‍ കെ ഫ്രാന്‍സിസ് ജോര്‍ജും തിരുവനന്തപുരത്ത് ആന്റണി രാജുവും ചങ്ങനാശ്ശേരിയില്‍ ഡോ. കെ സി ജോസഫും പൂഞ്ഞാറില്‍ പി സി ജോസഫും ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് ഇടതുസ്ഥാനാര്‍ഥികളായി മല്‍സരിക്കും. ഐഎന്‍എല്ലിനെ പ്രതിനിധീകരിച്ച് പ്രഫ. എ പി അബ്ദുല്‍ വഹാബ് കോഴിക്കോട് സൗത്തില്‍ നിന്നും ജനവിധി തേടും. ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക അടുത്തമാസം അഞ്ചിന് പുറത്തിറക്കുമെന്ന് വൈക്കം വിശ്വന്‍ അറിയിച്ചു. എല്‍ഡിഎഫിന് ഗുണംചെയ്യില്ലെന്നു വിലയിരുത്തലുണ്ടായതിനെത്തുടര്‍ന്നാണ് പി സി ജോര്‍ജിനെ ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് യുഡിഎഫ് വിട്ടുവന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ്സിന് നാല് സീറ്റ് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it