Districts

ഇടതു മുന്നേറ്റം

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം. തിരുവനന്തപുരം കോര്‍പറേഷനില്‍ അടക്കം യുഡിഎഫ് വന്‍ തിരിച്ചടിയാണ് നേരിട്ടത്. സംസ്ഥാനത്ത് നില മെച്ചപ്പെടുത്തിയ ബിജെപി തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫിനെ പിന്തള്ളി രണ്ടാമതെത്തി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തിരുവനന്തപുരത്തെയും തൃശൂരിലെയും കോര്‍പറേഷന്‍ ഭരണം ത്രിശങ്കുവിലായിരിക്കുകയാണ്.
പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പറേഷനില്‍ വിമതനായി മല്‍സരിച്ച് ജയിച്ച സ്ഥാനാര്‍ഥിയുടെ പിന്തുണയോടുകൂടി മാത്രമേ യുഡിഎഫിനു ഭരിക്കാനാവൂ. 941 ഗ്രാമപ്പഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും 87 മുനിസിപ്പാലിറ്റികളിലേക്കും ആറു കോര്‍പറേഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 551 ഗ്രാമപ്പഞ്ചായത്തുകളിലും 89 ബ്ലോക്ക് പഞ്ചായത്തുകളിലും ഏഴ് ജില്ലാ പഞ്ചായത്തുകളിലും 44 മുനിസിപ്പാലിറ്റികളിലും നാലു കോര്‍പറേഷനുകളിലുമാണ് എല്‍ഡിഎഫ് മേല്‍ക്കൈ നേടിയത്.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലാ പഞ്ചായത്തുകളാണ് എല്‍ഡിഎഫിനൊപ്പമുള്ളത്. 2010ല്‍ 363 പഞ്ചായത്തുകളിലും 60 ബ്ലോക്കുകളിലും 24 നഗരസഭകളിലും മാത്രം വിജയിച്ച എല്‍ഡിഎഫ് ഇത്തവണ നില മെച്ചപ്പെടുത്തുകയായിരുന്നു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന യുഡിഎഫിനു സംസ്ഥാനത്തുടനീളം കനത്ത പ്രഹരമാണ് ഏല്‍ക്കേണ്ടിവന്നത്.
എട്ട് ജില്ലാ പഞ്ചായത്തുകളും 92 ബ്ലോക്ക് പഞ്ചായത്തുകളും 611 ഗ്രാമപ്പഞ്ചായത്തുകളും രണ്ട് കോര്‍പറേഷനുകളും 36 മുനിസിപ്പാലിറ്റികളുമാണ് യുഡിഎഫ് കൈവശം വച്ചിരുന്നത്. എന്നാല്‍, 362 ഗ്രാമപ്പഞ്ചായത്തുകളിലും 62 ബ്ലോക്ക് പഞ്ചായത്തുകളിലും ഏഴ് ജില്ലാ പഞ്ചായത്തുകളിലും 41 മുനിസിപ്പാലിറ്റികളിലും രണ്ട് കോര്‍പറേഷനുകളിലുമായി ഇത്തവണ യുഡിഎഫ് വിജയം ചുരുങ്ങി.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലാ പഞ്ചായത്തുകളാണ് യുഡിഎഫിന് ലഭിച്ചത്. ഇതില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. 39 ഗ്രാമപ്പഞ്ചായത്തിലും ഒമ്പതു മുനിസിപ്പാലിറ്റികളിലും ഒരു കോര്‍പറേഷനിലുമടക്കം 49 ഇടങ്ങളില്‍ വിജയിച്ച് എസ്ഡിപിഐ കരുത്തു കാട്ടി. 2010ല്‍ കന്നിയങ്കത്തില്‍ 11 സീറ്റുകളാണ് എസ്ഡിപിഐക്ക് ലഭിച്ചിരുന്നത്.
കൊട്ടിഘോഷിച്ച ബിജെപി-എസ്എന്‍ഡിപി സഖ്യത്തിന് 14 ഗ്രാമപ്പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും മാത്രമാണ് ലഭിച്ചത്. അതേസമയം, 2010ലെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ആറു സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി, 35 സീറ്റുകള്‍ നേടി യുഡിഎഫിനെ പിന്നിലാക്കി. 15,962 പഞ്ചായത്ത് വാര്‍ഡുകളില്‍ എല്‍ഡിഎഫ് 7,624 വാര്‍ഡിലും യുഡിഎഫ് 6,325 വാര്‍ഡുകളിലും ബിജെപി 933 വാര്‍ഡുകളിലും മറ്റുള്ളവര്‍ 1,078 വാര്‍ഡുകളിലുമാണ് വിജയിച്ചത്. 2,080 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ എല്‍ഡിഎഫ് 1,088ലും യുഡിഎഫ് 917ലും ബിജെപി 21ലും മറ്റുള്ളവര്‍ 53ലുമാണ് വിജയിച്ചത്.
414 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ 196 എണ്ണം എല്‍ഡിഎഫും 143 എണ്ണം യുഡിഎഫും 51 എണ്ണം ബിജെപിയും നേടി.
Next Story

RELATED STORIES

Share it