kozhikode local

ഇടതു മുന്നണി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന്

കോഴിക്കോട്: ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി ഡോ. എം കെ മുനീറും എം കെ രാഘവന്‍ എംപിയും ആരോപിച്ചു. കഴിഞ്ഞ ദിവസം എംഎല്‍എയുടെയും സിപിഎം പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെയും നേതൃത്വത്തില്‍ താലൂക്ക് ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ ഓഫിസില്‍ കടന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്ന് കോഴിക്കോട് ലീഗ്ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരെ ഭീഷണപ്പെടുത്തുന്നതും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്നതും അനുവദിക്കില്ല. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായും ആത്മവീര്യം നഷ്ടപ്പെടാതെയും ജോലിചെയ്യാനുള്ള സാഹചര്യം ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉറപ്പുവരുത്തണം.
ഉദ്യോഗസ്ഥരെ കൈയും കാലും വെട്ടുമെന്ന് ഫോണിലൂടെയുള്ള ഭീഷണിപ്പെടുത്തുന്നു. വീടിനുമുമ്പില്‍ പോസ്റ്ററും ഒട്ടിക്കുന്നു. ജീവനക്കാരെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവദിത്തം ജില്ലാ ഭരണ കൂടത്തിനുണ്ട്. ഇവര്‍ക്കെതിരെ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല. ഇതിനെതിരെ ഇലക്ഷന്‍ കമ്മീഷനില്‍ പരാതി നല്‍കും.
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലയില്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധതിരിച്ചുവിടാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. 23.11ലക്ഷം വോട്ടര്‍മാരുള്ള ജില്ലയില്‍ ഒരു വിഭാഗം ആരോപിക്കുന്നതുപോലെ ഉദ്യോഗസ്ഥര്‍മാര്‍ ഇടപെട്ട് അര്‍ഹതയുള്ള വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ലഭിക്കുന്ന അപേക്ഷകളില്‍ വിചാരണ നടത്തി ബോധ്യപ്പെട്ട ശേഷമാണ് നടപടികള്‍ സ്വീകരിക്കുന്നത്.
നടപടിക്രമം പാലിക്കാതെ വോട്ടര്‍മാരെ വെട്ടിമാറ്റി എന്ന ആരോപണം പരാജയത്തിനുള്ള മുന്‍കൂര്‍ ജാമ്യമാണെന്ന് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. ഡെപ്യുട്ടി കലക്ടര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിടുപണി ചെയ്യുന്നതായി എം കെ രാഘവന്‍ എം പി പറഞ്ഞു. ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടതിനു പകരം അദ്ദേഹം ഓഫിസ് വിട്ട് പോവുകയാണുണ്ടായത്. ഉദ്യോഗസ്ഥരുടെ സംരക്ഷണമാവശ്യപ്പെട്ട് 26ന് കലക്ടറേറ്റിന് മുമ്പില്‍ പ്രകടനം നടത്തും.
Next Story

RELATED STORIES

Share it