Idukki local

ഇടതു തരംഗത്തിലും തകരാതെ യുഡിഎഫ് കോട്ടകള്‍

സി എ സജീവന്‍

തൊടുപുഴ: ഇടതുതരംഗത്തിലും തകരാതെ ഇടുക്കി ജില്ലയിലെ യുഡിഎഫ് കോട്ടകള്‍. കോണ്‍ഗ്രസ്സിനു നിയമസഭാ സാമാജികരില്ലെന്ന നാണക്കേടു തിരുത്താനായില്ലെങ്കിലും ഇടതു മുന്നേറ്റത്തിലും നിലവിലുണ്ടായിരുന്ന രണ്ടു സീറ്റുകള്‍ നില നിര്‍ത്താന്‍ യുഡിഎഫിന് കഴിഞ്ഞു.
ഇടുക്കിയും തൊടുപുഴയുമാണ് യുഡിഎഫ് കാത്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ വെന്നിക്കൊടി നാട്ടിയപ്പോള്‍ സംസ്ഥാനത്തെതന്നെ ഏറ്റവും ഉയര്‍ന്ന ലീഡ് നല്‍കിയാണ് വോട്ടര്‍മാര്‍ തൊടുപുഴ മണ്ഡലം യുഡിഎഫിനു നല്‍കിയത്.ഉടുമ്പഞ്ചോല,പീരുമേട് ,ദേവികുളം സീറ്റുകള്‍ ഇടതുമുന്നണി നിലനിര്‍ത്തിയതോടെ കോണ്‍ഗ്രസ് ജില്ലയില്‍ മൂന്നിടത്തും തോറ്റു.അതേസമയം യുഡിഎഫിലെ വിള്ളല്‍ മുതലെടുത്ത് ഇടുക്കി പിടിച്ചെടുക്കാനുള്ള നീക്കം തകര്‍ന്നതിനൊപ്പം ഉടുമ്പഞ്ചോലയില്‍ മുന്‍ ലീഡ് നിലനിര്‍ത്താനാകാത്തതും നേട്ടങ്ങള്‍ക്കിടയിലും ഇടതിനു തിരിച്ചടിയായി.
ഇടുക്കിയില്‍ ബിഡിജെഎസ് നടത്തിയ തേരോട്ടമാണ് ഇടതിനെ തളച്ചത്.അതിനൊപ്പം പ്രതീക്ഷിച്ച നിലയില്‍ ക്രൈസസ്തവ വോട്ടുകള്‍ ലഭിക്കാതെ പോയതും ഇടതിനു തടസ്സമായി.ബിഡിജെഎസ് പിടിക്കുന്നത് യുഡിഎഫ് അനുഭാവികളായ ഈഴവരുടേതാകുമെന്ന സിപിഎം നിഗമനവും പാളി.ഇടുക്കിയില്‍ 27,000 ലേറെ വോട്ടുകളാണ് ബിഡിജെഎസ് സ്ഥാനാര്‍ഥി നേടിയത്. ഈഴവ വോട്ടുകള്‍ ഒന്നായി അങ്ങോട്ടേക്കു ഒഴുകുകയായിരുന്നു.
അതേസമയം,ഉടുമ്പഞ്ചോലയില്‍ 25,000 വോട്ടുകളോളം ബിഡിജെഎസ് നേടിയിട്ടും എം എം മണിക്ക് അവിടെ നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും വിജയിക്കാനായി.അത് ക്രൈസ്തവ സഭയുടെ വോട്ടുകള്‍ കൊണ്ടാണെന്നു സൂചനയുണ്ട്.ഇടുക്കിയില്‍ ഇടതു സ്ഥാനാര്‍ഥിയോട് കാണിച്ച അകല്‍ച്ച ക്രൈസ്തവ സഭ ഉടുമ്പഞ്ചോലയില്‍ എം എം മണിയോടു സ്വീകരിച്ചില്ലെന്നതും എടുത്തുപറയേണ്ടതുണ്ട്.
പീരുമേട്ടില്‍ പരാജയപ്പെട്ടെങ്കിലും ഇടതിന്റെ സ്ഥാനാര്‍ഥിയെ ഞെട്ടിക്കാനും വെള്ളം കുടിപ്പിക്കാനും യുഡിഎഫിന്റെ സിറിയക് തോമസിനു സാധിച്ചു.വോട്ടെണ്ണലില്‍ തുടക്കം മുതല്‍ അവസാനഘട്ടം വരെ ലീഡ് നിലനിര്‍ത്തുകയായിരുന്നു സിറിയക്.
ഒടുവില്‍ സിപിഎം കോട്ടയായ വണ്ടിപ്പെരിയാര്‍ പഞ്ചായത്താണ് സിപിഐ സീറ്റിനെ സുരക്ഷിതമാക്കിയത്.എന്നാലും 2011നെ അപേക്ഷിച്ച് ഭൂരിപക്ഷം കുറയ്ക്കാനും കഴിഞ്ഞു. എന്‍ഡിഎ ഘടകം ഇവിടെയും ഇടതിനു വിനയായതായി കരുതുന്നുണ്ട്. എന്നിരുന്നാലും ആശ്വാസജയം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് സ്ഥാനാര്‍ഥി.
സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ത്തന്നെ ആളുകള്‍ വിജയം പ്രഖ്യാപിച്ച മണ്ഡലമാണ് തൊടുപുഴ. ഇടതു സ്ഥാനാര്‍ഥിക്കെതിരേയുയര്‍ന്ന പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ചു മുന്നോട്ടുപോയ സിപിഎം ജില്ലാ നേതൃത്വത്തിനേറ്റ ചെകിട്ടിനടിയാണ് പി ജെ ജോസഫിന്റെ തകര്‍പ്പന്‍ ജയം.മികച്ച ഭൂരിപക്ഷം പി ജെ ജോസഫിനെപ്പോലും ഞെട്ടിച്ചതായാണ് വിവരം.
ഇടതു വോട്ടുകള്‍ കൂട്ടത്തോടെ പി ജെ ജോസഫിനു പോയതായാണ് പ്രാഥമിക വിലയിരുത്തല്‍.ഒരു വിഭാഗം നിസ്സംഗതപാലിച്ച് വോട്ടിങില്‍ നിന്നു വിട്ടു നില്‍ക്കുകയും ചെയ്തു. ഇവിടുത്തെ ഇടതു സ്ഥാനാര്‍ഥിയുടെ പരാജയമായിരിക്കും വരും നാളുകളില്‍ ജില്ലയില്‍ ചര്‍ച്ചാവിഷയം.
തൊടുപുഴ പിടിക്കാനിറങ്ങിയ ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് ജയത്തിന്റെ അടുത്തെങ്ങുമെത്താനായില്ല.മാത്രമല്ല രണ്ടാം സ്ഥാനത്തിനു വേണ്ടി ഇടതുമായി മല്‍സരിച്ചു പിന്നിലാവുകയുംചെയ്തു. ബിജെപിയുടെ തട്ടകമെന്നു വിശേഷിപ്പിക്കപ്പെടുന്ന തൊടുപുഴയില്‍ 2011നേക്കാള്‍ 19000 ഓളം വോട്ടുകള്‍ കൂടുതല്‍ നേടിയെന്ന താണ് ഇവിടെ എന്‍ഡിഎയുടെ നേട്ടം.
Next Story

RELATED STORIES

Share it