ഇടതുപക്ഷം ദേശീയരാഷ്ട്രീയത്തില്‍

എന്‍ പി ചെക്കുട്ടി

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം സംബന്ധിച്ച വിലയിരുത്തലും ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷപ്രസ്ഥാനം എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം സംബന്ധിച്ച പഠനവും ഇത്തവണ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നടക്കുമെന്നു പ്രതീക്ഷിക്കേണ്ടതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി വന്‍ വിജയം നേടിയതിന്റെ ലഹരിയില്‍, കഴിഞ്ഞുപോയ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ഇടതുപക്ഷം എവിടെയാണ് എത്തിനില്‍ക്കുന്നത് എന്ന ചര്‍ച്ചയൊന്നും കേരളത്തില്‍ കാര്യമായി നടക്കുകയുണ്ടായില്ല. അധികാരം കിട്ടിയതിന്റെ ആനന്ദലഹരിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടതുപക്ഷത്തിന്റെ കാല്‍ക്കീഴിലെ മണ്ണ് ചോര്‍ന്നുപോവുകയാണെന്ന പൊള്ളുന്ന യാഥാര്‍ഥ്യവും കേരളത്തിലെ സഖാക്കളാരും ഗൗരവമായി പരിഗണിക്കുന്ന വിഷയമായി തോന്നുന്നില്ല.
അതിനാല്‍ എന്താണ് ദേശീയതലത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന സൂചന എന്ന പരിശോധന അനിവാര്യമാണ്. ബംഗാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സംഭവിച്ച തിരിച്ചടി സംബന്ധിച്ച് ഇതിനകം തന്നെ പോളിറ്റ്ബ്യൂറോയിലും ബംഗാള്‍ സംസ്ഥാന കമ്മിറ്റിയിലും ചര്‍ച്ച നടക്കുകയുണ്ടായി. രണ്ടുകൂട്ടരുടെയും വിലയിരുത്തലുകള്‍ പരസ്പരം ഭിന്നമാണ്. ഭിന്നത നിലനില്‍ക്കുന്നു എന്നതു മാത്രമല്ല പ്രശ്‌നം. കേന്ദ്രകമ്മിറ്റിയും പോളിറ്റ്ബ്യൂറോയും അംഗീകരിച്ച രാഷ്ട്രീയ അടവുലൈന്‍ ബംഗാള്‍ ഘടകം കാറ്റില്‍പ്പറത്തി എന്നുതന്നെയാണ് പിബിയുടെ വിലയിരുത്തല്‍. കഴിഞ്ഞ പിബി യോഗത്തിനുശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആ വസ്തുത തുറന്നുപറയുന്നുണ്ട്. കേന്ദ്രനയത്തിന് അനുസൃതമായിരുന്നില്ല ബംഗാളില്‍ കോണ്‍ഗ്രസ്സുമായി യോജിച്ച് തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച തന്ത്രങ്ങള്‍ എന്നാണ് പോളിറ്റ്ബ്യൂറോ പറഞ്ഞത്.
കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചകളും അതുസംബന്ധിച്ചുണ്ടായ കടുത്ത ഭിന്നതകളും സംബന്ധിച്ച ഒരു സൂചന മാത്രമാണ് ഈ പ്രസ്താവനയില്‍ കാണുന്നത്. കാര്യം അതിനേക്കാള്‍ എത്രയോ ഗൗരവമുള്ളതാണ്. വിശാഖപട്ടണത്ത് ചേര്‍ന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ച രാഷ്ട്രീയ അടവുലൈന്‍ ബംഗാള്‍ ഘടകം പൂര്‍ണമായും അവഗണിച്ച് വര്‍ഗശത്രുവായ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പില്‍ കൈകോര്‍ത്തുപിടിച്ചു എന്നാണ് ആരോപണം. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമായ വ്യതിരിക്തതയും ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണനയവിരുദ്ധ സമീപനങ്ങളും അതോടെ അപ്രസക്തമായി. ഇടതുപക്ഷപ്രസ്ഥാനം എന്ന നിലയില്‍ സിപിഎം മുന്നോട്ടുവച്ച അടിസ്ഥാന നയനിലപാടുകളെത്തന്നെയാണ് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനഘടകം തൃണവല്‍ഗണിച്ചത് എന്നതാണു വിഷയം.
അത് അതീവ ഗൗരവമുള്ള വ്യതിയാനം തന്നെയാണ്. അതിനാല്‍ സൂര്യകാന്ത് മിശ്രയും ബുദ്ധദേവ് ഭട്ടാചാര്യയും ബിമന്‍ ബോസും നയിക്കുന്ന ബംഗാള്‍ ഘടകത്തിനെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും അവരുടെ നയവ്യതിയാനത്തെ തള്ളിപ്പറഞ്ഞ് അച്ചടക്ക നടപടി സ്വീകരിക്കണമെന്നും വാദിക്കുന്ന പ്രബലവിഭാഗം പോളിറ്റ്ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലുമുണ്ട്. പ്രകാശ് കാരാട്ടും പാര്‍ട്ടിയിലെ ഏറ്റവും സീനിയര്‍ നേതാവായ എസ് രാമചന്ദ്രന്‍ പിള്ളയും കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നുമുള്ള മറ്റു പ്രമുഖ നേതാക്കളും ഒക്കെ ഈ നിലപാടിനോട് യോജിക്കുന്നവരാണ്.
എന്നാല്‍, ബംഗാള്‍ നേതൃത്വം ഈ വിലയിരുത്തലിനെ തള്ളിക്കളയുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുകയും മൂന്നരപ്പതിറ്റാണ്ടു നീണ്ട ഇടതുഭരണം അവസാനിക്കുകയും ചെയ്ത ശേഷമുള്ള രാഷ്ട്രീയസാഹചര്യങ്ങള്‍ രാജ്യത്തെ മറ്റു പ്രദേശങ്ങളിലെ ഇടതുപക്ഷക്കാര്‍ വേണ്ടവിധം മനസ്സിലാക്കുകയോ ചര്‍ച്ചചെയ്യുകയോ ഉണ്ടായില്ല എന്ന പരാതിയും അവര്‍ക്കിടയില്‍ വ്യാപകമാണ്. എഴുപതുകളില്‍ സിദ്ധാര്‍ഥ് ശങ്കര്‍ റായ് സംസ്ഥാനം ഭരിക്കുന്ന കാലത്ത് കടുത്ത അര്‍ധഫാഷിസ്റ്റ് ഭീകരവാഴ്ചയുടെ നടുവിലൂടെ കടന്നുപോന്നവരാണ് ബംഗാളിലെ സിപിഎമ്മുകാര്‍. ആയിരക്കണക്കിനു സഖാക്കളെയാണ് അന്നത്തെ ഭീകരവാഴ്ചയില്‍ അവര്‍ക്ക് ബലിയായി നല്‍കേണ്ടിവന്നത്. പതിനായിരക്കണക്കിനു കുടുംബങ്ങളെയാണ് അന്ന് ഗ്രാമങ്ങളില്‍നിന്നു തല്ലിയോടിച്ചത്. അതിനെതിരേ ശക്തമായ പ്രതിരോധനിര ഉയര്‍ത്തിയാണ് പാര്‍ട്ടി 1977ല്‍ അധികാരത്തിലേക്കു നടന്നുകയറിയത്.
കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിലെ ഭരണത്തില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. വ്യവസായവല്‍ക്കരണം സംബന്ധിച്ച നയം നടപ്പാക്കിയ വേളയില്‍ വലിയ പിഴവുകളും സംഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വ്യാവസായികാവശ്യത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കല്‍ നയം നടപ്പാക്കിയ സമയത്ത് ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാരിനു വലിയ തെറ്റുകള്‍ പറ്റി. ഗ്രാമീണജനതയുടെ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. നഗരങ്ങളിലെ മധ്യവര്‍ഗവും പാര്‍ട്ടിയെ വിട്ടു. അവരില്‍ ഭൂരിപക്ഷവും തൃണമൂലിന്റെ കൂടെ കൂടി.
പക്ഷേ, തൃണമൂല്‍ ഒരു രാഷ്ട്രീയകക്ഷിയായും ഒരു അര്‍ധഫാഷിസ്റ്റ് ഭീകരപ്രസ്ഥാനമായുമാണ് നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഇന്നു പ്രവര്‍ത്തിക്കുന്നത് എന്ന് സഖാക്കള്‍ പറയുന്നു. കടുത്ത ശാരീരികാക്രമണങ്ങളാണ് പാര്‍ട്ടി നേരിട്ടുകൊണ്ടിരിക്കുന്നത്. സിപിഎം ഭരിക്കുന്ന കാലത്ത് പാര്‍ട്ടിയുടെ ഗുണ്ടാസംഘങ്ങളായി പ്രവര്‍ത്തിച്ച കൂട്ടര്‍ തന്നെയാണ് ഇപ്പോള്‍ തൃണമൂലിന്റെ കൊലയാളിസംഘമായി നാടും നഗരവും കീഴടക്കിയിരിക്കുന്നത്. ഇത് കടുത്ത അരക്ഷിതാവസ്ഥയാണ് ബംഗാളിലെങ്ങും സൃഷ്ടിച്ചിരിക്കുന്നത്.
അതിനെ ചെറുക്കാന്‍ ഇത്രയുംകാലം യാതൊരു സഹായവും ലഭിക്കാത്ത അവസ്ഥയിലായിരുന്നു ബംഗാള്‍ സിപിഎം. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി ഉണ്ടാക്കിയ നീക്കുപോക്ക് പരസ്യസഖ്യത്തിന്റെ അന്തരീക്ഷത്തിലേക്ക് തനിയെ വികസിക്കുകയായിരുന്നു. അത് ബോധപൂര്‍വമായ ഒരു നീക്കത്തിന്റെ ഭാഗമായിരുന്നില്ല എന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ വിശദീകരണം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി സിപിഎം അണികള്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയുണ്ടായി. അതിനുള്ള യഥാര്‍ഥ കാരണം പാര്‍ട്ടിയുടെ കടുത്ത ഒറ്റപ്പെടലും അതില്‍നിന്നു വിമോചനം നേടാനുള്ള കഠിന ശ്രമവുമാണെന്ന് വസ്തുതകള്‍ വിലയിരുത്തുന്ന ആര്‍ക്കും കാണാം.
ഈയൊരു സാഹചര്യമാണ് ബംഗാള്‍ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയുമായും മറ്റു നേതാക്കളുമായും സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ വേദി പങ്കിടുന്ന അവസ്ഥ ഉണ്ടാക്കിയത്. ബഹുജനതലത്തിലെ യാഥാര്‍ഥ്യങ്ങളെ അവഗണിച്ചുകൊണ്ട് ഒരു നേതൃത്വത്തിനും പ്രവര്‍ത്തിക്കാനാവില്ല. സിപിഎം മാത്രമല്ല, കോണ്‍ഗ്രസ്സും ഇത്തരത്തിലുള്ള സഹകരണത്തിന്റെ പുതിയ പാതകള്‍ തേടുന്നുണ്ട്. ദേശീയതലത്തിലും സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട അവര്‍ക്ക് തിരിച്ചുവരവിനു പുതിയ ബന്ധങ്ങളും സഖ്യകക്ഷികളും അനിവാര്യമാണ്.
ഇത്തരത്തിലുള്ള മാറുന്ന സാഹചര്യങ്ങളില്‍ പ്രധാനം ദേശീയതലത്തില്‍ സംഘപരിവാരവും അതിന്റെ രാഷ്ട്രീയപ്രസ്ഥാനമായ ബിജെപിയും നേടിയെടുത്ത വളര്‍ച്ചയാണ്. അവരുടെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ മതേതര സ്വഭാവമുള്ള മറ്റു കക്ഷികളുമായി രാഷ്ട്രീയതലത്തില്‍ സഖ്യം സ്ഥാപിക്കുകയെന്നതു മാത്രമാണ് ഒരേയൊരു പോംവഴി. ഇത്തരം വസ്തുതകളാണ് തങ്ങളുടെ നിലപാടുകള്‍ക്ക് ന്യായീകരണമായി ബംഗാളിലെ സിപിഎം സഖാക്കള്‍ മുന്നോട്ടുവയ്ക്കുന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഈ വസ്തുതയുടെ സങ്കീര്‍ണാവസ്ഥ പാര്‍ട്ടി കേന്ദ്രകമ്മിറ്റി പരിഗണിക്കേണ്ടതാണ് എന്ന നിലപാടുകാരനാണ്. പഴയകാല ചട്ടപ്പടിരാഷ്ട്രീയംകൊണ്ട് ഇന്ന് സിപിഎം എത്തിച്ചേര്‍ന്ന പ്രതിസന്ധികളില്‍നിന്നു വിമോചനം നേടാനാവില്ല.
ബംഗാളില്‍ മാത്രമല്ല ഈ തകര്‍ച്ച. മറ്റെല്ലാ സംസ്ഥാനങ്ങളിലും സ്ഥിതി അതുതന്നെ. തമിഴ്‌നാട്ടില്‍ 25 സീറ്റില്‍ സിപിഎം മല്‍സരിച്ചു. ഒറ്റ സീറ്റില്‍പ്പോലും വിജയിക്കാനായില്ല. ചുരുക്കത്തില്‍ ത്രിപുരയും കേരളവും മാത്രമാണ് പാര്‍ട്ടിക്ക് ഇന്ന് അഭയസ്ഥാനമായി നിലനില്‍ക്കുന്നത്. പക്ഷേ, ഈ രണ്ടു സംസ്ഥാനങ്ങള്‍ മാത്രമായി സിപിഎമ്മിനു ദേശീയതലത്തില്‍ നിലനില്‍ക്കാനാവില്ല. ബംഗാളിലെ തകര്‍ച്ച സിപിഎം എന്ന കക്ഷിയെ ദേശീയതലത്തില്‍ അപ്രസക്തമാക്കുന്നതാണ്. അതിനാല്‍ ബംഗാള്‍ തിരിച്ചുപിടിക്കുക എന്നതു നിര്‍ണായകവും.
Next Story

RELATED STORIES

Share it