Editorial

ഇങ്ങനെ പോയാല്‍ ജനാധിപത്യം രക്ഷപ്പെടുമോ?

അധികാരനിര്‍വഹണത്തിന്റെ ഏറ്റവും ജനകീയവും പുരോഗമനപരവും ആധുനികവുമായ സമ്പ്രദായമെന്ന നിലയില്‍ ജനാധിപത്യം സര്‍വരാലും സ്വാഗതം ചെയ്യപ്പെടുന്നുവെന്നത് തീര്‍ത്തും സ്വാഭാവികമാണ്. പരമ്പരാഗതമായ അധികാര കൈമാറ്റങ്ങള്‍ക്കു പകരം ഭരണത്തിന്റെ നിര്‍വഹണാധികാരം ജനങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നുവെന്നതാണ് ജനാധിപത്യത്തിന്റെ ഏറ്റവും ആകര്‍ഷണീയമായ വശം. എന്നാല്‍, പൂര്‍ണമായ രാഷ്ട്രീയ സാക്ഷരത കൈവരിക്കാത്ത ഒരു രാജ്യത്ത് ജനാധിപത്യം അതിന്റെ സല്‍ഫലങ്ങള്‍ പ്രദാനംചെയ്യുകയില്ലെന്നു മാത്രമല്ല, ജനങ്ങളുടെ ജീവിതാവസ്ഥകളെ അതു ദുരിതപൂര്‍ണമാക്കുകയും ചെയ്യുമെന്നതിന് ഉദാഹരണങ്ങള്‍ തേടി നാം ദൂരെയെങ്ങും സഞ്ചരിക്കേണ്ടതില്ല.
ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന ഖ്യാതി നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ അനുഭവങ്ങള്‍ എപ്പോഴും ശുഭകരമായിരുന്നുവെന്ന് പറയാന്‍ കഴിയില്ല. ജനാധിപത്യത്തിന്റെ പഴുതുകളിലൂടെ തന്നെയാണ് മനുഷ്യത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവും സമഗ്രാധിപത്യ ദുര്‍മോഹങ്ങള്‍ ഉള്‍വഹിക്കുന്നതുമായ ഒരാശയഗതിയുടെ വക്താക്കള്‍ രാജ്യത്ത് അധികാരമേറിയത്.
നമ്മുടെ സംസ്ഥാനം രാഷ്ട്രീയ സാക്ഷരതയില്‍ വളരെ മുമ്പിലാണെന്ന് അഹങ്കരിക്കുന്നവരാണു നാം. ഈ അഹങ്കാരത്തിന് എത്രകണ്ട് അടിസ്ഥാനമുണ്ടെന്നു പരിശോധിക്കാവുന്ന ഏറ്റവും പറ്റിയ സന്ദര്‍ഭമാണിപ്പോള്‍ സംജാതമായിരിക്കുന്നത്. ഭരണകേന്ദ്രങ്ങളുടെ അന്തപ്പുരങ്ങളിലും ഇടനാഴികളിലും സ്വതന്ത്രമായി വിഹരിച്ച ഒരു സ്ത്രീയുടെ ദയാദാക്ഷിണ്യത്തിന് വിധേയമാണിപ്പോള്‍ സംസ്ഥാനത്തിന്റെ ഭാവിരാഷ്ട്രീയമെന്നത് യഥാര്‍ഥത്തില്‍ നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്. കോടതിവിധികളിലെ സാങ്കേതികമായ പ്രശ്‌നങ്ങളുയര്‍ത്തി ഏതുവിധത്തിലും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ വെമ്പല്‍കൊള്ളുന്ന ഭരണപക്ഷവും ഏത് അധാര്‍മിക വഴികളിലൂടെയും ഭരണത്തെ താഴെയിറക്കി അധികാരം പിടിക്കാന്‍ നെട്ടോട്ടമോടുന്ന പ്രതിപക്ഷവും ഒരേതരം അശ്ലീലതയുടെ രണ്ടു വിഭിന്ന മുഖങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നല്ലാതെ മറ്റൊരു ധര്‍മവും നിര്‍വഹിക്കുന്നില്ല. ഈ അധാര്‍മികതയുടെ ഇരുപക്ഷങ്ങളിലുമിരുന്ന് നിസ്സഹായതയുടെ ആര്‍പ്പുവിളികള്‍ ഉയര്‍ത്തുന്നതിന്റെ പേരാണ് ജനാധിപത്യമെന്ന് ജനങ്ങള്‍ വിശ്വസിച്ചതുപോലെയാണ് കാര്യങ്ങള്‍.
ഇവിടെ ഏതു മുന്നണിക്കാണ് ധാര്‍മികവിശുദ്ധിയുടെ പേരില്‍ ജനങ്ങളെ അഭിമുഖീകരിക്കാനാവുക? ജനങ്ങള്‍ കേട്ടു തഴമ്പിച്ച അഴിമതിക്കഥകളില്‍ നായകരായിരുന്നവരാണ് ഇരുപക്ഷത്തും അങ്കംകുറിച്ചുനില്‍ക്കുന്നത്. ഒരുഭാഗത്ത് ലാവ്‌ലിന്‍ മറുഭാഗത്ത് സോളാര്‍ എന്നതു തന്നെ, കൊടികളുടെ നിറം മാറുന്നുവെങ്കിലും താല്‍പര്യസംരക്ഷണത്തില്‍ ഇരുകൂട്ടരും ഒന്നുതന്നെയാണെന്നു വ്യക്തമാക്കുന്നു. ഭരണത്തിന്റെ ദണ്ഡനാധികാരങ്ങള്‍ ജനങ്ങള്‍ക്കെതിരേ പ്രയോഗിക്കുന്നതില്‍ ഇരുപക്ഷത്തിനും ഒരേ മനസ്സാണെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. യുഎപിഎ പ്രയോഗിക്കുന്നതില്‍ കോണ്‍ഗ്രസ് മുന്നണിയോ സിപിഎം മുന്നണിയോ ഒരുതരത്തിലും വ്യത്യസ്തമായിരുന്നില്ല. വസ്തുതകള്‍ ഇതായിരിക്കെ രണ്ടു മുന്നണികള്‍ വച്ചുനീട്ടുന്ന ഔദാര്യമായി നമ്മുടെ രാഷ്ട്രീയ ഭാഗധേയത്തെ നാം വിട്ടുകൊടുക്കണമോ എന്നു ചിന്തിക്കേണ്ട നിര്‍ണായകമായ ഒരു ചരിത്രസന്ദര്‍ഭമാണ് കേരളത്തിലെ ജനങ്ങള്‍ക്കു മുമ്പിലുള്ളത്. ആ സന്ദര്‍ഭത്തെ പാഴാക്കാതിരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ജനങ്ങള്‍ പ്രകടിപ്പിച്ചാല്‍ മാത്രമേ നമ്മുടെ സംസ്ഥാനവും നമ്മുടെ ജനാധിപത്യവും രക്ഷപ്പെടുകയുള്ളൂ.
Next Story

RELATED STORIES

Share it