kozhikode local

ഇക്കുറി വിഷു കരിനിഴലില്‍; വിപണിയില്‍ പൊള്ളുന്ന വില

കോഴിക്കോട്: വെടിക്കെട്ട് ദുരന്തത്തിന്റെ കരിനിഴലില്‍ നിന്നാവും ഇക്കുറി കണികാണുക. ഒഴിവാക്കാനാവാത്ത ചിട്ടകളും അനുഷ്ഠാനങ്ങളും മാത്രമായി വിഷു ആഘോഷം ചടങ്ങായി മാറാനാണ് സാധ്യത. പൊതു വിപണിയില്‍ വില കുതിച്ചുയര്‍ന്നതും കണ്‍സ്യൂമര്‍ ഫെഡിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി വിഷു ചന്ത ഇല്ലാതായതും വിഷു ആഘോഷങ്ങള്‍ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് വിഷു ചന്തകള്‍ ഇല്ലാതായത്. സപ്ലൈകോ ചന്തകളും പേരിലൊതുങ്ങുകയാണ്.
സപ്ലൈകോയിലും മാവേലി സ്‌റ്റോറിലും സബ്‌സിഡി പേരിനു മാത്രമേ ഉള്ളു. അത്യാവശ്യം വേണ്ട പരിപ്പ്, പഞ്ചസാര, ഉഴുന്നുപരിപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോയില്‍ ഇല്ല. വിഷുവിന്റെ വരവറിയിച്ച് ഇക്കുറിയും തമിഴ്‌നാട്ടുകാര്‍ വേണ്ട വിഷുകോടികളുമായി നഗര വിപണിയിലെത്തിയിട്ടുണ്ട്. മാനാഞ്ചിറ, പാവമണി റോഡ്, മിഠായിത്തെരുവ് എന്നിവിടങ്ങളില്‍ ഇന്നലെ തെരുവോര കച്ചവടം സജീവമാണ്. 150 മുതല്‍ 600 രൂപ വരെയുള്ള കുട്ടികളുടെ വസ്ത്രങ്ങളാണ് തെരുവോരകച്ചവടക്കാര്‍ എത്തിച്ചിട്ടുള്ളത്. മാക്‌സി, പാവാട, ബിനിയന്‍ ക്ലോത്തിന്റെ വസ്ത്രങ്ങള്‍ എന്നിവക്കും വില ഏറെയില്ല. വലിയ വസ്ത്രശാലകളിലും ഗൃഹോപകരണ ശൃംഖലയിലെ മുന്‍ നിരകച്ചവടസ്ഥാപനങ്ങളിലും വിഷു ഓഫറുകള്‍ പ്രഖ്യാപിച്ചാണ് കച്ചവടം. ഇത്തരം സ്ഥാനപങ്ങള്‍ ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിച്ചു. വിഷുവിന് വിഷരഹിത പച്ചക്കറി എന്ന സന്ദേശമുയര്‍ത്തി സിപിഎം പച്ചക്കറി കൃഷി സംഘാടക സമിതിയുടെ സ്റ്റാളുകള്‍ പച്ചക്കറി വിപണിയില്‍ ജനത്തിന് ആശ്വാസം പകരുന്നുണ്ട്. ജില്ലയില്‍ 85 വിഷു പച്ചക്കറി ചന്തകള്‍ ഇവരുടേതായി എത്തി. 645.5 ഏക്കറില്‍ വിഷുവിനായി പച്ചക്കറി കൃഷി നടത്തി ഇവര്‍ മാതൃകയാവുന്നു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ചക്കോരത്ത് നടന്ന പച്ചക്കറി ചന്തയില്‍ ഉപഭോക്താക്കളുടെ പ്രവാഹമായിരുന്നു. നഗരത്തിലെ എല്ലാ ഭാഗത്തുനിന്നുമുള്ളവരാണ് പച്ചക്കറി വാങ്ങാന്‍ എത്തിയത്. കുറ്റിക്കാട്ടൂര്‍, മാവൂര്‍ പ്രദേശങ്ങളില്‍ നിന്നുള്ള അഴകുള്ള കണിവെള്ളരിയും ഇന്നലെ വിപണിയില്‍ എത്തി. പകല്‍ സമയത്തെ കനത്ത വെയിലിലും സ്ത്രീകളടക്കമുള്ളവര്‍ നഗരത്തില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയിരുന്നു.
Next Story

RELATED STORIES

Share it