ഇഎഫ്എല്‍ നിയമം: സര്‍ക്കാരിനും ഹരജിക്കാര്‍ക്കും സുപ്രിംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: കേരളത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളു (ഇഎഫ്എല്‍) മായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനും ഹരജിക്കാര്‍ക്കും സുപ്രിംകോടതി നോട്ടീസ്. നാലാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാരും ഹരജിക്കാരായ വന്‍കിട തോട്ടം ഉടമകള്‍ അടക്കമുള്ളവരും വിശദീകരണം നല്‍കണം.
വനഭൂമിയോട് ചേര്‍ന്ന പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായ 45,000 ഹെക്ടര്‍ ഭൂമി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികളിലാണ് ജസ്റ്റിസ് ശിവകീര്‍ത്തി സിങ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. മാര്‍ച്ച് ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 2003ലെ പരിസ്ഥിതി പ്രദേശം നിക്ഷിപ്തമാക്കല്‍ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ മൊത്തമായി പരിഗണിക്കാതെ ഒരോ ഹരജിക്കാരുടെയും പരാതികള്‍ പ്രത്യേകമായി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്. വിഷയം സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് കാര്‍ഡമം പ്ലാന്റേഷന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.
ഏതെങ്കിലും പരാതി ഭരണഘടനാ ബെഞ്ചിന് വിടണമെങ്കില്‍ അതിനു ചില നടപടികമങ്ങളുണ്ടെന്നും അത് ഈ കേസില്‍ പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കേസ് ആദ്യം രണ്ടംഗ ബെഞ്ചിനു മുന്നില്‍ വരട്ടെ. പിന്നീട് വേണമെങ്കില്‍ മൂന്നംഗ ബെഞ്ചിനു വിടാം. അതും കഴിഞ്ഞ് ആവശ്യമെങ്കില്‍ അഞ്ചംഗ ബെഞ്ചിനു വിട്ടാല്‍ മതിയെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, ഏതു ബെഞ്ച് പരിഗണിക്കുമെന്ന വിഷയത്തില്‍ വ്യക്തമായ നിലപാടിലെത്താതിരുന്ന കോടതി, ഹരജിക്കാര്‍ക്ക് ബോധിപ്പിക്കാനുള്ളത് പ്രത്യേകമായി വിശദീകരിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. കാര്‍ഡമം പ്ലാന്റേഷന് വേണ്ടി അഡ്വ. കെ കെ വേണുഗോപാലും സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വ. വിശ്വനാഥനും ഹാജരായി.
Next Story

RELATED STORIES

Share it