ഇഎംഎസിനും നായനാര്‍ക്കും വിജയമൊരുക്കിയ കാസര്‍കോട്

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: കേരളത്തിലെ രണ്ട് മുഖ്യമന്ത്രിമാര്‍ക്ക് വിജയമൊരുക്കിക്കൊടുത്ത ജില്ലയാണ് കാസര്‍കോട്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ സാരഥി ഇഎംഎസ് നമ്പൂതിരിപ്പാടും 1987ല്‍ ഇ കെ നായനാരുമാണ് ജില്ലയില്‍നിന്ന് മുഖ്യമന്ത്രിമാരായത്.
കേരള സംസ്ഥാന രൂപീകരണത്തെ തുടര്‍ന്ന് 1957ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് നീലേശ്വരം ദ്വയാംഗ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭൂരിപക്ഷം നേടിയതോടെ ഇഎംഎസ് മുഖ്യമന്ത്രിയായി. ഇഎംഎസിന് 38,090 വോട്ടും എതിരാളി പിഎസ്പിയിലെ ടി കോരന് 24,202 വോട്ടും ലഭിച്ചു. ഇതേ മണ്ഡലത്തിലെ എസ്‌സി സംവരണ സീറ്റില്‍ കമ്മ്യൂണിസ്റ്റുകാരനായ കല്ലളനാണ് വിജയിച്ചത്. കല്ലളന് 44,754 വോട്ടും എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസ്സിലെ പി അച്ചു തോയന് 19,712 വോട്ടും ലഭിച്ചു. 1960ല്‍ നീലേശ്വരം ദ്വയാംഗയില്‍ കോണ്‍ഗ്രസ്സിലെ സി കുഞ്ഞികൃഷ്ണന്‍ നായരും പിഎസ്പിയിലെ കോരന്‍ വലയ്ക്കാപുരയ്ക്കലും വിജയിച്ചു. 59,613 വോട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ക്കും 59,340 വോട്ട് കോരനും ലഭിച്ചു.
1965ല്‍ സിപിഎമ്മിലെ വി വി കുഞ്ഞമ്പു 30,547 വോട്ടുകള്‍ നേടി വിജയിച്ചു. കോണ്‍ഗ്രസ്സിലെ കെ വി കുഞ്ഞമ്പുവിന് 14,105 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 1967ല്‍ സിപിഎമ്മിലെ പി വി കുഞ്ഞമ്പു കോണ്‍ഗ്രസിലെ ടി വി നമ്പൂതിരിയെ പരാജയപ്പെടുത്തി. 1970ല്‍ പി വി കുഞ്ഞമ്പു വീണ്ടും വിജയിച്ചു. മുസ്‌ലിംലീഗിലെ എ പി അബ്ദുല്ലയാണ് പരാജയപ്പെട്ടത്. 1977ല്‍ ഈ മണ്ഡലം ഇല്ലാതായി. തൃക്കരിപ്പൂര്‍ മണ്ഡലം രൂപീകരിച്ചു. ഹോസ്ദുര്‍ഗ് വിഭജിച്ച് ഉദുമ മണ്ഡലവും രൂപീകരിച്ചു. നീലേശ്വരം ദ്വയാംഗ മണ്ഡലത്തില്‍നിന്നു വിജയിച്ച കല്ലളന്‍ ഏതാനും വര്‍ഷം മുമ്പാണ് മരണപ്പെട്ടത്.
1987ല്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി. ഏറാമല കൃഷ്ണന്‍ നായരെന്ന ഇ കെ നായനാര്‍ കോണ്‍ഗ്രസ്സിലെ കെ കൃഷ്ണന്‍ നായരെ 16,000ല്‍പരം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയെ സംഭാവന ചെയ്ത മണ്ഡലം പിന്നീട് മണ്ഡലം വിഭജനത്തോടെ ഇല്ലാതായി.
ലോക്‌സഭാ പ്രതിപക്ഷ നേതാവായിരുന്ന എ കെ ഗോപാലനെ ജയിപ്പിച്ച പാരമ്പര്യവും കാസര്‍കോടിനുണ്ട്. സോഷ്യലിസ്റ്റുകളായിരുന്ന എന്‍ കെ ബാലകൃഷ്ണന്‍, കെ ചന്ദ്രശേഖരന്‍ തുടങ്ങിയവരും ഈ ജില്ലയില്‍ നിന്ന് ഒന്നിലേറെ തവണ വിജയിച്ച് മന്ത്രിമാരായി.
Next Story

RELATED STORIES

Share it