ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: റെഡ്‌സിന് ബ്ലൂസിന്റെ സമനില ഇഞ്ചുറി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ വമ്പന്‍മാരുടെ പോരാട്ടം നാടകീയ സമനിലയില്‍ കലാശിച്ചു. നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയും മുന്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുള്ള ഗ്ലാമര്‍ പോരാണ് സമനിലയില്‍ പിരിഞ്ഞത്. ചെല്‍സിയുടെ ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു.
പന്തടക്കത്തിലും ആക്രമണത്തിലും ഇരു ടീമും ഒരു പോലെ മികച്ചുനിന്നതോടെ മല്‍സരം ആവേശകരമായിരുന്നു. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമാണ് ചെല്‍സിയെ ഞെട്ടിച്ച് മാഞ്ചസ്റ്റര്‍ ആദ്യം ലക്ഷ്യംകണ്ടത്. 61ാം മിനിറ്റില്‍ ജെസ്സെ ലിങാര്‍ഡിലൂടെയാണ് റെഡ്‌സ് ബ്ലൂസിന്റെ ഗോള്‍വല ചലിപ്പിച്ചത്. നിശ്ചിത സമയം കഴിഞ്ഞപ്പോള്‍ ഒരു ഗോളിന്റെ ലീഡുമായി മാഞ്ചസ്റ്റര്‍ വിജയത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, ഇഞ്ചുറിടൈമിലെ ആദ്യ മിനിറ്റില്‍ ഡിയേഗോ കോസ്റ്റയിലൂടെ ബ്ലൂസ് സ്വന്തം തട്ടകത്തില്‍ സമനില ഗോള്‍ നേടി ആരാധകരെ ആവേശത്തിലാക്കുകയായിരുന്നു.
ഇതോടെ അവസാനം കളിച്ച 12 മല്‍സരങ്ങളും പരാജയമറിയാതെ പൂര്‍ത്തിയാക്കാനും ചെല്‍സിക്ക് സാധിച്ചു. ഇതില്‍ 11 മല്‍സരങ്ങളും പുതിയ പരിശീലകന്‍ ഗസ് ഹിഡിങ്കിന്റെ കീഴിലാണ് ചെല്‍സി കളിച്ചത്. ഹിഡിങ്കിന്റെ കീഴില്‍ കളിച്ച 11 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ വെന്നിക്കൊടി നാട്ടിയ ചെല്‍സി ആറ് മല്‍സരങ്ങളില്‍ സമനില വഴങ്ങുകയായിരുന്നു. 41 പോയിന്റുമായി ലീഗില്‍ മാഞ്ചസ്റ്റര്‍ അഞ്ചാമതും 30 പോയിന്റോടെ ചെല്‍സി 13ാം സ്ഥാനത്തുമാണുള്ളത്.
അതേസമയം, സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യമാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ കിരീട വിജയികളായ യുവന്റസും വിജയത്തോടെ മുന്നേറ്റം നടത്തി. എവേ മല്‍സരത്തില്‍ റയല്‍ 2-1ന് ഗ്രാനഡയെ തോല്‍പ്പിക്കുകയായിരുന്നു. റയലിനു വേണ്ടി കരീം ബെന്‍സെമയും (30ാം മിനിറ്റ്) ലൂക്കാ മോഡ്രിച്ചും (85) ലക്ഷ്യംകണ്ടു. യൂസഫ് എല്‍ അറബിയാണ് (60ാം മിനിറ്റ്) ഗ്രാനഡയുടെ ഗോള്‍ തിരിച്ചടിച്ചത്.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ബെറ്റിസ് 1-0ന് വലന്‍സിയയെ തോല്‍പ്പിച്ചപ്പോള്‍ സെല്‍റ്റാവിഗോ-സെവിയ്യ മല്‍സരം 1-1ന് പിരിയുകയായിരുന്നു. ഗ്രാനഡയ്‌ക്കെതിരായ ജയത്തോടെ ലീഗില്‍ ഒന്നാമതുള്ള ബാഴ്‌സലോണയുമായുള്ള പോയിന്റ് അകലം നാലാക്കി കുറയ്ക്കാനും മൂന്നാമതുള്ള റയലിന് സാധിച്ചു. റയലിനേക്കാള്‍ ഒരു പോയിന്റ് അധികമുള്ള അത്‌ലറ്റികോ മാഡ്രിഡാണ് രണ്ടാമത്.
ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫിയൊറെന്റീനയെ തകര്‍ക്കുകയായിരുന്നു. യുവന്റസിനു വേണ്ടി യുവാന്‍ കഡ്രാഡോയും (73ാം മിനിറ്റ്) പൗലോ ദ്വബാലയും (90) സ്‌കോര്‍ ചെയ്തു. ജയത്തോടെ ഒന്നാമതുള്ള നാപ്പോളിയുമായുള്ള പോയിന്റ് അകലം രണ്ടാക്കി കുറയ്ക്കാനും രണ്ടാം സ്ഥാനക്കാരായ യുവന്റസിന് സാധിച്ചു.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ എഎസ് റോമ 2-1ന് സംഡോറിയയെയും ചീവോ 2-1ന് ടൊറീനോയെയും നാപ്പോളി 1-0ന് കാര്‍പിയെയും തോല്‍പ്പിച്ചപ്പോള്‍ ശക്തരായ എസി മിലാനെ ഉഡിനെസ് 1-1ന് സമനിലയില്‍ പിടിച്ചുകെട്ടുകയായിരുന്നു.
എന്നാല്‍, ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജി കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന 25ാം റൗണ്ട് മല്‍സരത്തില്‍ പിഎസ്ജി 2-1ന് മാഴ്‌സല്ലെയെയാണ് തോല്‍പ്പിച്ചത്.
സൂപ്പര്‍ താരങ്ങളായ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചും (രണ്ടാം മിനിറ്റ്) എയ്ഞ്ചല്‍ ഡിമരിയയുമാണ് (71) പിഎസ്ജിക്കു വേണ്ടി നിറയൊഴിച്ചത്. ജയത്തോടെ രണ്ടാം സ്ഥാനക്കാരായ മൊണാക്കോയ്ക്കു മേല്‍ 24 പോയിന്റിന്റെ ആധികാരിക ലീഡ് നേടാന്‍ ലീഗില്‍ തലപ്പത്തുള്ള പിഎസ്ജിക്കായി.
Next Story

RELATED STORIES

Share it