Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലെസ്റ്ററിന് സമനില; സിറ്റിക്കും ലിവര്‍പൂളിനും ഷോക്ക്

ലണ്ടന്‍: ചരിത്ര കിരീടത്തിലേക്ക് ഒരു വിജയമെന്ന മോഹവുമായിറങ്ങിയ ലെസ്റ്റര്‍ സിറ്റി സമനില കൊണ്ട് തൃപ്തിപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് 1-1ന് ലെസ്റ്ററിനെ പിടിച്ചുക്കെട്ടിയത്.
എന്നാല്‍, മുന്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. സിറ്റിയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് സതാംപ്റ്റനും ലിവര്‍പൂളിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് സ്വാന്‍സിയുമാണ് അട്ടിമറിച്ചത്.
എട്ടാം മിനിറ്റില്‍ ആന്റണി മാര്‍ട്ടിയലിലൂടെ ഹോംഗ്രൗണ്ടില്‍ മാഞ്ചസ്റ്ററാണ് ആദ്യം ലക്ഷ്യംകണ്ടത്. 17ാം മിനിറ്റില്‍ വെസ് മോര്‍ഗനിലൂടെ തിരിച്ചടിച്ച ലെസ്റ്റര്‍ മല്‍സരത്തിലെ വിലപ്പെട്ട ഒരു പോയിന്റ് തങ്ങളുടെ അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 36 മല്‍സരങ്ങളില്‍ നിന്ന് 77 പോയിന്റുമായാണ് ലെസ്റ്റര്‍ ലീഗില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്. ഒരു മല്‍സരം കുറച്ചു കളിച്ച ടോട്ടനം ഹോട്‌സ്പര്‍ 69 പോയിന്റുമായി രണ്ടാംസ്ഥാനത്തുണ്ട്.
അതേസമയം, സതാംപ്റ്റനോടേറ്റ തോല്‍വിയോടെ ലീഗിലെ നാലാം സ്ഥാനം ഭദ്രമാക്കാനുള്ള അവസരമാണ് സിറ്റി നഷ്ടപ്പെടുത്തിയത്. സതാംപ്റ്റനു വേണ്ടി സാഡിയോ മാനെ ഹാട്രിക്കുമായി തിളങ്ങി. ഷെയ്ന്‍ ലോങാണ് സതാംപ്റ്റന്റെ മറ്റൊരു സ്‌കോറര്‍. സിറ്റിയുടെ രണ്ട് ഗോളും കെലചി ഇഹാനാചോയുടെ വകയായിരുന്നു.
ലിവര്‍പൂളിനെതിരേ ഇരട്ട ഗോള്‍ നേടിയ ആന്ദ്രെ അയേവാണ് സ്വാന്‍സിയുടെ വിജയശില്‍പ്പി. ജാക് കോര്‍ക്കാണ് സ്വാന്‍സിയുടെ മറ്റൊരു സ്‌കോറര്‍. ലിവര്‍പൂളിന്റെ ആശ്വാസ ഗോള്‍ ക്രിസ്റ്റിയാന്‍ ബെന്റേക്കാണ് നേടിയത്.
Next Story

RELATED STORIES

Share it