ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ടോട്ടനം-ആഴ്‌സനല്‍ ഒപ്പത്തിനൊപ്പം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ഗ്ലാമര്‍ പോര് സമനിലയില്‍. ലീഗിലെ ഒന്നാംസ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ ടോട്ടനം ഹോട്‌സ്പറിനെ മുന്‍ ചാംപ്യന്‍മാരും പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരുമായ ആഴ്‌സനല്‍ സമനിലയില്‍ തളയ്ക്കുകയായിരുന്നു. ടോട്ടനമിന്റെ ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ഇരു ടീമും രണ്ട് ഗോള്‍ വീതം നേടിയാണ് പോയിന്റ് പങ്കിട്ടത്.
മികച്ച പ്രകടനം നടത്തിയ ടോട്ടനമിനെതിരേ 10 പേരുമായി പൊരുതിയാണ് ആഴ്‌സനല്‍ സമനില പിടിച്ചുവാങ്ങിയത്. സമനില വഴങ്ങിയതോടെ ഒന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരവും ടോട്ടനമിന് നഷ്ടമായി. 28 മല്‍സരങ്ങളില്‍ നിന്ന് 57 പോയിന്റോടെ ലെസ്റ്റര്‍ സിറ്റിയാണ് ലീഗില്‍ തലപ്പത്ത്. ലെസ്റ്ററിനേക്കാള്‍ ഒരു മല്‍സരം കൂടുതല്‍ കളിച്ച ടോട്ടനം രണ്ട് പോയിന്റ് പിറകിലായി രണ്ടാമതാണ്. 52 പോയിന്റുമായാണ് ആഴ്‌സനല്‍ മൂന്നാം സ്ഥാനത്ത് തുടരുന്നത്.
39ാം മിനിറ്റില്‍ ആരണ്‍ റെംസിയിലൂടെ ഗണ്ണേഴ്‌സാണ് മല്‍സരത്തില്‍ മുന്നിലെത്തിയത്. എന്നാല്‍, ടോബി അല്‍ഡര്‍വെയറര്‍ഡ് (60ാം മിനിറ്റ്), ഹാരി കെയ്ന്‍ (62) എന്നിവരിലൂടെ സ്വന്തം തട്ടകത്തില്‍ ടോട്ടനം ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.
കളി ടോട്ടനമിന്റെ വരുതിയിലേക്ക് പോവുമെന്ന ഘട്ടത്തിലാണ് 76ാം മിനിറ്റില്‍ അലെക്‌സിസ് സാഞ്ചസിലൂടെ ആഴ്‌സനല്‍ തിരിച്ചടിക്കുകയായിരുന്നു. 55ാം മിനിറ്റില്‍ ആഴ്‌സനല്‍ താരം ഫ്രാന്‍സിസ് കോക്വിലിനാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയത്. മല്‍സരത്തില്‍ പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും ടോട്ടനമിനായിരുന്നു മുന്‍തൂക്കം.
Next Story

RELATED STORIES

Share it