kannur local

ഇംഗ്ലീഷ് പേപ്പറിന്റെ കൗണ്ടര്‍ ഫോയില്‍ കാണാതായ സംഭവം: കണ്ണൂര്‍ സര്‍വകലാശാല രണ്ടാംവര്‍ഷ ബിരുദ പരീക്ഷാഫലം വൈകും

കണ്ണൂര്‍: സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷയുടെ ഉത്തരക്കടലാസ് കൗണ്ടര്‍ ഫോയിലുകള്‍ കാണാതായ സംഭവത്തില്‍ ബലിയാടാവുന്നത് വിദ്യാര്‍ഥികള്‍. വിദൂരവിദ്യാഭ്യാസ വിഭാഗം വഴി പഠനം നടത്തുന്ന രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് രണ്ടാംപേപ്പറിന്റെ ഉത്തരക്കടലാസിന്റെ കൗണ്ടര്‍ഫോയിലാണ് നഷ്ടമായിരിക്കുന്നത്.
2100 വിദ്യാര്‍ഥികളാണ് രണ്ടാംവര്‍ഷത്തിന് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ മൂല്യനിര്‍ണയം കഴിഞ്ഞ പേപ്പര്‍ ആരുടെതാണെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് സര്‍വകലാശാല. മറ്റുവിഷയത്തിലെ ഉത്തരപേപ്പറിലെ കൈയക്ഷരം നോക്കി വിദ്യാര്‍ഥികളെ കണ്ടുപിടിക്കുമെന്നാണ് അധികൃതര്‍ വിശദീകരണം നല്‍കുന്നത്. അതേ സമയം, കൗണ്ടര്‍ഫോയില്‍ കാണാതായ സംഭവം സങ്കീര്‍ണമായ നിയമനടപടികള്‍ക്കും വഴിവച്ചേക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. 2100വിദ്യാര്‍ഥികളിലാരെങ്കിലും തനിക്ക് കിട്ടിയ മാര്‍ക്ക് കുറഞ്ഞുപോയെന്ന് കാണിച്ച് റീവാല്യുഷേന് നല്‍കിയാല്‍ സര്‍വകലാശാല കുഴയും.
പുനര്‍മൂല്യനിര്‍ണയം നടത്തുന്നില്ലെന്നാരോപിച്ച് വിദ്യാര്‍ഥികളിലാരെങ്കിലും കോടതിയെ സമീപിച്ചാല്‍ അതും പ്രതികൂലമായി ബാധിക്കുക വിദ്യാര്‍ഥികളെയായിരിക്കും. കൗണ്ടര്‍ഫോയില്‍ എലികരണ്ടുവെന്നാണ് സര്‍വകലാശാല ഉദ്യോഗസ്ഥര്‍ ലാഘവത്തോടെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന മറുപടി. ഇതിനിടെ വിദ്യാര്‍ഥികളെ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ട് സര്‍വകലാശാല ആസ്ഥാനത്ത് വളിച്ചുവരത്തി ഉത്തരപേപ്പര്‍ ഒത്തുനോക്കി ഉറപ്പിക്കാനുള്ള പരിഹാസ്യമായ നടപടിയും ചിലര്‍ സ്വീകരിച്ചിട്ടുണ്ട്. പരീക്ഷയുടെ രഹസ്യസ്വഭാവം പോലും കാറ്റില്‍ പറത്തുകയാണ് ഇത്തരം സര്‍വകലാശാല ഉദ്യോഗസ്ഥരെന്നാ
ണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.
കൗണ്ടര്‍ഫോയില്‍ കാണാതായ സംഭവത്തില്‍ ബാബു ചാത്തോത്ത്, പ്രഫ. മുഹമ്മദലി, പരീക്ഷാ വിഭാഗം ഉപസമിതി കണ്‍വീനര്‍ ഡോ. രാജീവ് കുമാര്‍ എന്നിവരെ അംഗങ്ങളാക്കി അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. ഇവരുടെ പ്രാഥമിക റിപോര്‍ട്ട് വിസിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷിക്കണം: കെഎസ്‌യു
കണ്ണൂര്‍: വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ രണ്ടാംവര്‍ഷ ഇംഗ്ലീഷ് പേപ്പര്‍ ഉത്തരക്കടലാസിന്റെ കൗണ്ടര്‍ഫോയില്‍ കാണാതായ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് കെഎസ്‌യു ജില്ലാഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സിന്‍ഡിക്കേറ്റ് സമിതിയുടെ അന്വേഷണം തൃപ്തികരമല്ല. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടികളാണ് സര്‍വകലാശാല സ്വീകരിക്കുന്നത്. പരീക്ഷാ വിഭാഗത്തിലെ ജീവനക്കാര്‍ക്കെതിരേ ഗുഢാലോചന കുറ്റം ചുമത്തണമെന്നും സംഭവത്തില്‍ എസ്എഫ്‌ഐയുടെ മൗനം ദുരൂഹമാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. ഉത്തരക്കടലാസ് കാണാതായതാണോ മോഷണം പോയതാണോ എന്നുപോലും ഉറപ്പുവരുത്തിയിട്ടില്ല. പരീക്ഷയുടെ മൊത്തം ഉത്തരവാദിത്വത്തമുള്ള പരീക്ഷാ കണ്‍ട്രോളറെ തദ്സ്ഥാനാത്ത് നിന്ന് നീക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, റോബര്‍ട്ട് വെള്ളാംവള്ളി, വി പി അബ്ദുര്‍ റഷീദ്, വി രാഹുല്‍, പി വി അമേഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it