ഇംഗ്ലണ്ടിനെ പാകിസ്താന്‍ എറിഞ്ഞു വീഴ്ത്തി

ദുബയ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന് 178 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ പാകിസ്താന്‍ 1-0ന് മുന്നിലെത്തി. പരമ്പരയിലെ അവസാന ടെസ്റ്റ് അടുത്ത മാസം ഒന്നിന് ഷാര്‍ജയില്‍ അരങ്ങേറും.
ചെറുത്ത് നില്‍പ്പ് നടത്തിയ ആദില്‍ റാഷിദിനെ (61) സുല്‍ഫീക്കര്‍ ബാബറിന്റെ കൈകളിലെത്തിച്ച് യാസിര്‍ ഷായാണ് പാകിസ്താന് വിജയം നേടിക്കൊടുത്തത്. അവസാന ദിനമായ ഇന്നലെ സ്റ്റംപെടുക്കാന്‍ 6.3 ഓവര്‍ മാത്രം ബാക്കിനില്‍ക്കേയാണ് യാസിര്‍ റാഷിദിനെ വീഴ്ത്തിയത്. 172 പന്തില്‍ ഏഴ് ബൗണ്ടറിയുള്‍പ്പെടുന്നതാണ് റാഷിദിന്റെ വിഫലമായ ഇന്നിങ്‌സ്.
നാല് മണിക്കൂറോളം ക്രീസില്‍ ചെലവഴിച്ചാണ് റാഷിദ് ദേശീയ ടീമിനു വേണ്ടി കന്നി അര്‍ധസെഞ്ച്വറി കണ്ടെത്തിയത്. 71 റണ്‍സെടുത്ത ജോ റൂട്ടാണ് രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. സ്‌കോര്‍: പാകിസ്താന്‍ 378, 354/6 ഡിക്ലയേര്‍ഡ്. ഇംഗ്ലണ്ട് 242, 312.
491 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് അഞ്ചാം ദിനം കളി ആരംഭിക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 130 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍, ഓരോ ഇടവേളകളിലും വിക്കറ്റ് വീഴ്ത്തി പാകിസ്താന്‍ മല്‍സരം കൈക്കലാക്കി.
രണ്ടാമിന്നിങ്‌സില്‍ യാസിര്‍ നാലും സുല്‍ഫീക്കര്‍ മൂന്നും ഇമ്രാന്‍ ഖാന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. വഹാബ് റിയാസിന് ഒരു വിക്കറ്റ് ലഭിച്ചു. പാകിസ്താന്‍ താരം റിയാസാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it