malappuram local

ആ രാവ് ഇന്നാണ്

രാവുകള്‍ പലതും കേട്ടിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. പലതിനും അപ്പം ചുട്ട് കാത്തിരുന്നിട്ടുമുണ്ട്. എന്നാല്‍, ഈ രാവിന്റെ വരവ് അഞ്ചു കൊല്ലത്തില്‍ ഒരിക്കലാണു. ഇതിന് അപ്പം ചുട്ടൊന്നും കാത്തിരിക്കേണ്ട, അപ്പം ചുടാനുള്ള പണമെങ്കിലും നിങ്ങളുടെ കൈകളിലെത്തും. ആ രാവ് ഇതാ വന്നെത്തിയിരിക്കുന്നു. വോട്ട് രാവ്. ജനാധിപത്യത്തിന്റെ പരമപ്രധാനമായ സമ്മതിദാനവകാശം രേഖപ്പെടുത്താനുള്ള സമയം തുടങ്ങുന്നതിന്റെ തലേ ദിവസത്തിന്റെ രാത്രിയെയാണു വോട്ടുരാവ് എന്നു വിളിക്കുന്നതത്രെ. അങ്ങനെയെങ്കില്‍ ഇക്കൊല്ലത്തെ രാവ് ഇന്നു സൂര്യന്‍ പടിഞ്ഞാറില്‍ അസ്്്തമിക്കുന്നതോടെ സമാഗതമാവും. ഈ രാവില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഉറങ്ങാന്‍ കിടക്കുമ്പോള്‍ കൈ ജനലിന് പുറത്തേക്കിട്ട് കിടന്നാല്‍ മതി, അപ്പം ചുടാനല്ല ചിലപ്പോള്‍ ബിരിയാണിവയ്ക്കാനുള്ള പണം തന്നെ കൈകളിലെത്തും. പഞ്ചായത്ത് തിരഞ്ഞെടുപ്പല്ലേ, ഓരോ വോട്ടും വിലപ്പെട്ടതായതിനാല്‍ അതിന്റെ മൂല്യം നോക്കിതന്നെ കൈമടക്ക് ലഭിച്ചേക്കാം. ഉറച്ച വോട്ടാണെങ്കില്‍ വോട്ടുരാവില്‍ നിങ്ങള്‍ക്ക് ഒരു വിലയും ലഭിക്കില്ല. അതിന് ഇളകി ആടി നില്‍ക്കുന്ന വോട്ടാണെന്ന് സ്ഥാനാര്‍ഥികളെയും മുന്നണികളെയും തെറ്റിധരിപ്പിക്കണം. എങ്കിലെ കൈമടക്കിന് കട്ടികൂടൂ. ചില്ലറ എടങ്ങേറൊന്നുമല്ല ഈ രാവില്‍ വോട്ടര്‍മാരെ സന്തോഷിപ്പിക്കാന്‍. പാത്തും പതുങ്ങിയും വേണം കൈമടക്കിന് മറിയുന്ന വോട്ടറെ നേരില്‍ കാണാനെത്താന്‍. അതിന് മറ്റേ പഹയന്‍മാര്‍ സമ്മതിക്ക്വോ... ഒളിഞ്ഞും തെളിഞ്ഞും പൊന്തക്കാടിലും തോട്ടിലുമായി വോട്ടുരാവിനെത്തുന്നവരെ പിടികൂടാനായി കാത്തു നില്‍ക്കും. വാര്‍ഡില്‍ കോളനികളുണ്ടെങ്കില്‍ വോട്ടുരാവില്‍ മറിച്ചിടാമെന്നാണ് വയ്പ്പ്. ഈ രാവിലെ രാജാക്കന്‍മാരും ഇവര്‍ തന്നെയാണ്. രാവ് തുടങ്ങുന്നതോടെ തന്നെ ഇവിടെ നിരീക്ഷകര്‍ റോന്തുചുറ്റി തുടങ്ങും വോട്ടുമറിക്കനെത്തുന്നവരെ പിടികൂടാന്‍. അതിനായി പ്രത്യേക സംഘത്തെതന്നെ നിയോഗിച്ചു കഴിഞ്ഞിട്ടുണ്ട്. കറുത്ത വേഷധാരികളാണ് ഈ രാവിലെത്തുകയത്രേ. നഇരുട്ടിന്റെ മറവില്‍ ഒളിഞ്ഞു നിന്നു കാര്യം സാധിക്കണമെങ്കില്‍ വെളുപ്പ് പാടില്ലല്ലോ. കറുത്ത വേഷം ധരിച്ച ആര് വാര്‍ഡിലൂടെ കറങ്ങുന്നതു കാണ്ടാലും അവര്‍ ഇന്ന് നിരീക്ഷണത്തില്‍ തന്നെയാവും. വോട്ടുരാവില്‍ വോട്ടര്‍മാര്‍ മാത്രമല്ല, വോട്ട് തേടി ഇറങ്ങിയ അണികള്‍ക്കും ഇന്ന് ഗംഭീര രാവ് തന്നെയാണ്. ജനവിധി തേടിയിറങ്ങിയ പരിവാരങ്ങള്‍െക്കല്ലാം ക്ഷീണം മാറ്റുന്നതിന് ഇന്ന് ഉഗ്രന്‍ സല്‍ക്കാരം തന്നെ ഒരുങ്ങും. അതിനുള്ള ചെമ്പ് അടുപ്പില്‍ വയ്്ക്കാനായി പ്രചാരണ കമ്മിറ്റി ഓഫിസുകള്‍ക്കു പിന്നില്‍ റെഡിയാണ്. വോട്ട് പെട്ടിയിലായാല്‍ ഈ സല്‍ക്കാരവും ചിരിയൊന്നും കിട്ടൂല സാഹിബേ, കിട്ടുന്നതു വാങ്ങിക്കോളീം, കിട്ടിയതു വരവും വച്ചോളീം, ഇനി അഞ്ചു കൊല്ലം കഴിയും ഈ സന്തോഷ രാവ് വന്നെത്താന്‍.
Next Story

RELATED STORIES

Share it