ആസ്‌ത്രേലിയന്‍ ഓപണിന് ഇന്ന് തുടക്കം

മെല്‍ബണ്‍: ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ്സ്ലാമായ ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാവും. ആസ്‌ത്രേലിയയിലെ മെല്‍ബണ്‍ പാര്‍ക്കിലാണ് പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. ഇന്ന് മുതല്‍ ഈ മാസം 31 വരെയാണ് പോരാട്ടങ്ങള്‍ നടക്കുന്നത്.
നിലവില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോകോവിച്ചാണ് പുരുഷ വിഭാഗം സിംഗിള്‍സിലെ ചാംപ്യന്‍. വനിതകളില്‍ അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസാണ് നിലവില്‍ സിംഗിള്‍സ് വിഭാഗത്തിലെ ജേതാവ്. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യമാണ് ജേതാക്കള്‍. ഇത്തവണ വന്‍ പ്രതീക്ഷയുമായാണ് ഇന്ത്യന്‍ താരങ്ങള്‍ ടൂര്‍ണമെന്റിനെത്തിയിരിക്കുന്നത്.
പേസ് സഖ്യത്തിനു പുറമേ ലോക റെക്കോഡ് നേട്ടവുമായി അപരാജിത കുതിപ്പ് നടത്തുന്ന വനിത ഡബിള്‍സിലെ ലോക ഒന്നാം നമ്പര്‍ ജോടികളായ സാനിയ മിര്‍സ-ഹിംഗിസ് സഖ്യവും വന്‍ പ്രതീക്ഷയിലാണ്. കിരീട കൊയ്ത്ത് തുടര്‍ കഥയാക്കിയ സാനിയ-ഹിംഗിസ് സഖ്യം തുടര്‍ച്ചയായ 30 ജയങ്ങള്‍ സ്വന്തമാക്കി റെക്കോഡിട്ടതിനു ശേഷമാണ് ആസ്‌ത്രേലിയന്‍ ഓപണിനെത്തിയിരിക്കുന്നത്.
സിംഗിള്‍സില്‍ യൂകി ഭാംബ്രി മാത്രമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഭാംബ്രിയുടെ ആദ്യ മല്‍സരം ഇന്ന് ചെക്ക് റിപബ്ലിക്കിന്റെ ആറാം സീഡായ തോമസ് ബെര്‍ഡിച്ചിനെതിരേയാണ്. ഇവര്‍ക്കു പുറമേ മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും വ്യത്യസ്ഥ ജോടികളുമായി ടൂര്‍ണമെന്റിനെത്തിയിട്ടുണ്ട്.
ഇന്ന് നിരവധി പ്രമുഖര്‍ കോര്‍ട്ടിലിറങ്ങുന്നുണ്ട്. ജോകോവിച്ച് ദക്ഷിണ കൊറിയയുടെ ചുങ് യിഹോനെയും റോജര്‍ ഫെഡറര്‍ നികോളസ് ബസിലാസ് വിലിയെയും സെറീന കാമില ജിയോര്‍ജിയെയും നേരിടും.
Next Story

RELATED STORIES

Share it