ആസ്‌ത്രേലിയന്‍ അഭയാര്‍ഥി ക്യാംപില്‍ 19കാരിയുടെ ആത്മഹത്യാശ്രമം

കാന്‍ബറ: പസഫിക് ദ്വീപായ നൗറുവിലെ ആസ്‌ത്രേലിയന്‍ അഭയാര്‍ഥി തടവു ക്യാംപില്‍ സോമാലിയയില്‍ നിന്നുള്ള 19കാരി തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് ആസ്‌ത്രേലിയന്‍ അധികൃതര്‍ അറിയിച്ചു.
ഏതാനും ദിവസം മുമ്പ് ഇറാന്‍ സ്വദേശി ഒമിദ്(23) ക്യാംപില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ഒരാഴ്ചയ്ക്കിടെ സമാനമായ സംഭവം ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് ആസ്‌ത്രേലിയക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു.
ക്യാംപുകളില്‍ ഇത്തരത്തില്‍ സ്വയം നശിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ വ്യാപകമായെന്ന് സമ്മതിക്കുന്നതായി ആസ്‌ത്രേലിയന്‍ കുടിയേറ്റ മന്ത്രി പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു. തടവു ക്യാംപുകളിലെ സാഹചര്യങ്ങളും നിയമ നടപടികളും അഭയാര്‍ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നതായി ആസ്‌ത്രേലിയയിലെ യുഎന്‍ ഹൈ കമ്മീഷണര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ആസ്‌ത്രേലിയയിലെ കുടിയേറ്റ നയമനുസരിച്ചാണ് അഭയാര്‍ഥികളായി എത്തുന്നവരെ നൗറുവിലെയും പാപ്പുവ ന്യൂഗിനിയയിലെയും തടവു കേന്ദ്രങ്ങളിലേക്കയക്കുന്നത്.
ക്യാംപുകളിലെ ദുരിതപൂര്‍ണമായ സാഹചര്യങ്ങളും അഭയാര്‍ഥികളായ കുട്ടികള്‍ക്കു നേര്‍ക്ക് അധികൃതര്‍ നടത്തുന്ന പീഡനങ്ങളും കാരണം ആസ്‌ത്രേലിയന്‍ സര്‍ക്കാരിനെതിരേ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it