Districts

ആസിഡ് ആക്രമണം: പ്രതിയെക്കുറിച്ച് സൂചന

ചേര്‍ത്തല: യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ പ്രതി ഏറ്റുമാനൂര്‍ സ്വദേശി രഞ്ജിത്താണെന്നു സൂചന. സംഭവസ്ഥലത്തുനിന്നു പോലിസിന് ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയേക്കുറിച്ചു സൂചന ലഭിച്ചത്.
ബുധനാഴ്ച വൈകീട്ട് സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന എറണാകുളം നേവല്‍ബേസ് ഉദ്യോഗസ്ഥയായ ശാരിമോളുടെ ദേഹത്താണ് ബൈക്കിലെത്തിയ യുവാക്കള്‍ ആസിഡ് ഒഴിച്ചത്. ചേര്‍ത്തല പള്ളിപ്പുറം പുളിക്കിയില്‍ പരേതരായ ഷണ്‍മുഖന്റെയും സുധര്‍മ്മയുടെയും മകളായ ശാരിമോള്‍(24) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ശാരി ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
പ്രതിയുടെ വീട്ടിലും പരിസരത്തും ഇന്നലെ പോലിസ് പരിശോധന നടത്തി. ബുധനാഴ്ച മുതല്‍ ഇയാള്‍ സ്ഥലത്തില്ലെന്നാണു വിവരം. കൂട്ടുപ്രതിയെ പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല.
പ്രതികളേക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍, പ്രേമാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിനു കാരണമെന്നു പറയപ്പെടുന്നു.
മാതാപിതാക്കളുടെ മരണശേഷം ശാരി മുത്തശ്ശിയുടെ കൂടെ താമസം. ഏതാനും മാസം മുമ്പ് മുത്തശ്ശി മരണപ്പെട്ടതോടെ ചേര്‍ത്തല നഗരസഭ 22ാം വാര്‍ഡ് നമ്മിണിപറമ്പില്‍ താമസിക്കുന്ന മാതൃസഹോദരിയുടെ കൂടെയായിരുന്നു താമസിച്ചുവന്നത്. നേവല്‍ബേസില്‍ നിന്ന് ജോലി കഴിഞ്ഞ് ബസ്സില്‍ ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിലിറങ്ങി അവിടെ നിന്ന് സ്‌കൂട്ടര്‍ എടുത്താണ് ശാരി സ്ഥിരമായി വീട്ടിലേക്കു വന്നിരുന്നത്. ഇതെല്ലാം കൃത്യമായി നിരീക്ഷിച്ചായിരിക്കും പ്രതി കൃത്യനിര്‍വഹണത്തിനുള്ള സമയവും സ്ഥലവും കണ്ടെത്തിയിെതന്ന് പോലിസ് പറയുന്നു. കേസ് അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു. പ്രതികള്‍ ഉടന്‍ തന്നെ പിടിയിലാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചേര്‍ത്തല സിഐ വി എസ് നവാസ് പറയുന്നു. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മധു ഇന്നലെ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it