ആശ്രിത നിയമനം: വാര്‍ഷിക വരുമാനം 6 ലക്ഷമാക്കി

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ആശ്രിത നിയമന പദ്ധതി പ്രകാരമുള്ള നിയമനത്തിന് അപേക്ഷിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി 4.5 ലക്ഷം രൂപയില്‍ നിന്ന് 6 ലക്ഷം രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കൊച്ചി ബ്രഹ്മപുരത്തും പരിസരപ്രദേശങ്ങളിലും ഖരമാലിന്യ സംസ്‌കരണത്തോടൊപ്പം മാലിന്യത്തില്‍ നിന്നു വൈദ്യുതോര്‍ജം ഉല്‍പാദിപ്പിക്കുന്ന തെര്‍മല്‍ പദ്ധതിക്ക് അനുമതി നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.
ജിഎല്‍ നേച്ചര്‍ കെയര്‍ കണ്‍സോര്‍ഷ്യം എന്ന കമ്പനിയാണ് ഇതു സംബന്ധിച്ച ബിഡ് സമര്‍പ്പിച്ചത്. പദ്ധതി നടപ്പിലാക്കുമ്പോഴുണ്ടാവുന്ന 6.34 കോടി രൂപയുടെ വാര്‍ഷിക അധികബാധ്യത തല്‍ക്കാലം ശുചിത്വമിഷന്റെ ഫണ്ടില്‍ നിന്നനുവദിക്കും. കൊച്ചി കോര്‍പറേഷന് സമീപമുള്ള മുനിസിപ്പാലിറ്റികളില്‍ നിന്നും മാലിന്യങ്ങള്‍ നിര്‍ദ്ദിഷ്ട ബ്രഹ്മപുരം പ്ലാന്റില്‍ എത്തിച്ചു കൊടുക്കുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായി മുനിസിപ്പാലിറ്റികള്‍ക്ക് അനുമതി നല്‍കും. ആരോഗ്യത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കാത്ത തരത്തില്‍ വൈദ്യുതോര്‍ജം ഉല്‍പാദിപ്പിക്കുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് അസഹിഷ്ണുതയും വിഭാഗീയതയും വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ 2016 സൗഹൃദ വര്‍ഷമായി ആചരിക്കാനും തീരുമാനിച്ചു. വിദ്യാഭ്യാസം, സാംസ്‌കാരികം, ടൂറിസം, പിആര്‍ഡി, നോര്‍ക്ക എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുക. മന്ത്രി കെ സി ജോസഫ്, പി കെ അബ്ദുറബ്ബ്, എ പി അനില്‍കുമാര്‍, എം കെ മുനീര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി പദ്ധതിക്ക് മേല്‍നോട്ടം നല്‍കും. എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ 154 അധ്യാപക-അനധ്യാപക തസ്തികകള്‍ക്ക് അനുമതി നല്‍കി. മറ്റു സര്‍വകലാശാലകളില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലും പിഎസ്‌സി വഴി നേരിട്ടുമാണ് നിയമനം നടത്തുകയെന്നും മുഖ്യമന്ത്രി വിശദമാക്കി.
Next Story

RELATED STORIES

Share it