malappuram local

'ആശ്രയ' പദ്ധതി; ഫണ്ട് ചെലവഴിക്കാത്തത് ഗൗരവമായി കാണും: ജില്ലാ കലക്ടര്‍

മലപ്പുറം: നിരാശ്രയരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടവരുമായ അഗതികളുടെ പുനരാധിവാസത്തിന് കുടുംബശ്രീ മുഖേന സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആശ്രയ പദ്ധതിക്കായി തദ്ദേശ സ്ഥാപനങ്ങള്‍ വകയിരുത്തിയ തുക ചെലവഴിക്കാത്തത് ഗൗരവമായി കാണുമെന്ന് ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ അറിയിച്ചു.
ജില്ലയിലെ ചില പഞ്ചായത്തുകള്‍ ആശ്രയ പദ്ധതിക്ക് തുക വകയിരുത്താത്തതും ഗുരുതരമായ അപാകതയാണെന്ന് ജില്ലാ കലക്ടറുടെ ചേംബറില്‍ പദ്ധതിയുടെ ജില്ലാതല അവലോകന യോഗം വിലയിരുത്തി. 2004 ല്‍ ജില്ലയില്‍ ആരംഭിച്ച ആശ്രയ പദ്ധതിയില്‍ 13,237 കുടുംബങ്ങളിലായി നിലവില്‍ 22,801 ഗുണഭോക്താക്കളുണ്ട്.
94 ഗ്രാമപ്പഞ്ചായത്തുകളിലും 12 നഗരസഭകളിലും പദ്ധതി നടപ്പാക്കിയിട്ടുണ്ട്. അതേസമയം ഒന്നും രണ്ടും ഘട്ട പദ്ധതികളില്‍ ഇതിനകം വിവിധ സേവനങ്ങള്‍ ലഭ്യമായ ഗുണഭോക്താക്കള്‍ പരിമിതമാണെന്ന് യോഗം വിലയിരുത്തി. ഒന്നാംഘട്ടത്തില്‍ വിവിധ ഇനങ്ങളില്‍ ഇതിനകം സേവനം ലഭ്യമായ ഗുണഭോക്താക്കളുടെ ശതമാന കണക്ക്: ഭക്ഷണം- 48%, ചികില്‍സ - 27, വിദ്യാഭ്യാസം- 47, മാനസിക ആവശ്യങ്ങള്‍ കൗണ്‍സലിങ്- 0, സ്വയംതൊഴില്‍- 12, ഭൂമി- 31, വീട്- 45, പെന്‍ഷന്‍- 32, വസ്ത്രം- 3, വീട് റിപയര്‍- 41, കുടിവെള്ളം- 18, കക്കൂസ്- 29, മറ്റുള്ളവ- 14. ഒന്നാംഘട്ട പദ്ധതിയില്‍ ലഭ്യമായ 34.19 കോടി യില്‍ 12.42 കോടി ഇതുവരെ ഗുണഭോക്താക്കളിലേക്ക് എത്തിയിട്ടില്ല. രണ്ടാംഘട്ട പദ്ധതിയില്‍ ലഭ്യമായ 7.47 കോടിയില്‍ 2.12 കോടിയും ചെലവഴിക്കാത്തതായുണ്ട്. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി മേഖല തിരിച്ച് പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം വിളിക്കും. കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓ-ഡിനേറ്റര്‍ കെ മുഹമ്മദ് ഇസ്മായില്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it