kozhikode local

ആശുപത്രികള്‍ കേന്ദ്രീകരിച്ച് മാലപൊട്ടിക്കല്‍ ; നാലംഗസംഘം അറസ്റ്റില്‍

കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ കോളജ് ആശുപത്രിയും കേന്ദ്രീകരിച്ച് മാലപൊട്ടിക്കുന്ന നാലംഗ സംഘത്തെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തു.
തലശ്ശേരി കാവുംഭാഗം കൊളശ്ശേരി റസ്‌ല(40), തലശ്ശേരി കായിയത്ത് സാജിത(40), തലശ്ശേരി കായിയത്ത് റോഡ് ഷാജഹാന്‍ മന്‍സില്‍ കുഞ്ഞാമി(62), തലശ്ശേരി കായിയത്ത് റോഡ് റഫീഖ്(49) എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രികളില്‍ രോഗികളെന്ന പോലെ എത്തുകയും രക്ഷിതാക്കളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന കുട്ടികളെ നിരീക്ഷിച്ച് അവരുടെ ആഭരണങ്ങള്‍ കവരുകയും ഓട്ടോറിക്ഷ വിളിച്ച് റെയില്‍വേ സ്‌റ്റേഷനിലെത്തി അടുത്ത ട്രെയിനില്‍ രക്ഷപ്പെടുകയുമാണ് സംഘം ചെയ്തു കൊണ്ടിരുന്നത്.
കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്‌റഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് സിഐ ജലീല്‍ തോട്ടത്തില്‍, എസ്‌ഐമാരായ ഹബീബുല്ല, കെ അയ്യപ്പന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്. മാര്‍ച്ച് 24ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഒരു കുട്ടിയുടെ സ്വര്‍ണമാല സംഘം മോഷ്ടിച്ചിരുന്നു. മാലപൊട്ടിക്കുന്നത് സിസിടിവി കാമറയില്‍ വ്യക്തമായിരുന്നെങ്കിലും ആരാണ് പ്രതികളെന്ന് മനസിലായില്ല. പ്രതികള്‍ രക്ഷപ്പെട്ട ഓട്ടോറിക്ഷ കണ്ടെത്തിയതിനെ തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇതിന് ശേഷം നഗരത്തിലെ എല്ലാ ആശുപത്രികളിലും പോലിസ് പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച പ്രതികള്‍ മൂന്നുവയസ്സുള്ള പെണ്‍കുട്ടിയുടെ കഴുത്തില്‍ നിന്ന് മാല മോഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പോലിസ് സംഘം നഗരത്തിലുടനീളം തിരച്ചില്‍ നടത്തി വൈകീട്ട് നാലംഗ സംഘത്തെ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. പൊട്ടിച്ച മാല പ്രതികളുടെ ബാഗില്‍ നിന്നും കണ്ടെടുത്തു. കുന്ദമംഗലം കോടതി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it