ആശാനും ഭരണസമിതിയും ക്ഷണിച്ചു വരുത്തിയ ദുരന്തം

കൊല്ലം: കമ്പത്തിന്റെ ആവേശം കൊടുമ്പിരി കൊണ്ട് അവസാനമെത്തുമ്പോഴേക്കും കൃഷ്ണന്‍ കുട്ടി ആശാന്റെ വെടിക്കെട്ടിലെ സ്‌പെഷ്യല്‍ ഐറ്റം ഉടനെന്ന് അനൗണ്‍സ് മെന്റ്. എന്നാല്‍, അത് മരണത്തെ വിളിച്ചു വരുത്തുന്ന വലിയ ദുരന്തമാവുമെന്ന് കാഴ്ചക്കാരും പ്രതീക്ഷിച്ചില്ല.
ഒരു മണിക്കൂര്‍ മുമ്പ് നടത്തിയ ഒരു വെടിക്കെട്ടില്‍ അമിട്ടിന്റെ ചീള് വീണ് ഒരാള്‍ക്കു പരിക്കേറ്റിരുന്നു. ആംബുലന്‍സെത്തി അയാളെ ആശുപത്രിയിലേക്ക് മാറ്റി. അപകടം മണത്തിട്ടും ഭരണസമിതി അംഗങ്ങളും ഇത് കാര്യമാക്കാതെ വെടിക്കെട്ട് തുടരാന്‍ അനുവദിക്കുകയായിരുന്നു.
ഇതിനിടയില്‍ പോലിസെത്തി വെടിക്കെട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അല്‍പ്പസമയം കൂടിയുള്ളൂ ഇപ്പോള്‍ നിര്‍ത്താമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ ന്യായം. അതേസമയം ആശാന്റെ ത്രസിപ്പിക്കുന്ന പുതിയ ഐറ്റത്തില്‍ പ്രതീക്ഷയര്‍പ്പിച്ച കാണികള്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ല. എന്നാല്‍, ആ പ്രതീക്ഷകള്‍ക്ക് എതിരായി ഭൂമിക്കടിയില്‍ ആശാന്‍ ഉഗ്ര വീര്യമുള്ള ഗുണ്ട് കുഴിച്ചിട്ടിട്ടുണ്ടായിരുന്നു. ഭൂമിക്കടിയില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി ആകാശത്തു പൊട്ടിത്തെറിച്ച് വര്‍ണം തീര്‍ക്കുമെന്ന പ്രതീക്ഷയില്‍ ആശാന്‍ തീ കൊളുത്തി. എന്നാല്‍, ഗുണ്ട് ഭൂമിയില്‍ നിന്നുയര്‍ന്ന് പൊങ്ങാതെ ഭൂമിക്ക് സമാന്തരമായി ഉഗ്രസ്‌ഫോടന ശക്തിയോടെ പൊട്ടിച്ചിതറുകയായിരുന്നു.
ഇതില്‍നിന്നു ചിതറിയ തീഗോളങ്ങള്‍ കമ്പക്കെട്ടു പുരയ്ക്കു മുന്നില്‍ അടുത്ത കമ്പക്കെട്ടിനുള്ള മരുന്നുകളുമായി നിന്ന ജീവനക്കാരന്റെ കൈയില്‍ വന്നു വീഴുകയും പ്രാണരക്ഷാര്‍ഥം ഇയാള്‍ തന്റെ കൈയിലുള്ള സ്‌ഫോടകവസ്തു വലിച്ചെറിയുകയുമായിരുന്നു. ഇതില്‍നിന്നാണ് കമ്പപ്പുരയില്‍ സൂക്ഷിച്ചിരുന്ന മരുന്നിലേക്ക് തീപടര്‍ന്ന് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. തുടര്‍ന്ന് നിമിഷനേരം കൊണ്ട് നടന്ന സ്‌ഫോടനത്തില്‍ ഒന്നെണീറ്റോടാന്‍ പോലും സമയം കിട്ടാതെ ആളുകള്‍ അഗ്നിക്കിരയാവുകയും കോണ്‍ക്രീറ്റ് പാളികള്‍ക്ക് കീഴിലാവുകയും ചെയ്തു. വൈദ്യുതി ലൈന്‍ പൊട്ടിവീണതോടെ പ്രദേശവും ഇരുട്ടിലായി. മൊബൈല്‍ സേവനങ്ങള്‍ തകരാറിലായതിനാല്‍ ആശയവിനിമയത്തിനും പ്രതിബന്ധം അനുഭവപ്പെട്ടു. തുടക്കത്തില്‍ സ്ഥലത്തെത്തിയ പോലിസിനും ഫയര്‍ഫോഴ്‌സിനും വീണ്ടും സ്‌ഫോടനമുണ്ടാവുമോയെന്ന ഭയത്താല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. കമ്പത്തിന്റെ സംഘാടകനായ കൃഷ്ണന്‍ കുട്ടിയാശാന്റെ ഭാര്യ അനാര്‍ക്കലിയുടെ പേരിലാണ് ലൈസന്‍സുള്ളത്.
Next Story

RELATED STORIES

Share it