Azhchavattam

ആശങ്കകള്‍ ഉണ്ടായിരിക്കണം

ആശങ്കകള്‍ ഉണ്ടായിരിക്കണം
X
ashanga

അജയമോഹന്‍
രു നിമിഷാര്‍ധത്തിലെ അശ്രദ്ധ. ഒരു തീപ്പൊരി. മിന്നല്‍പ്പിണര്‍. നൂറുകണക്കിന് ജീവിതങ്ങളെ ഞൊടിയിടകൊണ്ട് ആയുഷ്‌കാലത്തെ തീരാവേദനകളിലേക്കു തള്ളിവിട്ട ഒരുല്‍സവത്തിന്റെ നടുക്കത്തില്‍നിന്നു നാം കരകയറിയിട്ടില്ല. മുറിവുകളും കണ്ണീരും ഇനിയുമുണങ്ങിയിട്ടില്ല. കണക്കെടുപ്പുകളും കാരണമന്വേഷിക്കലും മുറപോലെ നടക്കുന്നു. നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയ അണിയറക്കഥകളുടെ ചുരുള്‍ അഴിഞ്ഞുകൊണ്ടേയിരിക്കുന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും വാദങ്ങളും പ്രതിവാദങ്ങളും വഴിവിട്ട പരിധികളിലേക്കു കടന്ന് അസ്വസ്ഥതകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ആരാണ് ഇതിനെല്ലാം ഉത്തരവാദിയെന്ന ചോദ്യത്തിന്റെ പുകച്ചുരുളുകളും പതിവുപോലെ അലിഞ്ഞില്ലാതാവുമായിരിക്കും. ഇനിയും ഇത്തരമൊരു അത്യാഹിതം സംഭവിക്കാതിരിക്കട്ടെയെന്ന പ്രാര്‍ഥനകള്‍ എങ്ങും ഉയരുമ്പോഴും മലയാളികളുടെ മനസാക്ഷിക്കണ്ണാടിയില്‍ കാലത്തിന് മായ്ക്കാനാവാത്ത ചിലത് കോറിയിട്ടുകൊണ്ടാണ് പരവൂര്‍ ദുരന്തം കടന്നുപോവുന്നത്.

ഒരു ചോദ്യം, ഒരൊറ്റ വിഡ്ഢിച്ചോദ്യം ആരെങ്കിലും ചോദിച്ചിരുന്നെങ്കില്‍...മണിക്കൂറുകളോളം മല്‍സരിച്ചു പൊട്ടിച്ചാലും തീരാത്തത്ര വെടിക്കോപ്പുകള്‍. ഇതെല്ലാം സൂക്ഷിച്ചിരിക്കുന്ന കമ്പപ്പുരയിലേക്ക് ഒരു തീപ്പൊരി വീണാല്‍ എന്താകും സ്ഥിതി? രണ്ടാഴ്ച മുമ്പുവരെ ആരുമിത് ആരോടും ചോദിച്ചിരുന്നില്ല. ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ലെന്നു വേണം പറയാന്‍. അഥവാ ആരെങ്കിലും ചോദിച്ചിരുന്നെങ്കില്‍ പരിഹാസത്തിന്റെ കോമ്പല്ലുകളില്‍ കോര്‍ത്ത് പൊതുസമൂഹത്തിന്റെ പുരപ്പുറത്ത് ഉപ്പുപുരട്ടി ഉണക്കാനിടുമായിരുന്നു നാമവനെ.

ആശങ്കകളില്ലാത്ത മൂഢസ്വര്‍ഗം


ഇത്ര വലിയൊരു ദുരന്തത്തിന്റെ നടുക്കത്തിലും വെടിക്കെട്ട് നിരോധിക്കരുതെന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും ലജ്ജ തോന്നിയില്ല. ആഘോഷവേളയിലെ വെടിക്കെട്ടിന് നിയന്ത്രണമേര്‍പ്പെടുത്തേണ്ടതേയില്ല എന്നാണ് ഇത്ര വലിയൊരു ദുരന്തത്തിന്റെ കരയിലിരുന്നു നാം വാദിക്കുന്നത്. സംഭവിച്ചത് ഇനിയൊരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത, തികച്ചും ആകസ്മികമായ ഒരപകടമായിരുന്നു എന്നു വിശ്വസിക്കാനാണ് പലര്‍ക്കും താല്‍പര്യം.

pooram-closing-final

ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നത് അര്‍ഥരഹിതമായ ആശങ്കയായും വ്യാഖ്യാനിക്കപ്പെടുന്നു. അപകടങ്ങളെ സംബന്ധിച്ച മലയാളികളുടെ പൊതുവായ കാഴ്ചപ്പാടല്ലേ ഇത്? പൊതുസമൂഹത്തെ ബാധിക്കുന്ന ആശങ്കകള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നവരെ പരിഹസിക്കാനും ആശങ്കകളെ തള്ളിക്കളയാനും നാം ആവശ്യത്തില്‍ക്കവിഞ്ഞ താല്‍പര്യം കാട്ടുന്നുവോ?  ദുരന്തത്തിന്റെ പിറ്റേ രാത്രികളില്‍പോലും ആഘോഷമായി സ്വന്തം കാശുമുടക്കി ആവുംവിധം കരിമരുന്നുപ്രയോഗം നടത്തിയവര്‍ പോലുമുണ്ട്. സുരക്ഷയെക്കുറിച്ചല്ല, സംസ്‌കാരത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചുമാണ് പലരും വാചാലരായത്. ഞങ്ങള്‍ നടത്തിയതു കണ്ടോ, ഒരപകടവുമില്ലാതെ എന്ന് ഊറ്റം കൊണ്ടവരുമുണ്ടായി.

വെടിക്കെട്ടു ദുരന്തത്തിന്റെ പിറ്റേന്നു പോലും തങ്ങള്‍ വെടിക്കെട്ടു കാണാന്‍ പോയവരാണ് എന്നു തെളിയിക്കുന്ന സെല്‍ഫികള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവരുണ്ട്. നിരോധനമല്ല, സുരക്ഷ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് ഒരു കൂട്ടര്‍. മറ്റു ചിലര്‍ ആകസ്മികമായൊരു ദുരന്തമാണ് സംഭവിച്ചതെന്നു വിശ്വസിച്ച് ഒന്നും സംഭവിക്കാത്ത മട്ടില്‍ കരിവീരന്‍മാരും കരിമരുന്നും വേനല്‍ച്ചൂടില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ഉല്‍സവപ്പറമ്പുകളിലേക്കും പൂരപ്പറമ്പുകളിലേക്കും കുഞ്ഞുകുട്ടിപരാധീനങ്ങളുമായിപ്പോലും പിന്നെയും തള്ളിക്കയറി.പടക്കം വാങ്ങുമ്പോള്‍ വീര്യം കുറഞ്ഞവ വാങ്ങണമെന്നോ കൈയില്‍വച്ചു പൊട്ടിക്കരുതെന്നോ പോലും ആരും മക്കളെ ഉപദേശിച്ചില്ല. ഉപദേശിച്ച അമ്മമാരെ അച്ഛന്‍മാരും അച്ഛന്‍മാരെ അമ്മമാരും ഭീരുക്കളെന്നു കളിയാക്കി. മക്കള്‍ ധീരന്‍മാരായി, ആശങ്കകളേതുമില്ലാതെ വളരണമല്ലോ... സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുകയോ പെടാതിരിക്കുകയോ ചെയ്യട്ടെ, നമ്മുടെ നാട്ടിലെ 'ധീരന്‍മാര്‍'.



snake

എന്നാല്‍, തങ്ങളുടെ പ്രിയപ്പെട്ടവരുടെ കാര്യത്തില്‍ പോലും മലയാളികള്‍ക്ക് ആശങ്കയില്ലാതായിക്കൊണ്ടിരിക്കുകയാണോ? വല്ലപ്പോഴും സംഭവിക്കുന്ന വന്‍ദുരന്തങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, നിത്യജീവിതത്തിലെ ചെറുതും വലുതുമായ പലതിലും അവശ്യമുണ്ടാവേണ്ട ജാഗ്രത പോലും നമുക്ക് ഇല്ലാതാവുകയാണോ? നിരത്തുകളില്‍, ഭക്ഷണകാര്യങ്ങളില്‍, കുഞ്ഞുങ്ങളില്‍, പരിസ്ഥിതിയില്‍, സഹജീവികളുടെ കാര്യങ്ങളില്‍ മുതല്‍ രാഷ്ട്രീയത്തില്‍ വരെ ഇത്തരമൊരു മാനസികാവസ്ഥ പ്രകടമായിട്ടുണ്ടോ?

ജീവിതസൗകര്യങ്ങളും യന്ത്രങ്ങളും സ്മാര്‍ട്ട്‌ഫോണുകളും വാഹനങ്ങളും തീര്‍ത്ത സുരക്ഷിതത്വബോധത്തില്‍ മയങ്ങി, സാങ്കേതികവിദ്യയിലും ഭരണസംവിധാനങ്ങളിലും നിയമവ്യവസ്ഥിതികളിലും കണ്ണടച്ച് വിശ്വാസമര്‍പ്പിച്ച് എല്ലാം ഭദ്രമാണെന്നും ഒന്നും ചോദ്യംചെയ്യപ്പെടേണ്ടതും സംശയിക്കപ്പെടേണ്ടതുമല്ലെന്നും കരുതി ജീവിക്കുകയാണോ നമ്മള്‍?സാധ്യതകളെ എല്ലാവിധത്തിലും അതിജീവിക്കുക എന്നതാണ് സുരക്ഷയുടെ പ്രധാന തത്ത്വം. ഒരൊറ്റ ഇല പോലും മറിച്ചുനോക്കാതിരുന്നില്ല എന്നാണ് ഇംഗ്ലീഷിലെ പ്രയോഗം തന്നെ.

ഒരുദാഹരണം പറയാം: അമേരിക്കന്‍ പ്രസിഡന്റ് ഒബാമ 2010ല്‍ മുംബൈ സന്ദര്‍ശിച്ചതിന് തൊട്ടുമുമ്പായി നഗരത്തിലെ ഗാന്ധി മ്യൂസിയത്തിലും പരിസരത്തുമുള്ള തെങ്ങുകള്‍ മുറിച്ചുമാറ്റിയിരുന്നു. ഒബാമയുടെ തലയില്‍ തേങ്ങ വീണാലോയെന്ന് കരുതിയായിരുന്നു ഇത്!

obama

തേങ്ങ വീഴാതിരിക്കാന്‍ തെങ്ങ് മുറിച്ചുകളയണമോ എന്നു ചോദിക്കരുത്. പ്രസിഡന്റിന്റെ സുരക്ഷക്കാര്യത്തില്‍ റിസ്‌കെടുക്കാന്‍ അമേരിക്കക്കാര്‍ തയ്യാറല്ല. തെങ്ങിലെ തേങ്ങയും മച്ചിങ്ങയുമെല്ലാം പറിച്ചുമാറ്റിയാലും മടലും കൊതുമ്പുമൊക്കെ വീണ് അപകടം സംഭവിക്കാനുള്ള സാധ്യതയും അവശേഷിക്കുന്നുണ്ടല്ലോ.ഒന്നോര്‍ത്താല്‍ അമേരിക്കക്കാരെ കുറ്റം പറയാനാവില്ല. പല രാജ്യക്കാരും സ്രാവിനെയും തെങ്ങിനെയും ഒരുപോലെ പേടിയോടെ കാണുന്നവരാണ്-പലപ്പോഴും ഇവ രണ്ടും താരതമ്യം ചെയ്യപ്പെടാറുമുണ്ട്. സ്രാവിന്റെ ആക്രമണത്തിനാല്‍ സംഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ തലയില്‍ തേങ്ങ വീണു മരിക്കുന്നുവെന്ന കണക്കുകള്‍ പല സാഹചര്യങ്ങളിലും മാധ്യമങ്ങളും അധികൃതരും എടുത്തുവീശാറുണ്ട്.

രണ്ടാം ലോകയുദ്ധകാലത്ത് ജാപ്പനീസ് സൈനികര്‍ നാളികേരം ബോംബായി ഉപയോഗിച്ച് ആക്രമണം നടത്തിയതായ രേഖകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലാം കൊണ്ടും അമേരിക്കന്‍ പ്രസിഡന്റിനെ അപായപ്പെടുത്താന്‍ തക്ക ശേഷിയുള്ള ആയുധമായി തേങ്ങയെയും തെങ്ങിനെയും അവര്‍ കണക്കാക്കിയതിന്റെ അടിസ്ഥാനമിതൊക്കെയാവും.ഈ ആശങ്ക അല്‍പം കൂടിപ്പോയി എന്നു സമ്മതിക്കുന്നു. എന്നാല്‍, അപകടമുണ്ടാവാനുള്ള സാധ്യതയെക്കുറിച്ചുള്ള ഇത്തരമൊരു ആശങ്കയുടെ നൂറിലൊരംശം പോലും നമ്മുടെ നാട്ടിലുള്ളവര്‍ ഒരു കാര്യത്തിലും കണക്കിലെടുക്കാറില്ലെന്നതാണ് വസ്തുത. അപകടങ്ങള്‍ക്ക് അമേരിക്കയെന്നോ ഇന്ത്യയെന്നോ ഒബാമയെന്നോ കുഞ്ഞിരാമനെന്നോ ഭേദമില്ല. എങ്കിലും അവയെ പ്രതീക്ഷിക്കുന്നതില്‍, അപകടസാധ്യതകളെ കണക്കിലെടുക്കുന്നതില്‍, നാം ഏറെ പിന്നിലാണ്.

ആശങ്കയലട്ടാതെ നിരത്തുകളില്‍


പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എഴുത്തുകാരന്‍ ബെന്യാമിന്‍ ഫേസ്ബുക്കില്‍ എഴുതിയ ഒരു പോസ്റ്റ് ഇങ്ങനെ പോവുന്നു: 'വിരണ്ടു വരുന്ന ആനയുടെ മുന്നില്‍ ചെന്നു നിന്ന് സെല്‍ഫി എടുക്കലാണ് നമ്മുടെ കൗതുകം.വെടിക്കെട്ടിനോട് ഏറ്റവും അടുത്തു നില്‍ക്കലാണ് നമ്മുടെ ധീരത. റോഡ് മുറിച്ചു കടക്കുമ്പോള്‍ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതിരിക്കലാണ് നമ്മുടെ അഹന്ത. ഹെല്‍മറ്റ് വയ്ക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കുന്നതുമാണ് നമ്മുടെ നാണക്കേട്. കിണറ്റില്‍ ഇറങ്ങും മുമ്പ് സ്‌നേഹിതാ, ഒരു മെഴുകുതിരി കത്തിച്ച് ഇറക്കി നോക്കൂ എന്നു പറഞ്ഞാല്‍, നീ ഒന്ന് പോടാപ്പേ... ഞങ്ങളിതൊക്കെ എത്ര കണ്ടതാണ് എന്നാണ് നമ്മുടെ പുച്ഛം. പൊതുപരിപാടിക്കിടയില്‍ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നവനാണ് നമുക്കിടയിലെ ഏറ്റവും വലിയ മൂരാച്ചി.



malayali

'റോഡ് മുറിച്ചു കടക്കുമ്പോള്‍ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാത്ത മലയാളികളുടെ അഹന്ത നിരത്തുകളില്‍ നാം ചെയ്യുന്നതിന്റെ ഒരു ചെറിയ അധ്യായം മാത്രമേ ആവുന്നുള്ളൂ. നിരത്തുകളില്‍ ആശങ്കകളെ തീര്‍ത്തും അവഗണിക്കുന്നതാണ് നമ്മുടെ ശീലം. റോഡിനു കുറുകെ പെട്ടെന്നു പ്രത്യക്ഷപ്പെടുന്ന മനുഷ്യജീവന്‍ രക്ഷിക്കാന്‍ സഡന്‍ബ്രേക്കിട്ടു നിര്‍ത്തുമ്പോള്‍ വാഹനത്തിനുള്ളില്‍ തലയടിച്ചു വീഴേണ്ടി വരുന്ന ഒരു പിഞ്ചുകുഞ്ഞിനെക്കുറിച്ച് എപ്പോഴെങ്കിലും നാം ആശങ്കപ്പെടാറുണ്ടോ? അത്തരമൊരു ആശങ്കയുടെ ഒരംശമെങ്കിലും നെഞ്ചിലുള്ള ആര്‍ക്കും അലസമായി റോഡ് മുറിച്ചുകടക്കാനാവില്ല.

രാത്രി 12 മണിയോടെ തിരക്കൊഴിയുന്ന നമ്മുടെ നഗരപാതകളില്‍ പിന്നീട് കാണാന്‍ കഴിയുക ആശങ്കകള്‍ ഒട്ടും അലട്ടാത്ത ഡ്രൈവര്‍മാരെയാണ്. വേഗസൂചി നൂറിലും നൂറ്റിമുപ്പതിലും കടന്ന് പോവുമ്പോള്‍ നമ്മുടെ നാട്ടില്‍ പ്രതീക്ഷിക്കാവുന്ന ചിലതുണ്ട്. ഒരു കുറുക്കനോ നായയോ കുറുകെ ചാടാനുള്ള സാധ്യത, കണ്ണില്‍പെടാത്ത ഒരു കുഴിയോ ഹംപോ, പരിചയമില്ലാത്ത സ്ഥലങ്ങളില്‍ പ്രതീക്ഷിക്കേണ്ട ക്രോസിങുകളും കവലകളും- ഇത്തരം ആശങ്കകളൊന്നും തന്നെ നമ്മുടെ ഡ്രൈവര്‍മാരെ അലട്ടാറില്ല. ഇതിന്റെ ഫലം നമ്മുടെ പത്രത്താളുകളില്‍ പിറ്റേ ദിവസം കാണാം. പല ദിവസങ്ങളിലും  രാവിലെ ടിവി വച്ചാല്‍ ആദ്യം കേള്‍ക്കുന്നത്  പുലര്‍ച്ചെയുണ്ടാവുന്ന വാഹനാപകടങ്ങളെ ക്കുറിച്ചാണ്. മിക്ക കേസുകളിലും അവസാന വാചകം ഇങ്ങനെയായിരിക്കും: ഡ്രൈവര്‍      ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്. ഇതെത്ര വായിച്ചാലും പുലര്‍ച്ചെയുള്ള യാത്രകളില്‍ നമുക്കാര്‍ക്കും ഒരാശങ്കയും തടസ്സമാവുന്നില്ലെന്നതാണ് വിചിത്രം.

50 കിലോമീറ്റര്‍ ദൂരം അരമണിക്കൂര്‍ കൊണ്ട് എത്തിക്കുമെന്ന് യാത്രയ്ക്കുമുമ്പ് ഏതെങ്കിലും ബസ്സുകാരന്‍ വാഗ്ദാനം ചെയ്താല്‍ ചാടിക്കയറുന്നതിനു മുമ്പ് ചെറിയൊരു ആശങ്കയുള്ളത് നല്ലതാണ്. പറഞ്ഞ കണക്ക് ശരിയാണെങ്കില്‍ വേഗപ്പൂട്ടും തകര്‍ത്താണ് ബസ്സിന്റെ യാത്ര. അപകടമുണ്ടായില്ലെങ്കിലും വഴിയരികില്‍ കാമറയുമായി കാത്തുനില്‍ക്കുന്ന പോലിസുകാര്‍ ചിലപ്പോള്‍ യാത്രയുടെ സമയം പിന്നെയും കൂട്ടിയേക്കാം.വേഗം നമുക്കൊരു ആശങ്കയേ അല്ലാതായിരിക്കുന്നു. കേരളത്തിലെ യുവാക്കളില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു കമ്പനിയുടെ ബൈക്ക് വാങ്ങിയവരില്‍ പലരും ജീവിച്ചിരിപ്പില്ലെന്ന പ്രചാരണം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. സംഗതി സത്യമാണോയെന്ന് ആളുകള്‍ അന്തംവിട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഈ ബൈക്കിന്റെ ആരാധകര്‍ വിശദീകരണവുമായെത്തി. ആരോപണം ശരിവച്ചുകൊണ്ടു തന്നെ അവര്‍ വിശദീകരിച്ചതാണ് കൗതുകകരം. മറ്റ് ബൈക്കുകള്‍ പോലെയല്ല, ഈ കമ്പനിയുടേത്. ഇതിന്റെ സ്പീഡോമീറ്റര്‍ കൃത്യമാണ്. മറ്റു ബൈക്കുകളില്‍ 120 കിമീ എന്നു കാണിക്കുന്നത് 80 കിമീ വേഗമായിരിക്കും. ശരിയായ 120 കിമീ വേഗം ഈ ബൈക്ക് തരുന്നതാണ്. ഇത് മനസ്സിലാക്കാത്തതുകൊണ്ടാണ് അപകടം സംഭവിക്കുന്നത്. മകന് ഇഷ്ടപ്പെട്ട ബ്രാന്‍ഡ് ബൈക്ക് വാങ്ങാന്‍ കാശുകൊടുക്കുമ്പോള്‍ വണ്ടി 120 കിമീ വേഗത്തില്‍ എവിടെയാണ് ഓടിക്കാന്‍ പോവുന്നതെന്ന് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നതേയില്ല.

മാരകരോഗങ്ങളെ ഭയന്ന് മലയാളികള്‍ ഇപ്പോള്‍ ആഹാരം കഴിക്കുന്നതില്‍ വലിയ ജാഗ്രതയാണ് പുലര്‍ത്തുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ കണ്ണുമടച്ച് വിശ്വസിക്കരുത്. പലയിടത്തും ജൈവകൃഷിയൊക്കെ തുടങ്ങിയിട്ടുണ്ടെന്നത് ശരിതന്നെ. തീന്‍മേശയില്‍ ഇത്തരം ആശങ്കയൊന്നും അധികം പേരെ അലട്ടിയിട്ടില്ല എന്നതാണ് വസ്തുത. ദാഹമകറ്റാന്‍ വാങ്ങിക്കുടിക്കുന്ന കടുത്ത നിറമുള്ള ദ്രാവകങ്ങളില്‍ മാരക രാസവസ്തുക്കളും ആവശ്യത്തിലേറെ പഞ്ചസാരയും മാത്രമേയുള്ളൂവെന്ന് അറിയാത്തവരല്ല പത്രം വായിക്കുന്ന മലയാളികള്‍. എങ്കിലും നിമിഷനേരം കൊണ്ട് കടകളില്‍ കാലിയാവുന്ന കുപ്പികളുടെ എണ്ണം കണ്ടാല്‍ തലകറങ്ങും. പിഞ്ചുകുഞ്ഞുങ്ങളുടെ വായിലേക്കു പോലും പകര്‍ന്നുകൊടുക്കുന്ന ഈ ദ്രാവകങ്ങളെക്കുറിച്ച് എന്താശങ്കയാണ് മലയാളികള്‍ക്കുള്ളത്?
ഹോട്ടല്‍ -ബേക്കറി ഭക്ഷണത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും അവയില്‍ പലതിന്റെയും അനാരോഗ്യകരമായ ചേരുവകളെക്കുറിച്ചും മാധ്യമങ്ങളിലൂടെ നിരന്തരം വായിക്കുന്നവരാണെങ്കിലും വൈകുന്നേരങ്ങളില്‍ ഇത്തരം സ്ഥാപനങ്ങളിലെ തിരക്കു കണ്ടാല്‍ ഇത്തരം ആശങ്കകളൊന്നും ആര്‍ക്കുമില്ലെന്ന് മനസ്സിലാവും. മേശപ്പുറത്തെ ഭക്ഷണം വെന്തോ കരിഞ്ഞോ എന്നുപോലും തിരിച്ചറിയാനാവാത്തത്ര മങ്ങിയ വെളിച്ചത്തില്‍ കഴിക്കുന്നതാണ് പുതിയ സമ്പ്രദായം. ചെള്ളാണോ ജീരകമാണോ വീണുകിടക്കുന്നത് എന്നു പരിശോധിക്കണമെങ്കില്‍ ടോര്‍ച്ചടിച്ചു നോക്കണം. അതിലൊന്നും ആര്‍ക്കും ആശങ്കയേയില്ല. പിന്നെയാണ് കീടനാശിനിയും അജിനോമോട്ടോയും നിറങ്ങളും!

ആശങ്കയില്ലാത്തത് ധീരതയോ


ഒന്നിനെക്കുറിച്ചും ആശങ്കയില്ലാത്തത് ധീരതയുടെ ലക്ഷണമായി കരുതുന്നവരുമുണ്ട്. ഹെല്‍മറ്റില്ലാതെ വണ്ടിയോടിക്കുന്നതും തിളച്ചുമറിയുന്ന മേടച്ചൂടില്‍ നിര്‍ത്തി ചെണ്ടകൊട്ടിയും കുഴലൂതിയും ഭ്രാന്തുപിടിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ആനകള്‍ക്കിടയിലേക്കു തള്ളിക്കയറുന്നതും ഇതേ വികാരത്തിന്റെ രണ്ടു വശങ്ങളാണ്. ധൈര്യമുള്ളതിനാല്‍ ഒരിക്കലേ മരിക്കുകയുള്ളൂ എന്നുറക്കെ പ്രഖ്യാപിച്ച് നമ്മില്‍ പലരും ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ ഇനിയുമേറെയുണ്ട്.
മൂര്‍ഖനും രാജവെമ്പാലയടക്കമുള്ള കൊടും പാമ്പുകളെ വെറുംകൈകൊണ്ട് പിടികൂടുന്ന വാവ സുരേഷ് മലയാളികള്‍ക്ക് ധീരതയുടെ ആള്‍രൂപമാണ്. എത്ര തന്നെ സാമര്‍ഥ്യമുണ്ടെങ്കിലും സുരേഷ് ചെയ്യുന്നത് ശുദ്ധവിവരക്കേടാണെന്നും ഒരു ഗ്ലൗസെങ്കിലും ഉപയോഗിക്കുന്നതാണ് നല്ലതെന്നും സുരക്ഷാരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. പലതവണ വിഷപ്പാമ്പിന്റെ കടിയേറ്റ സുരേഷിനും അറിയാഞ്ഞിട്ടല്ല. വിവരക്കേടിനെ ധീരതയായി അംഗീകരിക്കുമ്പോള്‍ കിട്ടുന്ന കൈയടിയുടെ സുഖം.

വിശ്വാസം അതാണ് എല്ലാം...


എല്ലാം കൃത്യവും ഭദ്രവുമായതിനാല്‍ ഒട്ടും ഭയപ്പെടേണ്ടതില്ല എന്ന ഉറച്ച വിശ്വാസം. ഈ മാനസികാവസ്ഥ തന്നെയാണ് പലപ്പോഴും അപകടങ്ങളിലേക്ക് വഴി തെളിക്കുന്നത്. ഇതിനൊക്കെ വിശ്വാസ-വികാരങ്ങളുടെ മേമ്പൊടി കൂടിയാവുന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുന്നു. നിയന്ത്രണങ്ങള്‍ ചിലതെങ്കിലും നമ്മുടെ തന്നെ സുരക്ഷയ്ക്കുള്ളതാണെന്നും വികാരം വിവേകത്തിന് വഴിമാറണമെന്നും ചിന്തിക്കാനുള്ള ബോധം പോലും ഇല്ലാതാവുന്നു.
സാങ്കേതികവിദ്യയും ഭരണസംവിധാനവും നിയമങ്ങളുമൊക്കെ ഏറെ പുരോഗതി പ്രാപിച്ച കാലത്താണ് നാം ജീവിക്കുന്നതെന്നത് വസ്തുതയാണ്. സാങ്കേതികവിദ്യയില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് ശൂന്യാകാശനിലയത്തില്‍ മനുഷ്യര്‍ പാര്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ തന്നെയായി. പൈലറ്റില്ലാത്ത വിമാനവും ഡ്രൈവറില്ലാത്ത കാറും ഇന്ന് പുതിയ വിശേഷമല്ല. ഭൂമിയുമായി ഒരു 'നൂല്‍ബന്ധം' പോലുമില്ലാതെ യാത്രാവിമാനങ്ങള്‍ പ്രതിദിനം വഹിച്ചുകൊണ്ടുപോവുന്നത് 30 ലക്ഷത്തോളം പേരെയാണ്. ഇതെല്ലാം നടക്കുമ്പോഴും ഓടിക്കൊണ്ടിരിക്കേ വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടത്തില്‍പ്പെടുന്നവരുടെ എണ്ണവും കുറവല്ല. സാങ്കേതികവിദ്യയിലും സംവിധാനങ്ങളിലും അഹങ്കരിക്കുന്നതിനു പരിധിയുണ്ടെന്നും ഒരല്‍പം ആശങ്ക കൈയില്‍ കരുതുന്നതില്‍ തെറ്റില്ലെന്നുമര്‍ഥം.
വിഡ്ഢിച്ചോദ്യങ്ങളും അര്‍ഥരഹിതമെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്നതുമായ ആശങ്കകള്‍ പോലും 'സാധ്യതകളെ'ക്കുറിച്ച് സൂചന തരുന്നവയാണ്. വിചിത്രമായി ചിന്തിക്കുന്നവരും ഭ്രാന്തന്‍ ആശയങ്ങളും പലപ്പോഴും നിത്യജീവിതത്തെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തങ്ങളിലേക്കും പുരോഗതിയിലേക്കും മാനവരാശിയെ നയിച്ചിട്ടുണ്ടെന്നാണ് ചരിത്രം. അതുപോലെത്തന്നെയാണ് നിത്യജീവിതത്തില്‍ ആശങ്കകളുടെയും കാര്യം. തെങ്ങിന്‍ ചുവട്ടില്‍ നിന്നു മാറിനില്‍ക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ തേങ്ങ കൃത്യമായി നിങ്ങളുടെ തലയില്‍ത്തന്നെ വീഴാനുള്ള സാധ്യത വളരെ കുറവാണെങ്കിലും അതിനെ മണ്ടത്തരമായി കാണാനാണ് മലയാളികള്‍ക്ക് താല്‍പര്യം. അമിതമായ ധൈര്യവും ആത്മവിശ്വാസവും ധീരതാപ്രകടനങ്ങളും കുറച്ചെങ്കിലും  മാറ്റിവച്ച്, ആശങ്കകളോടുള്ള അസഹിഷ്ണുത അവസാനിപ്പിച്ച് ജീവിതസുരക്ഷയെക്കുറിച്ചുള്ള ചില ആശകള്‍ക്കെങ്കിലും മാന്യമായ ഇടം നല്‍കാന്‍ മലയാളികള്‍ ഇനിയെങ്കിലും തയ്യാറായേ തീരൂ. ടേക്ക് കെയര്‍!
Next Story

RELATED STORIES

Share it