ആവേശത്തിന്റെ വര്‍ണക്കാഴ്ചയായി നെന്മാറ-വല്ലങ്ങി വേല

പാലക്കാട്: നെന്മാറ നെല്ലിക്കുളങ്ങര ഭഗവതിയുടെ തട്ടകത്തില്‍ ദേശമക്കള്‍ ഒത്തൊരുമിച്ച് ആവേശത്തോടെ നെന്മാറ-വല്ലങ്ങി വേല ആഘോഷിച്ചു. കേരളത്തിനകത്തും പുറത്തും നിന്ന് ഒഴുകിയെത്തിയ പുരുഷാരങ്ങള്‍ വേലയുടെ ആവേശത്തില്‍ അലിഞ്ഞുചേര്‍ന്നു. കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാരുടെ നിര, വാദ്യ കുലപതികളുടെ മഹാസംഗമത്തില്‍ ഉയര്‍ന്നുവന്ന വാദ്യമേളം, ദീപാലങ്കാര പ്രഭയില്‍ ഉയര്‍ന്നു നിന്ന ബഹുനില പന്തലുകള്‍, കണ്ണഞ്ചിപ്പിക്കുന്ന വര്‍ണങ്ങളും, ശബ്ദങ്ങളുമായി മാനത്ത് കണ്ണഞ്ചപ്പിക്കുന്ന വെടിക്കെട്ട് എല്ലാം സമ്മേളിച്ചപ്പോള്‍ നെന്മാറ വല്ലങ്ങി വേലയുടെ മാറ്റ് പതിന്‍മടങ്ങ് വര്‍ധിച്ചു.
നെന്മാറ ദേശത്ത് രാവിലെ ഗണപതിഹോമത്തോടെയാണ് വേല ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വരിയോല വായന, പറ എഴുന്നള്ളത്ത് പുറപ്പാടും നടന്നു. 11.30ന് ഭഗവതിയുടെ കോലം കയറ്റിയതോടെ പകല്‍ വേല എഴുന്നള്ളത്തിന് തുടക്കമായി. തുരുവമ്പാടി ശിവസുന്ദര്‍ തിടമ്പേറ്റി പതിനൊന്നാനകള്‍ അണിനിരക്കുന്ന എഴുന്നള്ളത്ത് നെന്മാറ മന്ദത്തില്‍ നിന്ന് ആരംഭിച്ചു. തൃപ്പാളൂര്‍ ശിവന്റെ നേതൃത്വത്തിലുള്ള വാദ്യകലാകാരന്മാര്‍ പഞ്ചാവാദ്യത്തിന് കാലമിട്ടു.
എഴുന്നള്ളത്ത് വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം വഴി നെന്മാറ ജങ്ഷനിലും നെന്മാറ ബസ് സ്റ്റാന്‍ിലുമെത്തി നെന്മാറ പന്തലില്‍ അണിനിരന്നു. ശേഷം കുടമാറ്റവും നടന്നു. വേല കാവുകയറിയിറങ്ങിയതോടെ വെടിക്കെട്ടു നടന്നു. ഇതോടെ പകല്‍ വേലയ്ക്ക് സമാപനമായി. വല്ലങ്ങി ദേശത്ത് ഗണപതിഹോമവും പ്രത്യക്ഷ ഗണപതിഹോമത്തോടെയുമാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് തിടമ്പ് പൂജയും ഒമ്പതിന് ഈടുവെടിയും നടന്നു.
11.30ന് കേളി, കൊമ്പ്, കുഴല്‍പ്പറ്റ്, തുടങ്ങിയവയ്ക്ക് ശേഷം വല്ലങ്ങി ശിവക്ഷേത്രത്തില്‍ നിന്ന് പകല്‍വേല എഴുന്നള്ളത്ത് ആരംഭിച്ചു. പാമ്പാടി രാജന്‍ ദഗവതിയുടെ തിടമ്പേറ്റി. എഴുന്നള്ളത്ത് വല്ലങ്ങി തണ്ണിയപ്പാം കുളംവഴി വല്ലങ്ങി ജങ്ഷനിലും തുടര്‍ന്ന് വല്ലങ്ങി പന്തലിലും അണിനിരന്നു. തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളത്തോടെ കുടമാറ്റം നടന്നു. എഴുന്നള്ളത്ത് കാവുകയറിയിറങ്ങിയതോടെ പകല്‍വെടിക്കെട്ട് നടന്നു. രാത്രി ഇരുദേശങ്ങളിലും തായമ്പകയും ഞായറാഴ്ച പുലര്‍ച്ചെ എഴുന്നള്ളത്തും വെടിക്കെട്ടും നടന്നു. ഇരുദേശത്തിന്റെയും എഴുന്നള്ളത്തുകള്‍ ക്ഷേത്രത്തിലെത്തി കോലമിറക്കുന്നതോടെ ഉല്‍സവത്തിന് സമാപനമാവും.
Next Story

RELATED STORIES

Share it