malappuram local

ആവേശം വിതറി റോഡ് ഷോകള്‍: പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറിന് അവസാനിക്കും. നാളെമുതല്‍ നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. എന്നാല്‍, ശബ്ദകോലാഹനങ്ങള്‍ മാറി നില്‍ക്കുമെങ്കിലും സ്ഥാനാര്‍ഥികള്‍ക്കു പരിവാരങ്ങള്‍ക്കും വിശ്രമിക്കാന്‍ സമയം ലഭിക്കില്ല.
പരസ്യ പ്രചാരണത്തില്‍ വിട്ടുപോയ ഭാഗങ്ങളില്‍ രഹസ്യമായി പ്രചാരണം നടത്തലും വോട്ടുറപ്പിക്കാന്‍ അവസാന തന്ത്രം രൂപപ്പെടുത്തുലമാണു പണി. പ്രചാരണത്തിനിടെ കാണാത പോയ പ്രമുഖരെയും പ്രാദേശികമായ മതസംഘടനാ നേതാക്കളെയും സമുദായ നേതാക്കളെയും കണ്ട് സഹായം തേടലും തുടര്‍ന്നുള്ള മണിക്കൂറുകളില്‍ നടക്കും. കുടുംബ വോട്ടുകള്‍ ഉറപ്പിക്കാനും സമയം കണ്ടെത്തും. പരസ്യപ്രചാരണത്തിന് അവസാനമിട്ട് ഇന്ന് നടക്കുന്ന കൊട്ടികലാശത്തിന് വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ വിലക്കേര്‍പ്പെടുത്തിയതിനാല്‍ ഇന്നലെ വിലക്കുള്ള ഇടങ്ങളില്‍ കൊട്ടികലാശം രൂപത്തില്‍ സ്ഥാനാര്‍ഥികളുടെ റോഡ് ഷോകള്‍ അരങ്ങേറി. ഇതു കാരണം വൈകീട്ട് പല ടൗണുകളിലും ഗതാഗത തടസം നേരിട്ടു. ഇന്നലെ ഉച്ചകഴിഞ്ഞുതന്നെ അണികള്‍ ആര്‍പ്പുവിളികളുമായി ബൈക്കുകളില്‍ നാട് ചുറ്റല്‍ തുടങ്ങിയിരുന്നു.
പ്രവര്‍ത്തകര്‍ക്ക് ആവേശംതീര്‍ത്തും ശക്തി തെളിയിച്ചുമുള്ള റോഡ് ഷോകളാണു സ്ഥാനാര്‍ഥികള്‍ നടത്തിയത്. 16ന് രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറ് വരെയാണ് തിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് തുടങ്ങുന്നതിന്റെ 36 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നാണ് ചട്ടം. തുടര്‍ന്ന് പോളിങ് അവസാനിക്കുന്നത് വരെ ഉച്ചഭാഷിണി, ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങള്‍, പൊതുയോഗങ്ങള്‍, ജാഥകള്‍ തുടങ്ങിയവ നടത്താന്‍ പാടില്ല. പ്രചാരണ സമയം അവസാനിച്ച ശേഷം മണ്ഡലത്തിന് പുറത്തു നിന്നെത്തിയ രാഷ്ട്രീയ നേതാക്കള്‍ മണ്ഡലം വിട്ടുപോവണം. സ്ഥാനാര്‍ഥിയോ ഇലക്ഷന്‍ ഏജന്റോ പുറത്തുള്ള വ്യക്തിയാണെങ്കിലും മണ്ഡലം വിട്ടുപോവേണ്ടതില്ല. ഇന്ന് വൈകീട്ട് ആറ് മുതല്‍ 16ന് വൈകീട്ട് ആറ് വരെയും വോട്ടെണ്ണല്‍ ദിനമായ മെയ് 19 നും 'ഡ്രൈ ഡേ' ആണ്. ഈ ദിവസങ്ങളില്‍ മദ്യം വില്‍ക്കാനോ വിതരണം ചെയ്യാനോ വ്യക്തികള്‍ക്ക് മദ്യം സംഭരിച്ചുവയ്ക്കാനോ പാടില്ല. മദ്യഷാപ്പുകള്‍, മദ്യം വിളമ്പുന്ന ഹോട്ടലുകള്‍, റസ്റ്റോറോന്റുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവ അടച്ചിടണം.
Next Story

RELATED STORIES

Share it