thiruvananthapuram local

ആവേശം കൊട്ടിക്കയറി; അങ്ങിങ്ങ് സംഘര്‍ഷം

തിരുവനന്തപുരം: ഒന്നര മാസത്തോളം നീണ്ടുനിന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൊട്ടിക്കലാശമായി.
ഇനി വോട്ടര്‍മാര്‍ക്ക് ചിന്തിക്കാനുള്ള മണിക്കൂറുകള്‍ മാത്രം. പ്രചാരണരംഗത്തു കണ്ട അതേ വീറും വാശിയും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മുന്നണികളുടെ നേതൃത്വത്തില്‍ നടന്ന കൊട്ടിക്കലാശത്തിലും ഉണ്ടായി. ബാലരാമപുരത്ത് കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മറ്റു ചിലയിടങ്ങളിലും ചെറിയ തോതില്‍ പ്രശ്‌നങ്ങളുണ്ടായെങ്കിലും നേതാക്കളും പോലിസും ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
കഴിഞ്ഞ തവണത്തേതില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ആറു മണിയാണ് പരസ്യപ്രചാരണത്തിന്റെ അന്ത്യം കുറിക്കുന്നതിനായി നല്‍കിയിരുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഇത് അഞ്ചു മണിയായിരുന്നു.
അധികമായി ലഭിച്ച ഒരു മണിക്കൂര്‍ പാര്‍ട്ടി അണികള്‍ക്ക് ആവേശത്തിന്റേതായിരുന്നുവെങ്കിലും യാത്രക്കാരും നാട്ടുകാരും ദുരിതത്തിലായി. എല്ലാ പ്രദേശങ്ങളുടെയും പ്രധാന കേന്ദ്രങ്ങളിലായിരുന്നു കൊട്ടിക്കലാശം അരങ്ങേറിയത്. അതിനാല്‍ തന്നെ ഉച്ച മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് മേഖലകളില്‍ അനുഭവപ്പെട്ടു.
പേരൂര്‍ക്കടയിലായിരുന്നു നഗരത്തിലെ കൊട്ടിക്കലാശം നടന്നത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ പ്രവര്‍ത്തകര്‍ അലങ്കരിച്ച വാഹനങ്ങളില്‍ കൊടിതോരണങ്ങളുമായി പേരൂര്‍ക്കട സര്‍ക്കിളില്‍ നേരത്തേ നിലയുറപ്പിച്ചു. പരിപാടികള്‍ കൊഴുപ്പിക്കാനായി ബാന്‍ഡ്‌മേളവും ചായങ്ങളും വര്‍ണങ്ങളുമൊക്കെ പറത്തിയായിരുന്നു അവസാന ലാപ്പിലെ പോര്. ഇതിനു പുറമേ പോലിസ് നിര്‍ദേശം ലംഘിച്ച് കരകുളം അടക്കമുള്ള മേഖലകളിലെ റോഡുകളില്‍ പ്രവര്‍ത്തകര്‍ അണിനിരന്നതോടെ തിരുവനന്തപുരം-ചെങ്കോട്ട റോഡില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. രണ്ടു കിലോമീറ്ററോളം ദൂരത്തില്‍ വാഹനങ്ങള്‍ കാത്തുകിടന്ന സ്ഥിതിയുണ്ടായി.
കൊട്ടിക്കലാശം അവസാനിച്ച ശേഷമാണ് വാഹനങ്ങള്‍ക്ക് കടന്നുപോവാനായത്. പരസ്യപ്രചാരണങ്ങള്‍ അവസാനിച്ചെങ്കിലും ഇന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിശ്രമത്തിന്റേതായിരിക്കില്ല. വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലായിരിക്കും പ്രവര്‍ത്തകര്‍. നാളെ രാവിലെ ഏഴു മുതലാണ് വോട്ടെടുപ്പ്.
Next Story

RELATED STORIES

Share it