malappuram local

ആവശ്യമായ ഫണ്ടില്ല; വഴികാട്ടി കമ്മ്യൂണിറ്റി കോളജിനും നഗരസഭ താഴിടുന്നു

നിലമ്പൂര്‍: എട്ട് വര്‍ഷം മുമ്പ്് നിലമ്പൂര്‍ ഗ്രാമപ്പഞ്ചായത്തായിരുന്ന കാലത്ത് തൊഴില്‍ അധിഷ്ടിത കോഴ്‌സുകളുമായി തുടങ്ങിയ വഴികാട്ടി കമ്മ്യൂണിറ്റി കോളജ് ഫണ്ടില്ലെന്ന കാരണത്താല്‍ നഗരസഭ അടച്ചുപൂട്ടാനൊരുങ്ങുന്നു. റിട്ടയര്‍ ചെയ്ത അധ്യാപകരുടെ നേതൃത്വത്തില്‍ നിയമപരമായി ക്ലാസുകള്‍ തുടര്‍ന്ന് കൊണ്ടുപോവാന്‍ കഴിയുമോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. നിലവില്‍ കുട്ടികള്‍ക്ക് ആയിരം രൂപയാണ് അഡ്മിഷന്‍ ഫീസായി ഈടാക്കുന്നത്. ഇത് 2000ആക്കി സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ പറ്റുമോ എന്നും പരിശോധിക്കുന്നുണ്ട്. പഠനശേഷം ജോലി ഉറപ്പ് വരുത്തുന്ന കോഴ്‌സുകളാണ് ഇവിടെ ഉണ്ടായിരുന്നത്. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫാഷന്‍ ഡിസൈനിംഗ്, ഫാര്‍മസി അസിസ്റ്റന്റ്, ഡിടിപി, സെയില്‍സ് അസിസ്റ്റന്റ് തുടങ്ങിയ കോഴ്‌സുകള്‍ക്ക് ഏറെ പ്രചാരം നേടിയിരുന്നു. എകെസിഡിഎയുടെ സഹകരണത്തോടെ തുടങ്ങിയ ഫാര്‍മസി അസിസ്റ്റന്റ് കോഴ്‌സ് ഒട്ടേറെ പേര്‍ക്ക് മെഡിക്കല്‍ സ്‌റ്റോറുകളില്‍ ജോലി നേടാന്‍ സഹായിച്ചിരുന്നു. സെയില്‍സ് അസിസ്റ്റന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് എറണാകുളം, കോഴിക്കോട് തുടങ്ങിയ നഗരത്തിലെ പ്രമുഖ വസ്ത്ര, ആഭരണ ശാലകളില്‍ ജോലിക്ക് മുന്‍ഗണന ലഭിച്ചിരുന്നു. വഴികാട്ടിയില്‍ നിന്നും പിഎസ്‌സി കോച്ചിങ് നേടിയവരില്‍ നൂറോളം പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ആയിരത്തോളം പേരാണ് ഈ സ്ഥാപനത്തില്‍ നിന്നും വിവിധ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയത്. ഇതില്‍ നല്ലൊരു ശതമാനം പേരും നിര്‍ധന കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. വഴികാട്ടി കമ്മ്യൂണിറ്റി കോളേജ് നിലച്ചാല്‍ അത് ഏറെ ബാധിക്കുക സാധാരണക്കാരായ യുവതീയുവാക്കളുടെ തൊഴില്‍ സ്വപ്‌നത്തെയായിരിക്കും.
Next Story

RELATED STORIES

Share it