malappuram local

ആവശ്യത്തിന് ജീവനക്കാരില്ല; ജില്ലയില്‍ ആരോഗ്യ പദ്ധതികള്‍ അവതാളത്തില്‍

മഞ്ചേരി: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ജില്ലയിലെ ആരോഗ്യ പരിരക്ഷ പദ്ധതികള്‍ അവതാളത്തില്‍. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ആശുപത്രികള്‍, അങ്കണവാടികള്‍, കുടുംബക്ഷേ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൂടെ നടപ്പാക്കേണ്ട പദ്ധതികളാണ് താറുമാറായിരിക്കുന്നത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ (കെഎംഎസ്‌സിഎല്‍) വഴിയുള്ള ആന്റീറാബീസ് വാക്‌സിന്‍ മരുന്ന് വിതരണം നിലച്ചതോടെ പേവിഷബാധക്കുള്ള കുത്തിവയ്പ്പുകള്‍ മുടങ്ങിയിരിക്കുകയാണ്. വാക്‌സിന്‍ ക്ഷാമം രൂക്ഷമായത് നിര്‍ധന രോഗികളെ ദുരിതത്തിലാക്കി. കെഎംഎസ്‌സിഎല്‍ വഴിയുള്ള മരുന്ന വിതരണം നിലച്ചതോടെ ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള അമൃതം ആരോഗ്യ പദ്ധതിയും തകിടം മറിഞ്ഞു.
ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കാന്‍ പന്ത്രണ്ട് ഇനം മരുന്നുകള്‍ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ സൗജന്യമായി വിതരണം ചെയ്യുന്നതാണ് പദ്ധതി. പദ്ധതി നിലച്ചതോടെ വിലകൂടിയ മരുന്നുകള്‍ക്കായി സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നിര്‍ധന രോഗികള്‍. എന്നാല്‍, ഹൃദ്രോഗത്തിനുള്ള അറ്റോര്‍വ സ്റ്റാറ്റിന്‍, ക്ലോപിലൈറ്റ് തുടങ്ങിയ വിലപിടിപ്പുള്ള മരുന്നുകള്‍ ആശുപത്രികളില്‍ ഇതുവരെ എത്തിക്കാനായില്ല. ഗ്ലൂക്കോസ് സ്ട്രിപ്പും സ്‌റ്റോക്ക് തീര്‍ന്നതോടെ ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനങ്ങളും പൂര്‍ണമായും മുടങ്ങി. ആരോഗ്യ കേന്ദ്രങ്ങള്‍ വഴി നടപ്പാക്കേണ്ട സാനിറ്റേഷന്‍ ശുചിത്വ പദ്ധതികളും ഫണ്ട് ലഭിക്കാതെ വന്നതോടെ പാതിവഴില്‍ നിലച്ചു.
ആദിവാസി കുട്ടികളുടെ പോഷകാഹാരക്കുറവ് തടയാന്‍ നടപ്പാക്കിയ ജനനി ജന്മരക്ഷാ പദ്ധതിയും അവതാളത്തിലാണ്. കൃത്യസമയത്ത് ഫണ്ട് ലഭിക്കാതെ വന്നതാണ് പദ്ധതിക്ക് തിരിച്ചടിയാവുന്നത്. പദ്ധതിപ്രകാരം ഒരുവര്‍ഷം മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും ഒരു തുകയും ഇതുവരെ ലഭിച്ചില്ല. ഗര്‍ഭിണികളിലും നവജാതശിശുക്കളിലും കണ്ടുവരുന്ന പോഷകാഹാര കുറവ് ആദിവാസി കുഞ്ഞുങ്ങളിലും സ്ത്രീകളിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. മൂന്നുമാസം ഗര്‍ഭിണിയായ അമ്മമാര്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം 18 മാസം തുടര്‍ച്ചയായി നല്‍കാനും, പ്രസവാനന്ത ചികി്ല്‍സയ്ക്കും യാത്രാചെലവിനുമായി പ്രത്യേകം ഫണ്ടു നല്‍കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
എന്നാല്‍, പദ്ധതി ജില്ലയിലെ ആദിവാസികള്‍ക്ക് ഉപകാരപ്പെട്ടില്ല. ഫണ്ട് ലഭിക്കുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വാദം. ജീവനക്കാരില്ലാത്തതിന്റെ പേരില്‍ വിവിധയിടങ്ങളില്‍ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ വഴി നടപ്പാക്കേണ്ട കുത്തിവയ്പ്പുകളും ആരോഗ്യ സര്‍വേകളും മുടങ്ങിയതും ആരോഗ്യ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കി. അങ്കണവാടികള്‍ വഴിയുള്ള ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, കുത്തിവയ്പ്പ് നടത്താത്ത കുട്ടികളെ കുറിച്ചുള്ള സര്‍വേകള്‍ എന്നിവയൊന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പോളിയോ, പെന്റാലന്റ്, കുഞ്ഞുങ്ങള്‍ക്കുള്ള വിറ്റമിന്‍ എ, എംഎംആര്‍ വാക്‌സിനകളും മിക്ക ആരോഗ്യ കേന്ദ്രങ്ങളിലും സ്‌റ്റോക്ക് തീര്‍ന്നതും സാധാരണക്കാര്‍ക്ക് തിരിച്ചടിയായി. ഇക്കാരണത്താല്‍ വിവിധ ഘട്ടങ്ങളില്‍ നല്‍കേണ്ട കുത്തിവയ്പ്പിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധരണക്കാര്‍. മിക്ക പദ്ധതികളും നടപ്പാക്കാന്‍ നിയോഗിച്ച ആശവര്‍ക്കര്‍മാരുടെ ഓണറേറിയും മുടങ്ങിയതും പദ്ധതികള്‍ പാളാന്‍ ഇടയാക്കി.
Next Story

RELATED STORIES

Share it