wayanad local

ആവശ്യത്തിനു മൃഗഡോക്ടര്‍മാരില്ല; ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍

പുല്‍പ്പള്ളി: ആവശ്യത്തിനു മൃഗഡോക്ടര്‍മാരില്ലാത്തത് കുടിയേറ്റ മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്കു വിനയായി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകരെത്തുന്നതും ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലാണ് ക്ഷീരകര്‍ഷകര്‍ ദുരിതമനുഭവിക്കുന്നത്.
1968ലെ ഒരു പഞ്ചായത്തില്‍ ഒരു മൃഗാശുപത്രി എന്ന മാനദണ്ഡമനുസരിച്ചാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ഇപ്പോഴും മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നത്. 1969ല്‍ പുല്‍പ്പള്ളിയില്‍ ഒരു മൃഗാശുപത്രി അനുവദിച്ച് ഒരു ഡോക്ടറെ നിയമിക്കുമ്പോള്‍ ക്ഷീരകര്‍ഷകര്‍ വളരെ കുറവായിരുന്നു. അതിനുശേഷം മുള്ളന്‍കൊല്ലിയില്‍ പുതിയ പഞ്ചായത്തുണ്ടായപ്പോള്‍ പാടിച്ചിറയിലും ഒരു മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കി.
ഇപ്പോള്‍ ഇരു പഞ്ചായത്തുകളിലുമായി 6,000ത്തിലധികം ക്ഷീരകര്‍ഷകരും 12,000ഓളം കറവപ്പശുക്കളുമുണ്ട്. സ്വന്തമായി പാല്‍ ശീതീകരണശാല അടക്കമുള്ള സൗകര്യങ്ങളുള്ള ഏഴു ക്ഷീരസംഘങ്ങളും മേഖലയിലുണ്ട്. ദിവസം അരലക്ഷത്തോളം ലിറ്റര്‍ പാലാണ് ഈ മേഖലയില്‍നിന്നു മില്‍മ ശേഖരിക്കുന്നത്.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥ തന്നെ ഇപ്പോള്‍ ക്ഷീരകര്‍ഷകരെ ആശ്രയിച്ചാണ്.
എന്നിട്ടും മേഖലയിലെ സര്‍ക്കാര്‍ സംവിധാനങ്ങളും സൗകര്യങ്ങളും 40 വര്‍ഷം മുമ്പുള്ളതു തന്നെയാണ്.
ഈ ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് പുല്‍പ്പള്ളിയിലെയും പാടിച്ചിറയിലെയും മൃഗാശുപത്രികള്‍ വെറ്ററിനറി പോളിക്ലിനിക്കായി ഉയര്‍ത്തണമെന്ന ക്ഷീരകര്‍ഷകരുടെ ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.
Next Story

RELATED STORIES

Share it