Idukki local

ആവശ്യങ്ങള്‍ അംഗീകരിച്ചു; മെഡിക്കല്‍ കോളജ് സമരം ഒത്തുതീര്‍പ്പായി

ചെറുതോണി: സിപിഐ(എം) ഇടുക്കി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ഗവ.മെഡിക്കല്‍ കോളജിനു മുമ്പില്‍ നടന്നു വന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഒത്തുതീര്‍പ്പായി.ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യങ്ങളെല്ലാം അംഗീകരിച്ചു നടപ്പിലാക്കാന്‍ ധാരണയായി. ലാബട്ടറി, എക്‌സ് - റേ സര്‍വ്വീസുകള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നതിന് ഒരാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കും.ഓര്‍ത്തോ വിഭാഗം ഡോക്ടറെ ഒരാഴ്ചയ്ക്കുള്ളില്‍ നിയമിക്കും. മെഡിക്കല്‍ കോളജിന്റെ ഒ.പി ഏഴുമുതല്‍ ആരംഭിക്കും. ശബരിമല സര്‍വീസിന് നല്‍കിയ ആംബുലന്‍സ് ഈ മാസം 15നകം തിരികെ വിളിക്കും. മെഡിക്കല്‍ കോളജ് വികസന സമിതി ഒരു മാസത്തിനകം രൂപീകരിക്കും. ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത പേവാര്‍ഡിലെ മുറികളില്‍ 5 എണ്ണം ആദ്യഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കും.അടുത്ത ഘട്ടത്തില്‍ എല്ലാ മുറികളും നല്‍കുന്നതിനും തീരുമാനിച്ചു. ജില്ലാ ആശുപത്രിയിക്ക് സ്വന്തമായുണ്ടായിരുന്ന ഏഴ് ഏക്കര്‍ സ്ഥലം ആശുപത്രിയ്ക്ക്  തിരികെ നല്‍കുന്നതിനും 300 ബെഡിന്റെ സൗകര്യങ്ങള്‍ ജനുവരി 30നകം ഏര്‍പ്പെടുത്താനും നടപടി സ്വീകരിയ്ക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത റോഷി അഗസ്റ്റിന്‍ എം.എല്‍.എ ഉറപ്പു നല്‍കി. ജില്ലാ ആശുപത്രിയുടെ മാനേജിങ്ങ് കമ്മിറ്റി പുനഃസംഘടിപ്പിക്കുമെന്നും കൂടുതല്‍ സഹായം നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസ് ഉറപ്പു നല്‍കി. ചര്‍ച്ചയില്‍ ഉണ്ടായ ധാരണകള്‍ ഒരു മാസത്തിനകം ജനപ്രതിനിധികളേയും സമരസമിതി നേതാക്കളേയും ഉള്‍പ്പെടുത്തി അവലോകനം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ചര്‍ച്ചയെ തുടര്‍ന്ന് സമരം പിന്‍വലിക്കുന്നതായി സമര സമിതി നേതാക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it