ആഴ്‌സനലും ചെല്‍സിയും പ്രീക്വാര്‍ട്ടറില്‍

ലണ്ടന്‍/ഏതന്‍സ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിധി ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ചെല്‍സിക്കും ആഴ്‌സനലിനുമുണ്ടായില്ല. നിര്‍ണായകമായ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ജയം നേടി ഇംഗ്ലണ്ടിലെ മുന്‍നിര ടീമുകളായ ചെല്‍സിയും ആഴ്‌സനലും പ്രീക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. ഇറ്റാലിയന്‍ ടീം എഎസ് റോമ, ഉക്രെയ്‌നില്‍ നിന്നുള്ള ഡയനാമോ കീവ്, ബെല്‍ജിയന്‍ ടീം ഗെന്റ് എന്നിവരാണ് അവസാന 16 ല്‍ ഇടംപിടിച്ച മറ്റു ടീമുകള്‍.
ഗ്രൂപ്പ് ഇയില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയെ ബയേര്‍ ലെവര്‍ക്യുസന്‍ 1-1നു കുരുക്കിയപ്പോള്‍ റോമയും ബെയ്റ്റ് ബോറിസോവും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് എഫില്‍ ആഴ്‌സനല്‍ 3-0ന് ഒളിംപിയാക്കോസിനെ മുക്കുകയായിരുന്നു. ബയേണ്‍ മ്യൂണിക്ക് 2-0ന് ഡയനാമോ സെഗ്രബിനെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ജിയി ല്‍ ചെല്‍സി 2-0ന് എഫ്‌സി പോര്‍ട്ടോയെയും ഡയനാമോ കീവ് 1-0ന് മക്കാബി ടെല്‍ അവീവിനെയും ഗ്രൂപ്പ് എച്ചില്‍ ഒളിംപിക് ലിയോണ്‍ 2-0ന് വലന്‍സിയയെയും ഗെന്റ് 2-1ന് സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെയും തോല്‍പ്പിച്ചു.
ഗോള്‍ ശരാശരിയില്‍ റോമ തടിതപ്പി
ഗ്രൂപ്പ് ഇയില്‍ ദുര്‍ബലരായ ബെയ്റ്റുമായി ഗോള്‍രഹിത സമ നില വഴങ്ങിയ റോമ മികച്ച ഗോള്‍ശരാശരിയുടെ മാത്രം ആനുകൂല്യത്തിലാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ബാഴ്‌സയും ലെവര്‍ക്യുസനും 1-1നു പിരിഞ്ഞ തും റോമയ്ക്കു തുണയായി. ലെവര്‍ക്യുസന്‍ ബാഴ്‌സയെ അട്ടിമറിച്ചിരുന്നെങ്കില്‍ റോമ പുറത്താവുമായിരുന്നു.
ജര്‍മനിയില്‍ നടന്ന കളിയില്‍ സൂപ്പ ര്‍ താരം ലയണല്‍ മെസ്സി 20ാം മിനിറ്റില്‍ നേടിയ ഗോളില്‍ ലെവര്‍ക്യൂസനെതിരേ ബാഴ്‌സയാണ് ആദ്യം മുന്നിലെത്തിയത്. 23ാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസിലൂടെ ലെവര്‍ക്യുസന്‍ സമനില പിടിച്ചുവാങ്ങി. സമനിലയോടെ ലെവര്‍ക്യുസന്‍ പുറത്തായി. ബാഴ്‌സയ്ക്കു പിന്നില്‍ രണ്ടാംസ്ഥാനക്കാരായാണ് റോമ പ്രീക്വാര്‍ട്ടറില്‍ കടന്നത്.
ഗണ്ണേഴ്‌സ്‌ രക്ഷകനായി ഒലിവര്‍ ജിറൂഡ്
ടൂര്‍ണമെന്റില്‍ നിന്നു പുറത്താവലിന്റെ വക്കിലായിരുന്ന ആഴ്‌സനല്‍ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയാണ് നോക്കൗട്ട്‌റൗണ്ടില്‍ കടന്നത്. തോറ്റാല്‍ പുറത്താവുമെന്ന് ഉറപ്പായ എവേ മല്‍സരത്തില്‍ ഗ്രീക്ക് ടീം ഒളിംപിയാക്കോസിനെ ഗണ്ണേഴ്‌സ് 3-0ന് തകര്‍ക്കുകയായിരുന്നു. ഹാട്രിക്കോടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂഡാണ് ആഴ്‌സനലിന്റെ ഹീറോയായത്. 29, 49, 66 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക് പ്രകടനം.
അതേസമയം, സെഗ്രബിനെതിരേ ബയേണിന്റെ രണ്ടു ഗോളും പോളണ്ട് ഗോളടിവീരന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ വകയായിരു ന്നു. ബയേണാണ് ഗ്രൂപ്പ് ചാംപ്യന്‍മാര്‍, ആഴ്‌സനല്‍ രണ്ടാമതെത്തി.
മൊറീഞ്ഞോയ്ക്ക് ആശ്വാസം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട ചെല്‍സി കോച്ച് ജോസ് മൊറീഞ്ഞോയ്ക്ക് ആശ്വാസമേകുന്നതാണ് ചെല്‍സിയുടെ പ്രീക്വാര്‍ട്ട ര്‍ പ്രവേശനം.
സ്വന്തം മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഇവാന്‍ മാര്‍കാനോയുടെ (12ാം മിനിറ്റ്) സെല്‍ഫ് ഗോളില്‍ ലീഡ് നേടിയ ചെല്‍സി 52ാം മിനിറ്റില്‍ വി ല്ല്യന്റെ ഗോളിലൂടെ ജയമുറപ്പിക്കുകയായിരുന്നു.
എന്നാല്‍ പ്രീക്വാര്‍ട്ടറിന് കൈയെത്തുംദൂരത്തായിരുന്ന പോര്‍ട്ടോയ്ക്ക് കനത്ത ആഘാതമായി ഈ തോല്‍വി. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഡയനാ മോ കീവിന്റെ ജയമാണ് പോര്‍ട്ടോയ്ക്ക് പുറത്തേക്കു വഴിതുറന്നത്. ചെല്‍സിയാണ് ഗ്രൂപ്പില്‍ ജേതാക്കളായത്. കീവ് റണ്ണറപ്പായി.
അദ്ഭുതമായി ഗെന്റ്
ടൂര്‍ണമെന്റിലെ അദ്ഭുതമാവുകയാണ് ബെല്‍ജിയത്തു നിന്നുള്ള ക്ലബ്ബായ ഗെന്റ്. ഗ്രൂപ്പ് എച്ചിലെ അവസാന കളിയില്‍ നേരത്തേ തന്നെ ഒന്നാംസ്ഥാനമുറപ്പിച്ച സെനിത്തിനെ 2-0ന് അട്ടിമറിച്ചാണ് ഗെന്റ് പ്രീക്വാര്‍ട്ടറലെത്തി ചരിത്രം കുറിച്ചത്. ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ബെല്‍ജിയം ടീമാണ് ഗെന്റ്. സെനിത് ഗ്രൂപ്പില്‍ ഒന്നാമതും ഗെന്റ് രണ്ടാമതുമെത്തി.
Next Story

RELATED STORIES

Share it