Kerala

ആഴ്ചയില്‍ അഞ്ചുദിവസം മന്ത്രിമാര്‍ തലസ്ഥാനത്തു വേണമെന്ന് മുഖ്യമന്ത്രി; വിവാദ ഉത്തരവുകള്‍: മന്ത്രിസഭാ ഉപസമിതി 30ന്

ആഴ്ചയില്‍ അഞ്ചുദിവസം മന്ത്രിമാര്‍ തലസ്ഥാനത്തു വേണമെന്ന് മുഖ്യമന്ത്രി; വിവാദ ഉത്തരവുകള്‍:  മന്ത്രിസഭാ ഉപസമിതി 30ന്
X
niyamasabha-infocus

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ ഉത്തരവുകള്‍ പുനപ്പരിശോധിക്കാന്‍ പിണറായി സര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ ആദ്യയോഗം 30നു ചേരും. ഉപസമിതി കണ്‍വീനറായ മന്ത്രി എ കെ ബാലന്‍ അറിയിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ യുഡിഎഫ് മന്ത്രിസഭ കൈക്കൊണ്ട വിവാദ ഉത്തരവുകളില്‍ നിയമവിരുദ്ധമായവ ഉണ്ടോയെന്നു പരിശോധിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന എല്‍ഡിഎഫിന്റെ ആദ്യ മന്ത്രിസഭാ യോഗമാണു തീരുമാനിച്ചത്. മന്ത്രിമാരായ ടി എം തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണു സമിതിയിലെ അംഗങ്ങള്‍. എത്രയും വേഗം പരിശോധന പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാനാണു മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.
അതേസമയം, അടുത്ത ആറുമാസ കാലയളവില്‍ ആഴ്ചയില്‍ അഞ്ചുദിവസം മന്ത്രിമാരെല്ലാം തലസ്ഥാനത്തെ ഓഫിസില്‍ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പുതുമുഖങ്ങളുമായി ചുമതലയേറ്റ സര്‍ക്കാരിന് ആദ്യത്തെ ആറുമാസം നിര്‍ണായകമായിരിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നിരിക്കെ ഏകോപനസ്വഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നാണു മന്ത്രിസഭയുടെ വിലയിരുത്തല്‍.
കാതലായ നിരവധി വാഗ്ദാനങ്ങളുമായി ഭരണത്തിലെത്തിയ സാഹചര്യത്തില്‍ ജനകീയ പദ്ധതികള്‍ ഉള്‍പ്പെടെ വേഗത്തില്‍ നടപ്പാക്കുകയാണു ആദ്യ കടമ്പ. ഇതിന്റെ പശ്ചാത്തലത്തിലാണ് വിലക്കയറ്റം, ക്ഷേമപെന്‍ഷന്‍, നിയമനനിരോധനം, മഴക്കാലപൂര്‍വ ശുചീകരണം ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ മന്ത്രിസഭ കൈക്കൊണ്ടത്. സര്‍ക്കാരിനുള്ള ജനപിന്തുണ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു പുതിയ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തുണ്ടായ പദ്ധതികളിലെ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന ഉറപ്പില്‍ തുടക്കത്തില്‍തന്നെ നടപടികള്‍ ആരംഭിച്ചതും ഇതിന്റെ ഭാഗമായാണ്. അതിനിടെ, പുതിയ മന്ത്രിസഭയുടെ ആദ്യ പ്രവൃത്തിദിനമായ ഇന്നലെ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയും ഇന്റലിജന്‍സ് എഡിജിപി ഹേമചന്ദ്രനും മുഖ്യമന്ത്രിയെ കണ്ടു.
ഇതിനു പിന്നാലെ നിയമമന്ത്രി എ കെ ബാലനും ഓഫിസിലെത്തി. തുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ ഉത്തരവുകള്‍ പുനപ്പരിശോധിക്കാനുള്ള മന്ത്രിസഭാ ഉപസമിതി യോഗം 30ന് ചേരുമെന്ന് കണ്‍വീനര്‍ കൂടിയായ എ കെ ബാലന്‍ അറിയിച്ചത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. നിയമവാഴ്ച വാക്കിലൂടെയല്ല, പ്രവൃത്തിയിലൂടെ വേണം കാണിക്കാനെന്നും എല്ലാവര്‍ക്കും നീതി ഉറപ്പാക്കി നിയമം നിയമത്തിന്റെ വഴിക്കു വിടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെടുത്ത വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ ഉപദേശം.
Next Story

RELATED STORIES

Share it