kannur local

ആഴക്കടലില്‍ ബോട്ട് തകര്‍ന്ന സംഭവം: തീരദേശ പോലിസിനു അവ്യക്തത

കണ്ണൂര്‍: മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷയെചൊല്ലി വാദപ്രതിവാദങ്ങള്‍ തുടരുമ്പോഴും അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചോടെ കോഴിക്കോടിനും വടകരയ്ക്കുമിടയില്‍ താനൂരില്‍ കപ്പലിടിച്ച് തകര്‍ന്ന മല്‍സ്യബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ മരണവുമായി മല്ലടിച്ചത് മണിക്കൂറുകളാണ്. അഴീക്കലില്‍ നിന്നു മീന്‍ പിടിക്കാന്‍ പോയ സെന്റ് ആന്റണീസ് എന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ബോട്ടാണ് കപ്പലിടിച്ച് തകര്‍ന്നു മുങ്ങിപ്പോയത്. സ്രാങ്ക് ഉള്‍പ്പെടെ ബോട്ടില്‍ എട്ടു പേരാണുണ്ടായിരുന്നത്. എന്നാല്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനോ കരയ്‌ക്കെത്തിക്കാനോ ശ്രമിക്കാതെ ശ്രമിക്കാതെ കപ്പല്‍ പോയി. ഇരുട്ടായതിനാല്‍ കപ്പല്‍ ഏതു രാജ്യത്തിന്റേതാണെന്നു തിരിച്ചറിയാനായിട്ടില്ല.
തകര്‍ന്ന ബോട്ടിന്റെ മരപ്പലകകളില്‍ പിടിച്ചുതൂങ്ങിയാണ് പലരും രക്ഷപ്പെട്ടത്. നാലുമണിക്കൂറോളം മരണവുമായി മുഖാമുഖം കണ്ടതായി തൊഴിലാളികള്‍ പറഞ്ഞു. രാവിലെ ഒമ്പതോടെ ഇതുവഴിയെത്തിയ ലിയോ എന്ന മല്‍സ്യബന്ധന ബോട്ടിലെ ജീവനക്കാരാണ് എല്ലാവരെയും രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്. ബോട്ടിന്റെ സ്രാങ്ക് കന്യാകുമാരി തുത്തൂരിലെ തദേശ്(49), തുത്തൂര്‍ കമ്മ്യൂണിറ്റു ഹാളിനു സമീപത്തെ വില്‍സണ്‍(42), തിരുവനന്തപുരം പൊഴിയൂരിലെ അനില്‍(28), തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ വര്‍ഗീസ്(41), സില്‍വ(44), പ്രദീപന്‍(36), ജെറാള്‍ഡ്(52), പൊഴിയൂര്‍ സ്വദേശികളായ സുരേന്ദ്രന്‍ (35) എന്നിവരാണു കടലില്‍ അക്പപെട്ടുപോയത്. ഇതില്‍ തദേശിന്റെ തലയ്ക്കു സാരമായ പരിക്കുണ്ട്. മറ്റുള്ളവര്‍ക്ക് പരിക്കില്ലെങ്കിലും ശാരീരിക അവശത കാരണം ചികില്‍സ നല്‍കുകയായിരുന്നു. അപകടത്തില്‍ പ്പെട്ടവരെ രക്ഷിച്ച ശേഷം അഴീക്കല്‍ തീരദേശ പോലിസില്‍ വിവരമറിയിച്ച് അവര്‍ക്കു കൈമാറി. ഇവരാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ ബോട്ട് തകര്‍ന്ന സംഭവത്തില്‍ ദുരൂഹതയുയര്‍ന്നിട്ടുണ്ട്. അപകടം നടന്ന് ഒരുദിവസം കഴിഞ്ഞാണ് വിവരങ്ങള്‍ പുറത്തുവന്നത്. അപകടസമയത്ത് ഇതുവഴി കൂടെ കടന്നുപോയ കപ്പലുകളെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്നാണ് പറയുന്നതെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. അപകടം നടന്ന സ്ഥലത്തെ തീരത്തേക്ക് തകര്‍ന്ന ബോട്ടിലുണ്ടായിരുന്നവരെ കൊണ്ടുപോവാത്തതും സംശയത്തിനിടയാക്കിയിട്ടുണ്ട്. എണ്ണ ടാങ്കുമായി പോവുകയായിരുന്ന കപ്പലാണ് ഇടിച്ചതെന്നും വിദേശ കപ്പലാണെന്നും അഭ്യൂഹമുണ്ട്.
തീരദേശ പോലിസിനും ഇക്കാര്യത്തില്‍ വ്യക്തതയില്ല. അന്വേഷണം നടക്കുകയാണെന്ന് തീരദേശ പോലിസ് അറിയിച്ചു. വിദേശട്രോളറുകളും കപ്പലുകളും മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് ഭീഷണിയുയര്‍ത്തുന്നതായി നേരത്തേ മല്‍സ്യത്തൊഴിലാളികള്‍ ആരോപിച്ചിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള മല്‍സ്യബന്ധന കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍പീടിക്കുന്നതായും ഇത്തരം കപ്പലുകള്‍ ബോട്ടുകള്‍ക്കു സമീപത്തേക്ക് ഓടിച്ച് ഓളങ്ങള്‍ സൃഷ്ടിച്ച് ഭീതിപ്പെടുത്തുന്നതായും മല്‍സ്യത്തൊഴിലാളി സംഘടനകള്‍ ആരോപിച്ചിരുന്നു. ഇത്തരം കടന്നുകയറ്റങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് മല്‍സ്യതൊഴിലാളികളുടെ ആവശ്യം.
സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും മല്‍സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്‌മെന്റ് ട്രസ്റ്റ് (ഐഎന്‍എഫ് ഐഡിടി) അധികൃതര്‍ തമിഴ്‌നാട് മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി, തമിഴ്‌നാട് ഫിഷറീസ് വകുപ്പ് മന്ത്രി, ഫിഷറീസ് സെക്രട്ടറി, കന്യാകുമാരി ജില്ലാ കലക്ടര്‍, കന്യാകുമാരി ഫിഷറീസ് അധികൃതര്‍ എന്നിവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it