thiruvananthapuram local

ആളുമാറി സംസ്‌കരിക്കാന്‍ കൊണ്ടുപോയ മൃതദേഹം വീട്ടുകാര്‍ക്ക് തിരിച്ചുകിട്ടി

കല്ലമ്പലം: പരവൂര്‍ ദുരന്തത്തില്‍ മരിച്ച് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം ആളുമാറി മൂന്നിടത്ത് സംസ്‌കരിക്കാന്‍ കൊണ്ടുപോയെങ്കിലും അവരുടേതല്ലെന്ന് സ്ഥിതീകരിച്ച് കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് തിരിച്ചുകൊണ്ടുവന്ന മൃതദേഹം ഒടുവില്‍ യഥാര്‍ഥ വീട്ടുകാര്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. നാവായിക്കുളം വെട്ടിയറ ആലുംകുന്ന് കോളനിയില്‍ അനി (36) യുടെ മൃതദേഹമാണ് ആളുമാറി മൂന്നിടത്ത് സംസ്‌കരിക്കാന്‍ കൊണ്ടുപോയത്.
കടയ്ക്കല്‍, വെഞ്ഞാറമൂട്, ചടയമംഗലം എന്നിവിടങ്ങളിലാണ് വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലുള്ള അനിയുടെ മൃതദേഹം ആളുമാറി സഞ്ചരിച്ചത്. അതിനിടയില്‍ അനിയുടെ വീട്ടുകാര്‍ അദ്ദേഹത്തെ കാണാനില്ലെന്ന് പോലിസില്‍ വിവരമറിയിച്ചിരുന്നു.
അപകട ദിവസം രാത്രി അനിയും സുഹൃത്ത് പ്രദീപും ഒരുമിച്ചിരുന്ന് കമ്പം കണ്ടിരുന്നതായി ഒരകന്ന ബന്ധു വീട്ടുകാരോട് പറഞ്ഞു. അതില്‍ പ്രദീപ് മരിച്ചിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ കൊല്ലത്തും കരുനാഗപ്പള്ളിയിലും തിരുവനന്തപുരത്തുമുള്ള ആശുപത്രികളെല്ലാം അരിച്ചുപെറുക്കിയെങ്കിലും അനിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പരവൂരിലുള്ള ഒരു ഫേയ്‌സ് ബുക്ക് ഗ്രൂപ്പില്‍ കത്തികരിഞ്ഞ മൃതദേഹത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത് അനിയുടെ ബന്ധുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. അതിന് അനിയുടേതുമായി സാമ്യമുള്ളതായും ബന്ധുക്കള്‍ സ്ഥിതീകരിച്ചു.
നാവായിക്കുളം പഞ്ചായത്തംഗം സുനിതയുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ കൊല്ലം കിളികൊല്ലൂര്‍ പോലിസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. പോലിസ് ഫേയ്‌സ് ബുക്ക് ഗ്രൂപ്പുമായി ബന്ധപ്പെടുകയും അതെടുത്ത ഫോട്ടോഗ്രാഫറെ വിളിച്ചുവരുത്തി ഫോട്ടോകളെല്ലാം കലക്ട് ചെയ്യുകയും ചെയ്തു.
പ്രസ്തുത മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായും അന്വേഷണത്തില്‍ മനസിലായി. എന്നാല്‍ മൂന്നിടത്ത് കൊണ്ടുപോയി വിവാദം സൃഷ്ടിച്ച മൃതദേഹം പെട്ടെന്ന് വിട്ടുകൊടുക്കാന്‍ പോലിസ് തയ്യാറായിരുന്നില്ല. വ്യക്തമായ അടയാളങ്ങള്‍ വേണമെന്ന് പോലിസ് ആവശ്യപ്പെട്ടു. ബന്ധുക്കള്‍ പറഞ്ഞ അടയാളങ്ങളെല്ലാം ഒത്തുനോക്കി ഉറപ്പുവരുത്തിയ ശേഷം മൃതദേഹം വിട്ടുകൊടുക്കുകയും ചൊവ്വാഴ്ച രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു. ഭാര്യ: സുനിത, മക്കള്‍: അനീഷ്, അഖില.
Next Story

RELATED STORIES

Share it