Idukki local

ആളുമാറി യുവാക്കളെ മര്‍ദ്ദിച്ചു; ഇടുക്കി എസ്‌ഐയ്‌ക്കെതിരേ പരാതി

ചെറുതോണി: ഇടുക്കി സ്റ്റേഷനില്‍ എസ്‌ഐ ആളുമാറി യുവാക്കളെ മര്‍ദ്ദിച്ചതായി പരാതി.യുവാക്കളുടെ ബന്ധുക്കള്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി. അടിമാലി കത്തിപ്പാറ പുളിക്കകണ്ടത്തില്‍ ഷാജു(41), പുത്തന്‍പുരയ്ക്കല്‍ ദീപു(26) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ 16ന് ഷാജുവിന്റെ സഹോദരന്റെ കൈ മിഷ്യന്‍വാളുകൊണ്ട് മുറിഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.
മുറിവ് ഗുരുതരമായതിനാല്‍ ഓപറേഷന്‍ തിയേറ്ററില്‍ കയറ്റിയതിനെ തുടര്‍ന്ന് ഷാജുവും ദീപുവും ആശുപത്രിയുടെ പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെ യാതൊരു പ്രകോപനവുമില്ലാതെ ഇടുക്കി സ്റ്റേഷനിലെ എസ്‌ഐ ഗോപിനാഥന്‍ സ്ഥലത്തെത്തി ചീത്ത വിളിക്കുകയും കരണത്തടിക്കുകയും ഷൂ ഇട്ട് എളിയ്ക്ക് ചവിട്ടുകയും ചെയ്തതായി ഇവര്‍ പറഞ്ഞു. പിന്നീട് ഇവരെ വണ്ടിയില്‍ കയറ്റി ആശുപത്രി ജീവനക്കാരുടെ അടുത്തുകൊണ്ടുവന്ന് ഇവരാണോ ബഹളംവച്ചതെന്ന് ചോദിച്ചു. ഇവരല്ല ബഹളം വച്ചതെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിച്ചെങ്കിലും വീണ്ടും ജീപ്പില്‍ കയറ്റി പോലിസ് സ്‌റ്റേഷന് സമീപം വഴിയില്‍ ഇറക്കി വിട്ടു.
ആശുപത്രിയില്‍ മറ്റു ചിലര്‍ ബഹളം വച്ചതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി അധികൃതര്‍ പോലിസ് സഹായം തേടിയത്. പരിക്കുപറ്റിയ ഇരുവരും മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.ചൊവ്വാഴ്ച്ച പ്രിന്‍സിപ്പല്‍ എസ്‌ഐ ആശുപത്രിയിലെത്തി യുവാക്കളുടെ മൊഴിയെടുത്തു. യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇടുക്കി എസ്‌ഐ ഗോപിനാഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ യുവജന സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it