ആളും ആരവവുമില്ല; സാഫ് കപ്പ് ഫുട്‌ബോള്‍ ഉദ്ഘാടന മല്‍സരത്തിന്റെ നിറംമങ്ങി

തിരുവനന്തപുരം: ആളും ആരവവുമില്ലാത്ത ഗാലറിക്കുമുന്നില്‍ 11ാമത് സാഫ് കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മല്‍സരം. നേപ്പാളും ശ്രീലങ്കയും തമ്മിലുള്ള മല്‍സരമാണ് കാണികളുടെ പങ്കാളിത്തമില്ലാതെ വിരസമായത്. 55,000 കാണികളെ ഉള്‍ക്കൊള്ളാവുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ കേവലം മുന്നൂറില്‍ താഴെ ആളുകള്‍ മാത്രമാണ് മല്‍സരം വീക്ഷിക്കാനെത്തിയത്.
ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് വിതരണത്തിന് മികച്ച പ്രതികരണമാണു ലഭിച്ചതെന്ന സംഘാടകരുടെ വാദത്തിനു വിപരീതമായി ഗാലറികള്‍ ഒഴിഞ്ഞുകിടന്നു. എന്നാല്‍, ഗ്രൂപ്പ് എയിലെ താരതമ്യേന ദുര്‍ബലടീമുകളുടെ മല്‍സരമായതിനാലാണ് കാണികളുടെ എണ്ണത്തില്‍ കുറവുണ്ടായതെന്നാണ് സംഘാടകര്‍ പ്രതികരിച്ചത്.
അതേസമയം, അന്താരാഷ്ട്ര നിലവാരമുള്ള ടൂര്‍ണമെന്റിന് ഉദ്ഘാടന ചടങ്ങൊരുക്കാന്‍ പോലും സംഘാടകര്‍ക്കായില്ല. മല്‍സരത്തിനു മുമ്പ് ലൈനപ്പായ ടീമുകളെ അഭിവാദ്യം ചെയ്യാന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എത്തിയതൊഴിച്ചാല്‍ മറ്റ് ചടങ്ങുകളൊന്നും സംഘടിപ്പിച്ചിരുന്നില്ല. തിരുവനന്തപുരം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വി ശിവന്‍കുട്ടി എംഎല്‍എ, എം എ വാഹിദ് എംഎല്‍എ എന്നിവരും മന്ത്രിക്കൊപ്പമെത്തി.
അതേസമയം, സംഘാടകരുടെ പിഴവിനെച്ചൊല്ലി കേരള ഫുട്‌ബോള്‍ അസോസിയേഷനും വേള്‍സ് സ്‌പോര്‍ട്‌സ് ഗ്രൂപ്പും തമ്മില്‍ നിലനില്‍ക്കുന്ന ശീതസമരത്തിന് ഇന്നലെയും പരിഹാരമായില്ല. ടീമുകള്‍ക്ക് മികച്ച സൗകര്യമൊരുക്കുന്നതില്‍ വീഴ്ച നേരിട്ടതായി പരിശീലകര്‍ പരാതി ഉന്നയിച്ചിരുന്നു. ആദ്യമല്‍സരത്തിലും സംഘാടകരുടെ പിഴവു പ്രകടമായി.
Next Story

RELATED STORIES

Share it