Pathanamthitta local

ആളും ആരവവും ഇല്ലാതെ രണ്ടാം ദിനവും

തിരുവല്ല: റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റ രണ്ടാം ദിനവും ആളും ആരവവും ഇല്ലാതെ കടന്നു പോയി. പ്രധാന വേദിയില്‍ പോലും കാണികള്‍ ഇല്ലാത്തത് മല്‍സരാര്‍ത്ഥികളുടെ ആത്മവിശ്വാസവും കെടുത്തി. കലോത്സവങ്ങളുടെ ജനപ്രിയ ഇനങ്ങളായ ഭരതനാട്യം, തിരുവാതിര, വഞ്ചിപ്പാട്ട് എന്നിവയ്ക്കു പോലും വിരലിലെണ്ണാവുന്ന കാണികള്‍ മാത്രമാണ് സദസ്സിലുണ്ടായിരുന്നത്. രാവിലെ ഒന്‍പതരയ്ക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മത്സരയിനങ്ങളെല്ലാം തുടങ്ങാന്‍ രണ്ട് മണിക്കൂറോളം വൈകി.
വിധി കര്‍ത്താക്കളും മല്‍സരാര്‍ത്ഥികളും തയ്യാറായി എത്തിയിരുന്നെങ്കിലും കാണികളെ കാത്തിരുന്നതാണ് മത്സരം നീളാന്‍ കാരണം. അവസാനം രണ്ട് മണിക്കൂര്‍ വൈകിയതോടെ മത്സരാര്‍ത്ഥികള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ പ്രതിഷേധിച്ചതോടെ രണ്ടുംകല്പിച്ച് മത്സരങ്ങള്‍ തുടങ്ങുകയായിരുന്നു.കലോല്‍സവം നടക്കുന്ന തിരുമൂലപുരത്തെ സ്‌കൂളുകളുടെ ചുറ്റുമുള്ള പ്രദേശത്ത് പോലും ഒരു ഉത്സവപ്രതീതി ഉണ്ടാക്കാന്‍ സംഘാടക സമിതിക്കായിട്ടില്ല. പ്രാദേശികമായി കാണികളെ ആകര്‍ഷിക്കാനോ നാടിളക്കി ഒരു ആഘോഷം നടത്താനോ കലോല്‍സവത്തിനായില്ല.
മുന്‍ വര്‍ഷങ്ങളില്‍ കൊടുമണ്‍, വെണ്ണിക്കുളം, കോഴഞ്ചേരി എന്നിവിടങ്ങളില്‍ നടന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു യു.പി സ്‌കൂളിലെ കലാ മല്‍സരത്തിന്റെ സംഘാടന മികവു പോലും ഇക്കുറി ഉണ്ടായില്ല.
പോലിസും ഫയര്‍ഫോഴ്‌സും ആംബുലന്‍സും തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കലോത്സവം എന്നാല്‍ കലാ മല്‍സരമാണെന്ന തിരിച്ചറിവ് സംഘാടകര്‍ക്ക് ഉണ്ടായതായി തോന്നിയില്ല.
Next Story

RELATED STORIES

Share it