ernakulam local

ആലപ്പുഴ മോഡല്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതി നടപ്പാക്കും: ജില്ലാ കലക്ടര്‍

മരട്: രാജ്യാന്തര മാര്‍ക്കറ്റിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ആലപ്പുഴ മാര്‍ക്കറ്റിലെ അതേ മാലിന്യ നിര്‍മാര്‍ജന പദ്ധതി നടപ്പാക്കുമെന്ന് തീരുമാനം.
തിങ്കളാഴ്ച കലക്ടറുടെ ചേംബറില്‍ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹാരം കാണുന്നതിനായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കൂടാതെ മാര്‍ക്കറ്റില്‍ അനധികൃതമായി താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ വ്യാപാരികള്‍ എടുക്കണം. അല്ലാത്തപക്ഷം കച്ചവടക്കാര്‍ക്കെതിരേ നടപടി എടുക്കും. നിലവിലുള്ള വാച്ച്മാന്‍മാരെ മാറ്റി പുതിയ ആളുകളെ നിയമിക്കും. മാര്‍ക്കറ്റ് രാത്രി 10 മണിക്ക് അടച്ചിടുകയും വെളുപ്പിന് തുറക്കാവുന്ന രീതിയും നടപ്പാക്കും.
നഗരസഭ വഴി കടകള്‍ക്ക് ലൈസന്‍സ് നല്‍കാനും തീരുമാനമായി.
മരട് മാര്‍ക്കറ്റിലെ വര്‍ഷങ്ങള്‍ നീണ്ട മാലിന്യ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം ഉണ്ടായിരിക്കുന്നത്. എന്നാല്‍ റോഡിന്റെ ശോച്യാവസ്ഥയ്ക്കും വഴിവിളക്കുകള്‍ക്കും കൂടി പരിഹാരം കാണണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
നിരവധി പ്രക്ഷോഭങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ശേഷമാണ് പ്രശ്‌ന പരിഹാരത്തിന് ഒരു തീരുമാനമുണ്ടായത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാര്‍, കൗണ്‍സിലര്‍മാര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it