Alappuzha local

ആലപ്പുഴ നഗരത്തിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു

ആലപ്പുഴ: കാല്‍നടയാത്രികര്‍ക്ക് തടസ്സമായി നിന്ന നഗരത്തിലെ അനധികൃത കൈയേറ്റങ്ങള്‍ നഗരസഭാ അധികൃതര്‍ ഒഴിപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതോടെ തുടങ്ങിയ ഒഴിപ്പിക്കല്‍ വൈകീട്ട് മൂന്നു വരെ നീണ്ടു. ആലപ്പുഴ സീറോ ജങ്ഷന്‍ മുതല്‍ തോണ്ടന്‍കുളങ്ങര ജങ്ഷന്‍ വരെയുള്ള അനധികൃത കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്.
കാല്‍നടയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സമായി നിലനിന്നിരുന്ന ബോര്‍ഡുകള്‍, ഷീറ്റുകള്‍, താല്‍ക്കാലിക ഷെഡുകള്‍ എന്നിവയാണ് പൊളിച്ചുനീക്കിയത്. കച്ചവട സ്ഥാപനങ്ങള്‍ ഫൂട്പാത്ത് കൈയേറി സ്ഥാപിച്ചവയായിരുന്നു പലതും. ഒഴിപ്പിക്കല്‍ നടപടി വരും ദിവസങ്ങളിലും തുടരുമെന്ന് നഗരസഭാധികൃതര്‍ വ്യക്തമാക്കി.
വഴിയോര കച്ചവടസ്ഥാപനങ്ങള്‍ ഒഴിപ്പിക്കാനാണ് നഗരസഭാ ജീവനക്കാര്‍ എത്തിയതെന്ന ധാരണയില്‍ വഴിയോരകച്ചവട യൂനിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ 15 ദിവസങ്ങള്‍ക്ക് ശേഷം മാത്രമെ

വഴിയോര കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ തീരുമാനമെടുക്കൂ എന്ന് ജീവനക്കാര്‍ വ്യക്തമാക്കി.
നോട്ടീസ് നല്‍കാതെ വഴിയോര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കുന്നതിനെതിരേ നല്‍കിയ ഹരജിയില്‍ ഒഴിപ്പിക്കല്‍ നടപടി തടഞ്ഞ് കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവുമായാണ് വഴിയോര കച്ചവട യൂനിയനുകള്‍ പ്രതിഷേധവുമായി എത്തിയത്.
നഗരത്തില്‍ വ്യാപകമായി റോഡ് കൈയേറി വഴിവാണിഭം നടത്തുന്നവര്‍ക്കെതിരേ നടപടി എടുക്കാതെ ഒരു വിഭാഗത്തിന് നേരെ മാത്രമാണ് ഇപ്പോഴത്തെ നീക്കമെന്ന് വ്യാപാരികള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ റോഡ് കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയില്‍ നിന്ന് വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിന്മാറിയിരുന്നു.
Next Story

RELATED STORIES

Share it