Alappuzha local

ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിന് 10 കോടി അനുവദിക്കുമെന്ന് മന്ത്രി

ആലപ്പുഴ: ആലപ്പുഴ നഗരസഭാ ഇഎംഎസ് സ്റ്റേഡിയത്തിന്റെ പൂര്‍ത്തീകരണത്തിനായി 10 കോടി അനുവദിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉറപ്പുനല്‍കി.
പാതിവഴിയില്‍ നിര്‍മാണം നിലച്ച സ്റ്റേഡിയത്തിനായി കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫിന്റെ നേതൃത്വത്തില്‍ നഗരസഭാംഗങ്ങള്‍ തിരുവനന്തപുരത്ത് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തുക നല്‍കാന്‍ തീരുമാനമായത്.
സ്റ്റേഡിയത്തില്‍ നിന്നുള്ള വരുമാനത്തിന്റെ 60 ശതമാനം നഗരസഭയ്ക്കും 40 ശതമാനം സ്‌പോര്‍ട്‌സ് കൗണ്‍സിലിനുമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം നഗരസഭാ കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് വച്ച് തീരുമാനമെടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. 10 കോടി രൂപ ബജറ്റില്‍ അനുവദിക്കുമെന്നും കൂടുതല്‍ പണം ആവശ്യം വരുന്ന സാഹചര്യത്തില്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
നാഷണല്‍ ഗെയിംസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടെക്‌നിക്കല്‍ കമ്മിറ്റി സ്റ്റേഡിയം പരിശോധിച്ചതിന് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 12 കോടി മുടക്കിയാണ് സ്റ്റേഡിയം നിര്‍മിച്ചത്. എന്നാല്‍ നഗരസഭയുടെ ഭരണം കൈയാളിയിരുന്ന എല്‍ഡിഎഫ് സ്റ്റേഡിയം പൂര്‍ത്തീകരിണത്തിന് ശ്രമം നടത്തിയില്ല.
സ്റ്റേഡിയത്തിനായി രണ്ടുവര്‍ഷം മുമ്പ് മന്ത്രിയുമായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചര്‍ച്ച നടത്തിയെങ്കിലും ഇക്കാര്യം കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് വച്ചിരുന്നില്ല. അന്ന് വരുമാനത്തിന്റെ 50 ശതമാനമാണ് നഗരസഭയ്ക്ക് നല്‍കാമെന്ന് മന്ത്രി അറിയിച്ചിരുന്നത്. അത് ഇന്ന് 60 ശതമാനമായി ഉയര്‍ത്തുമെന്ന് മന്ത്രി പറഞ്ഞതായി ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു.
എ എ റസാക്ക്, എ എ ഷുക്കൂര്‍, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. ജി മനോജ്കുമാര്‍, രാജു താന്നിക്കല്‍, ബി മെഹബൂബ്, ഷോളി സിദ്ധകുമാര്‍, പ്രതിപക്ഷ കൗണ്‍സിലര്‍മാരായ സിപിഐയിലെ റെമീസത്ത്, ബിജെപി അംഗം ഹരികുമാര്‍, പിഡിപി അംഗം സജിന എന്നിവര്‍ മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it