Alappuzha local

ആലപ്പുഴയില്‍ 223.76 കോടി രൂപയുടെ ബജറ്റ്

ആലപ്പുഴ: വികസന - ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ആലപ്പുഴ നഗരസഭയില്‍ ഒരു വ്യാഴ വട്ടക്കാലത്തിന് ശേഷം യുഡിഎഫ് ബജറ്റ് അവതരിപ്പിച്ചു.
223,76,70,600 രൂപ വരവും 223,93,44,020 രൂപ ചെലവും 10,04,68,210 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബീന കൊച്ചുവാവ അവതരിപ്പിച്ചത്. ചട്ടവിരുദ്ധമായും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ആരോപിച്ചു സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായിരുന്നു ബജറ്റ് അവതരണം. ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്നു നടക്കും.
നഗരസഭയില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ഭവനപദ്ധതിയില്‍പ്പെടുത്തി ഈ വര്‍ഷം ആയിരം വീടുകള്‍ നിര്‍മിക്കുന്നതിനു 30 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. നഗരത്തിലെ പഴക്കം ചെന്ന കുടിവെള്ള വിതരണ ലൈനുകള്‍ മാറ്റുന്നതിനു 33 കോടിയും ആര്‍ ഒ പ്ലാന്റുകളുടെ അറ്റകുറ്റ പണികള്‍ക്കായി വാട്ടര്‍ അഥോറിട്ടിക്കു 25 ലക്ഷം നല്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. നഗരജ്യോതി പദ്ധതിക്കു 60 ലക്ഷം വകയിരുത്തിയിട്ടുണ്ട്.
കൂടാതെ നഗരത്തിലെ പ്രധാന ജങ്ഷനുകളിലും തീരപ്രദേശങ്ങളിലും 20 എല്‍ഇഡി മിനി മാസ്റ്റ്‌ലൈറ്റുകള്‍ സ്ഥാപിക്കും. പൊതു വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി 'അക്ഷരവെട്ടം' എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കും. ഇതിനു രണ്ടര കോടിയും വാര്‍ഡുകളിലെ പശ്ചാത്തല മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 7.80 കോടിയും വകയിരുത്തിയിട്ടുണ്ട്.
നഗരത്തിലെ പ്രധാന നിരത്തുകള്‍ ടൈല്‍ പാകുന്നതിന് രണ്ടു കോടിയും ഡ്രെയിനേജ് സംവിധാനം നവീകരിക്കുന്നതിനു ആറു കോടിയും ബജറ്റില്‍ മാറ്റിവച്ചിട്ടുണ്ട്. നഗരസഭയുടെ ശതാബ്ദി സ്മാരകമായി കെട്ടിടം നിര്‍മിക്കും. ഇതിന്റെ പദ്ധതിരേഖ തയ്യാറാക്കുന്നതിനും പ്രാരംഭ ചെലവുകള്‍ക്കുമായി രണ്ടുകോടി വകയിരുത്തിയിട്ടുണ്ട്. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിന് ഒന്നര കോടി ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്. ശുചിത്വ മിഷന്റെ സഹായത്തോടെ 20 എയറോബിക് കംപോസ്റ്റ് യൂനിറ്റുകള്‍ ആരംഭിക്കും. വഴിച്ചേരിയിലെ അറവുശാല നവീകരിക്കുന്നതിനു 1.5 കോടി വകയിരുത്തി.
സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിച്ചശേഷം അന്താരഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കും. നഗരസഭാ വാര്‍ഡുകളില്‍ നഗരസേവാ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ 26 ലക്ഷം വകയിരുത്തിയിട്ടുണ്ട്. മൂന്നുമാസത്തിലൊരിക്കല്‍ പ്രവാസി വാര്‍ഡ് സഭകള്‍ ചേരാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it