ആലപ്പുഴയില്‍ വ്യാപക റെയ്ഡ്

ആലപ്പുഴ: കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ പടക്ക നിര്‍മാണ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡില്‍ വന്‍സ്‌ഫോടക വസ്തുശേഖരം പിടികൂടി.
ചേര്‍ത്തല താലൂക്കിലെ അനധികൃത പടക്ക നിര്‍മാണ കേന്ദ്രങ്ങളില്‍ പോലിസ് നടത്തിയ റെയ്ഡില്‍ അഞ്ചു പേരെ പിടികൂടി. ചെങ്ങന്നൂര്‍ ചെറിയനാട് ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലുള്ള കൊല്ലക്കടവ് മാര്‍ക്കറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ ആര്‍ സദാശിവന്റെ നേതൃത്വത്തില്‍ 750 കിലോഗ്രാം വരുന്ന പടക്കശേഖരമാണ് പിടികൂടിയത്. ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു ചെങ്ങന്നൂരില്‍ റെയ്ഡ് നടത്തിയത്.
ചെറിയനാട് മാര്‍ക്കറ്റിലുള്ള പഞ്ചായത്തിന്റെ പ്രധാന കെട്ടിടത്തിലെ 18ാംനമ്പര്‍ മുറിയിലും ഡി ബ്ലോക്കിലെ 22ാംനമ്പര്‍ മുറിയിലുമാണ് വന്‍ പടക്കശേഖരം സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയ്ക്ക് പടക്കശേഖരം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചത്. ഉടന്‍ തന്നെ ചെങ്ങന്നൂര്‍ തഹസില്‍ദാരെ വിളിച്ച് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി.
തഹസില്‍ദാരും വെണ്‍മണി പോലിസ് സംഘവും കെട്ടിടത്തിലെത്തിയപ്പോള്‍ മുറി പൂട്ടിയിരുന്നു. താഴ് പൊളിച്ചാണ് പരിശോധന നടത്തിയത്. മാലപ്പടക്കവും ചൈനീസ് പടക്കവുമുള്‍പ്പെടെ 57 ചാക്കുകളിലായിട്ടാണ് പടക്കം സൂക്ഷിച്ചിരുന്നത്. ചെറിയനാട് വില്ലേജില്‍ കൊല്ലക്കടവ് മേലെ വീട്ടില്‍ ബിജിയെന്ന് വിളിപ്പേരുള്ള എം എസ് ജോണ്‍ എന്ന വ്യക്തിയാണ് പഞ്ചായത്തില്‍ നിന്നു മുറി വാടകയ്‌ക്കെടുത്തത്. പിടിച്ചെടുത്ത പടക്കശേഖരത്തിന്റെ തുടര്‍ നടപടികള്‍ അഡീ. ജില്ലാ മജിസ്‌ട്രേറ്റ് ജെ ഗിരിജയുടെ നേതൃത്വത്തില്‍ നടത്തി. ശേഖരം പിന്നീട് വെണ്‍മണി പോലിസിനു കൈമാറി.
ചേര്‍ത്തലയില്‍ മുനിസിപ്പല്‍ 27ാം വാര്‍ഡ് നെയ്പ്പള്ളവെളി ബിജു(40), 22ാം വാര്‍ഡ് കുന്നത്തുവെളി ബിജു(38) എന്നിവരെ ചേര്‍ത്തല പോലിസും തുറവൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡ് വട്ടത്തറ അനില്‍കുമാര്‍(49), 10ാം വാര്‍ഡ് കിഴക്കോലില്‍ മോഹനന്‍പിള്ള(49), പുറത്തുവേലിവീട്ടില്‍ രാധാകൃഷ്ണന്‍(46) എന്നിവരെ കുത്തിയതോട് പോലിസും പിടികൂടി.
ചേര്‍ത്തലയില്‍ നടന്ന റെയ്ഡില്‍ നാല് ചാക്ക് പടക്കം, കരിമരുന്ന്, വെടിയുപ്പ്, പനയോല, കയര്‍ എന്നിവ കണ്ടെടുത്തു. ഉടമസ്ഥരില്ലാതെ വിവിധ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരവും സിഐ ടോമി സെബാസ്റ്റ്യന്‍, എസ്‌ഐ വി സൈജു എന്നിവരുടെ നേതൃത്വത്തില്‍ കണ്ടെടുത്തു.
തുറവൂര്‍ വളമംഗലം മേഖലയില്‍ നടത്തിയ പരിശോധനയില്‍ ഓലപ്പടക്കം, കരിമരുന്ന്, തിരി, ഗന്ധകം, പൗഡര്‍, ഗുണ്ട്, പാളിപ്പടക്കം എന്നിവ പിടിച്ചെടുത്തു. അനധികൃത പടക്ക നിര്‍മാണം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പോലിസ് സമീപ പ്രദേശത്തെ നിരവധി വീടുകളില്‍ പരിശോധന നടത്തി. പിടിയിലായവര്‍ക്ക് ലൈസന്‍സ് ഇല്ലെന്നും അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it