Alappuzha local

ആലപ്പുഴയില്‍ എല്‍ഇഡി മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: നഗരത്തില്‍ എല്‍ഇഡി മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു തുടങ്ങി. ഇതിന്റെ ഉദ്ഘാടനം ഇന്നലെ ആലപ്പുഴ മുല്ലയ്ക്കലില്‍ നടന്ന ചടങ്ങില്‍ കെ സി വേണുഗോപാല്‍ എംപി നിര്‍വഹിച്ചു. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍പേഴ്‌സണ്‍ ബീന കൊച്ചുബാവ, കൗണ്‍സിലര്‍മാരായ അഡ്വ. മനോജ് കുമാര്‍, സഞ്ജീവ് ഭട്ട്, ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ബി മെഹ്ബൂബ്, ബഷീര്‍ കോയാപറമ്പില്‍, ഷോളി സിദ്ധകുമാര്‍, കരോളിന്‍ പീറ്റര്‍ പങ്കെടുത്തു.
തുടക്കത്തില്‍ പത്ത് വഴിവിളക്കുകള്‍ എല്‍ഇഡി മിനി ഹൈമാസ്റ്റ് ലൈറ്റുകളാക്കി മാറ്റി. കഴിഞ്ഞ ഇടതുപക്ഷ ഭരണസമിതി അവസാനകാലഘട്ടത്തില്‍ നഗരത്തില്‍ എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കാന്‍ നിരവധി പരിശ്രമങ്ങള്‍ നടത്തിയിരുന്നു. സംസ്ഥാനത്തെ ആദ്യ എല്‍ഇഡി നഗരമാക്കി ആലപ്പുഴയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ നഗരജ്യോതി പദ്ധതി പ്രകാരമായിരുന്നു ഇതിന് നീക്കം നടത്തിയത്.
എന്നാല്‍ വൈദ്യുതി വകുപ്പില്‍ തുടര്‍ നടപടികള്‍ ഇല്ലാതെ പോയത് പദ്ധതി അവതാളത്തിലാക്കി. സ്ഥലം എംപിയും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നാണ് പദ്ധതി മുടക്കിയതെന്ന് വ്യാപക പ്രചാരണങ്ങളും നഗരസഭാധികൃതര്‍ അഴിച്ചു വിട്ടിരുന്നു. കഴിഞ്ഞ തദ്ധേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുഖ്യ പ്രചാരണായുധമാക്കിയ വിഷയവും ഇതായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് നഗരത്തിന്റെ പല സ്ഥലങ്ങളും ഇരുട്ടിലകപ്പെട്ടതും ചര്‍ച്ചയായിരുന്നു.
250 മുതല്‍ 22 വാട്ട്‌സ് വരെയുള്ള ഫഌറസന്റ് ലാമ്പുകളും സോഡിയം വേപ്പര്‍ ലാമ്പുകളും മെര്‍ക്കുറി ലാമ്പുകളുമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇവ എല്‍ഇഡി സാങ്കേതിക വിദ്യയിലേക്ക് മാറ്റുമ്പോള്‍ 60 ശതമാനം ഊര്‍ജലാഭം ഉണ്ടാവും. 50 വാട്ട്‌സ് മെര്‍ക്കുറി ലാമ്പിന്റെ വെളിച്ചം കിട്ടാന്‍ 20 വാട്ട്‌സ് എല്‍ഇഡി ബള്‍ബ് ഉപയോഗിച്ചാല്‍ മതി. പദ്ധതി നടപ്പാക്കുന്നതിലൂടെ സാമ്പത്തിക നേട്ടമാണ് നഗരസഭ ലക്ഷ്യമിടുന്നത്.
നഗരത്തിലെ 8051 വൈദ്യുതി പോസ്റ്റുകളിലാണ് എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ ഭരണ സമിതി പദ്ധതിയിട്ടിരുന്നത്. ഇതുവഴി മാസംതോറും 062170 യൂണിറ്റ് വൈദ്യുതി ലാഭം ഉണ്ടാകും. ഏകദേശം 2,47,46,040 രൂപയുടെ ലാഭവുമെന്നും കണക്കാക്കപ്പെട്ടിരുന്നു. ഏഴു കോടി രൂപ ചെലവിലാണ് നഗരജ്യോതി പദ്ധതി നടപ്പാക്കാനുദ്ദേശിച്ചിരുന്നത്.
Next Story

RELATED STORIES

Share it