ആറ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മല്‍സരിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നുള്ള ആറു പേര്‍ മല്‍സരിക്കും. പിണറായി വിജയന്‍, തോമസ് ഐസക്, എ കെ ബാലന്‍, ഇ പി ജയരാജന്‍, എം എം മണി, ടി പി രാമകൃഷ്ണന്‍ എന്നിവരാണ് മല്‍സരിക്കുന്ന സെക്രട്ടേറിയറ്റ് അംഗങ്ങള്‍.
കഴിഞ്ഞ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമും എക്‌സൈസ് മന്ത്രിയായിരുന്ന പി കെ ഗുരുദാസനും ഇക്കുറി മല്‍സരത്തിനുണ്ടാവില്ല. സിഐടിയു സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിക്കുന്നതിനാലാണ് എളമരത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നൊഴിവാക്കിയതെന്നാണ് സൂചന. സിറ്റിങ് എംഎല്‍എയായ കരീമിന്റെ പേര് മാത്രമായിരുന്നു ബേപ്പൂരിലേക്ക് ജില്ലാ ഘടകം നിര്‍ദേശിച്ചിരുന്നത്. കരീം മാറിനില്‍ക്കുന്നതോടെ ബേപ്പൂരിലേക്ക് പുതിയ സ്ഥാനാര്‍ഥിയെ പാര്‍ട്ടി കണ്ടെത്തേണ്ടി വരും. കൊല്ലത്ത് ഗുരുദാസന് പകരം കെ വരദരാജന്റെ പേര് നേരത്തേ തന്നെ ജില്ലാ ഘടകം നിര്‍ദേശിച്ചിരുന്നു.
അതേസമയം, മുന്‍ ഇടുക്കി, കോഴിക്കോട് ജില്ലാ സെക്രട്ടറിമാരായ എം എം മണിയും ടി പി രാമകൃഷ്ണനും ഇത്തവണ മല്‍സരിക്കുന്നുണ്ട്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കണ്ണൂര്‍ ധര്‍മടത്തു നിന്നാവും മല്‍സരിക്കുക, എം എം മണി ഇടുക്കി ഉടുമ്പന്‍ ചോലയിലും ടി പി രാമകൃഷ്ണന്‍ കോഴിക്കോട് പേരാമ്പ്രയിലും സ്ഥാനാര്‍ഥികളാവും. എംഎല്‍എമാരായ സെക്രട്ടേറിയറ്റ് അംഗങ്ങളെല്ലാം അവരുടെ സിറ്റിങ് സീറ്റുകളില്‍ തന്നെ മല്‍സരിക്കാനും ധാരണയായിട്ടുണ്ട്. ഇപ്രകാരം തോമസ് ഐസക് ആലപ്പുഴയിലും ഇ പി ജയരാജന്‍ മട്ടന്നൂരിലും എ കെ ബാലന്‍ പാലക്കാട് തരൂരിലും മല്‍സരിക്കും.
അഴീക്കോട് പൊതുസ്ഥാനാര്‍ഥിയായി റിപോര്‍ട്ടര്‍ ചാനല്‍ എംഡി നികേഷ് കുമാറിന്റെ പേരും പരിഗണനയിലുണ്ട്. ഇതുസംബന്ധിച്ച് പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി നികേഷ് കുമാര്‍ ചര്‍ച്ച നടത്തി. രണ്ട് തവണ മല്‍സരിച്ചവര്‍ മാറി നില്‍ക്കണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്നും വിജയസാധ്യതയുള്ളവര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റു സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള തീരുമാനം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സമിതിയില്‍ ഉണ്ടായേക്കും.
Next Story

RELATED STORIES

Share it