ആറ് കേന്ദ്ര വാഴ്‌സിറ്റികളില്‍ ആരംഭിക്കും;കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ യോഗ പഠന വകുപ്പ്

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ കേന്ദ്ര സര്‍വകലാശാലകളിലും യോഗപഠന വകുപ്പുകള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള ആറ് സര്‍വകലാശാലകളില്‍ ഈ വര്‍ഷം തന്നെ കോഴ്‌സുകളാരംഭിക്കും. ദക്ഷിണേന്ത്യയില്‍ കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയിലാണ് ഈ വര്‍ഷം മുതല്‍ ക്ലാസുകളാരംഭിക്കുക. കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ ശില്‍പശാലയില്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ബാച്ചിലര്‍, പിജി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്, പിഎച്ഡി തുടങ്ങിയ കോഴ്‌സുകളും യോഗയുമായി ബന്ധപ്പെട്ട് ഈ സര്‍വകലാശാലകള്‍ വാഗ്ദാനം ചെയ്യും. പ്രധാനമന്ത്രി മോദിയുടെ യോഗാ ഗുരു പ്രഫ. എച്ആര്‍ നാഗേന്ദ്ര അധ്യക്ഷനായി ഇതു സംബന്ധമായി നിയമിക്കപ്പെട്ട  സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. ഏപ്രിലില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ യോഗാ കോഴ്‌സുകളുടെ സിലബസ് കൂടി നിര്‍ദേശിച്ചിരുന്നു. കൂടാതെ ഓരോ സര്‍വകലാശാലയ്ക്കും അഞ്ചു വര്‍ഷം കൊണ്ട് “യോഗ കലയും ശാസ്ത്രവും’ ആയി ബന്ധപ്പെട്ട സമ്പൂര്‍ണ പഠനവകുപ്പ് സ്ഥാപിക്കാന്‍ പത്തു കോടി രൂപ ഗ്രാന്റ് അനുവദിക്കാനും കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.കേന്ദ്ര സര്‍വകലാശാലകളിലെ ഫിസിയോതെറാപ്പിയുമായി ബന്ധപ്പെട്ട കോഴ്‌സുകളില്‍ യോഗ പാഠ്യവിഷയമാക്കാനും നടപടികളാരംഭിച്ചിട്ടുണ്ട്. ഇതു സംബന്ധമായി പ്രത്യേകം തയ്യാറക്കിയ സിലബസ് നിലവിലെ ഫിസിയോതെറാപ്പി യുജി, പിജി കോഴ്‌സുകളുടെ സിലബസില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് യുജിസി സെക്രട്ടറി ജസ്പാല്‍ സിങ് സന്ധു എല്ലാ സര്‍വകലാശാലകള്‍ക്കും കത്തയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it