ആറ്റുകാല്‍: അഞ്ചു കോടി അനുവദിക്കും - മുഖ്യമന്ത്രി

തിരുവനന്തപുരം: ഫെബ്രുവരി 15 മുതല്‍ 24 വരെ നടക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോല്‍സവത്തില്‍ പങ്കെടുക്കുന്ന ഭക്തജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി അഞ്ചു കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വി എസ് ശിവകുമാറിന്റെ സാന്നിധ്യത്തില്‍ ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഉല്‍സവമേഖലയിലെ 28 നഗരസഭാ വാര്‍ഡുകള്‍ക്ക് അടിസ്ഥാന സൗകര്യ വിപുലീകരണത്തിനായി അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. എല്ലാ ക്രമീകരണങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനം ഉറപ്പുവരുത്തണമെന്നും മന്ത്രി വി എസ് ശിവകുമാര്‍ നിര്‍ദേശിച്ചു.
സുരക്ഷയ്ക്കും ഭക്തജന സേവനത്തിനുമായി വനിതാ പോലിസ് ഉള്‍പ്പെടെ 3500ഓളം പോലിസ് സേനാംഗങ്ങളെ വിന്യസിക്കും. പ്രധാന കേന്ദ്രങ്ങളിലെല്ലാം നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. കുടിവെള്ള വിതരണത്തിന് ആവശ്യമായ വാട്ടര്‍ ടാങ്കുകള്‍ റവന്യൂ വകുപ്പു നല്‍കും. 1250 താല്‍ക്കാലിക ടാപ്പുകള്‍ സ്ഥാപിച്ച് കുടിവെള്ള വിതരണം സുഗമമാക്കും. കെഎസ്ആര്‍ടിസി ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ നടത്തും. ആരോഗ്യവകുപ്പ് വൈദ്യസഹായം നല്‍കുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ലഭ്യമാക്കും.
സന്നദ്ധ സംഘടനകളും മറ്റും വിതരണം ചെയ്യുന്ന ഭക്ഷണം, കുടിവെള്ളം മുതലായവ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശനപരിശോധനയ്ക്കു വിധേയമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ അറിയിച്ചു. ഇത്തവണ ഏഴാം ഉല്‍സവംവരെ മാത്രമെ നേര്‍ച്ച വിളക്കുകെട്ടുകള്‍ അനുവദിക്കുകയുള്ളൂ. ഫെബ്രുവരി 23നാണ് പൊങ്കാല. യോഗത്തില്‍ വി ശിവന്‍കുട്ടി എംഎല്‍എ, മേയര്‍ പി കെ പ്രശാന്ത്, ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it