ആറ്റിങ്ങല്‍ കൊലപാതകം: ശിക്ഷാവിധി ഇന്ന്; സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയെന്ന് വിധിക്കരുതെന്ന് അനുശാന്തി

തിരുവനന്തപുരം: മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതികളായ നിനോ മാത്യുവിനും അനുശാന്തിക്കുമുള്ള ശിക്ഷ ഇന്നറിയാം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വി ഷെര്‍സിയാണ് ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്. പ്രതികള്‍ക്കു പരമാവധി ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. സമാനതകളില്ലാത്ത ക്രൂരകൃത്യത്തിന് വധശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനും.
ആലംകോട് മണ്ണൂര്‍ഭാഗം സമീപം തുഷാരത്തില്‍ ഓമന(57), ചെറുമകള്‍ സ്വസ്തിക(നാല്) എന്നിവരെ കൊലപ്പെടുത്തുകയും ഓമനയുടെ മകനും സ്വസ്തികയുടെ പിതാവുമായ ലിജേഷിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരായിരുന്ന നിനോ മാത്യു(40) ലിജേഷിന്റെ ഭാര്യ അനുശാന്തി(32) എന്നിവര്‍ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച കോടതി വിധിച്ചിരുന്നു. പ്രതികളില്‍ ആരോപിക്കപ്പെട്ട ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയെന്ന് വിധിക്കരുതെന്ന് ശിക്ഷ സംബന്ധിച്ച വാദത്തിനിടെ അനുശാന്തി കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്നിട്ടില്ലെന്നും അനുശാന്തി പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതി നിനോ മാത്യു കോടതിയില്‍ പറഞ്ഞു. പ്രായമായ മാതാപിതാക്കളുണ്ടെന്നും മാതാവ് രോഗിയാണെന്നും മകളെ കണ്ടിട്ട് രണ്ടുവര്‍ഷമായെന്നും നിനോ മാത്യു പറഞ്ഞു. എന്നാല്‍, സമാനതകളില്ലാത്ത ക്രൂരതയാണ് നടന്നതെന്നും രണ്ടുപ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 2014 ഏപ്രില്‍ 16നായിരുന്നു കേസിനാസ്പദമായ കൊലപാതകങ്ങള്‍ നടന്നത്. പ്രതികള്‍ തമ്മിലുള്ള വഴിവിട്ട പ്രണയവും ഭര്‍ത്താവിനെയും മകളെയും ഒഴിവാക്കി ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനവുമാണ് അരുംകൊലകളിലേക്കു നയിച്ചത്.
ടെക്‌നോപാര്‍ക്കിലെ ഒരു കമ്പനിയിലെ പ്രോജക്റ്റ് മാനേജരായിരുന്ന നിനോ മാത്യുവും ഇതേ കമ്പനിയിലെ ടീം ലീഡറായിരുന്ന അനുശാന്തിയും തമ്മിലുള്ള വഴിവിട്ട ബന്ധം അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷ് ചോദ്യം ചെയ്തതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്നായിരുന്നു ക്രൂരമായ കൊലപാതകങ്ങള്‍ നടന്നത്. ഓമനയെയും സ്വസ്തികയെയും തലക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയ നിനോ മാത്യു ഈ സമയത്തും മനസ്സലിവില്ലാതെ ഇരകളുടെ പിടച്ചില്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു. പ്രതിയുടെ അതിക്രൂര മനസ്സിന്റെ തെളിവാണിതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it