ആറു സ്വര്‍ണവുമായി രണ്ടാംദിനം

കോഴിക്കോട്: ഒളിംപ്യന്‍ റഹ്മാന്‍ സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന 61ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാംദിനത്തില്‍ കേരളം ആറു സ്വര്‍ണം കൂട്ടിച്ചേര്‍ത്തു. ട്രാക്കില്‍ ആതിഥേയരായ കേരളത്തിന് നേരിയ തിരിച്ചടിയുണ്ടായെങ്കിലും ജംപിങ് പിറ്റിലും ത്രോയിനത്തിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവച്ചു.
ഇന്നലെ നടന്ന 15 ഫൈനലുകളില്‍നിന്നു സ്വര്‍ണം കൂടാതെ മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടി 69 പോയിന്റുമായി കേരളം മുന്നില്‍ത്തന്നെയാണ്. രണ്ട് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവുമടക്കം 22 പോയിന്റുമായി ഉത്തര്‍പ്രദേശ് രണ്ടാംസ്ഥാനത്തും രണ്ടുവീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവുമടക്കം 17 പോയിന്റുമായി മഹാരാഷ്ട്ര മൂന്നാംസ്ഥാനത്തുമാണ്. അതേസമയം, നിലവിലെ രണ്ടാംസ്ഥാനക്കാരായ തമിഴ്‌നാട് ഒമ്പതു പോയിന്റുമായി ഏഴാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുതിയ റെക്കോഡുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടില്ലെങ്കിലും ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ ദിവ്യമോഹന്‍ നിലവിലെ റെക്കോഡിനൊപ്പമെത്തി. 3.20 മീറ്റര്‍ ഉയരം താണ്ടിയ ദിവ്യ 2013ല്‍ കേരളത്തിന്റെ തന്നെ മരിയ ജയ്‌സണ്‍ റാഞ്ചിയില്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമാണ് എത്തിയത്.
സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഷഹര്‍ബാന സിദ്ദീഖ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഇതേയിനത്തില്‍ കെ സ്‌നേഹ, ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ദേശീയ റെക്കോഡിനൊപ്പമെത്തിയ പ്രകടനത്തോടെ ദിവ്യ മോഹന്‍, ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യു, ലോങ്ജംപില്‍ ലിസ്ബത്ത് കരോലിന്‍ ജോസഫ്, സബ്ജൂനിയര്‍ പെണ്‍കൂട്ടികളുടെ ഡിസ്‌കസ്‌ത്രോയില്‍ അതുല്യ പി എ എന്നിവരാണ് ഇന്നലെ കേരളത്തിനായി പൊന്നണിഞ്ഞത്.
മൂന്നാംദിനമായ ഇന്ന് 23 ഫൈനലുകള്‍ നടക്കും. മീറ്റിലെ വേഗമേറിയ താരത്തെയും ഇന്നറിയാം. ഇന്ന് നടക്കുന്ന 100 മീറ്ററില്‍ സീനിയര്‍ പെണ്‍കുട്ടികളുടേതൊഴികെ എല്ലാ വിഭാഗത്തിലും കേരള താരങ്ങള്‍ സെമിയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it