ആറു സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്നറിയാം

തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്റെ കൈവശമുള്ള ആറു സീറ്റുകളില്‍ ആരൊക്കെ മല്‍സരിക്കുമെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കെ അന്തിമ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നേതൃത്വം ഇന്നു തീരുമാനമെടുക്കും. കയ്പമംഗലം, ഒറ്റപ്പാലം, ദേവികുളം, കല്യാശ്ശേരി, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇവയില്‍ മൂന്നു സീറ്റുകളില്‍ അനിശ്ചിതത്വം തുടരുകയാണ്.
അഞ്ചു സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ആര്‍എസ്പിക്ക് കയ്പമംഗലം നല്‍കിയിരുന്നെങ്കിലും സ്ഥാനാര്‍ഥി പിന്മാറിയതിനെ തുടര്‍ന്ന് ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. കെഎസ്‌യു നേതാവ് ശോഭ സുബിന്‍ ഇവിടെ മല്‍സരിക്കും. ഇതിനു പകരമായി ആര്‍എസ്പിക്ക് പയ്യന്നൂര്‍ നല്‍കാനാണ് ധാരണ. ആര്‍എസ്പി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ഇല്ലിക്കല്‍ അഗസ്തിയെയാണ് പയ്യന്നൂരിലേക്ക് പരിഗണിക്കുന്നത്.
ഒറ്റപ്പാലത്ത് ശാന്ത ജയറാമിന് പകരം മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ഥിയാവും. ശാന്ത ജയറാമിനെതിരേ പ്രാദേശിക എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഷാനിമോളെ പരിഗണിക്കാന്‍ കെപിസിസി നേതൃത്വം തീരുമാനിച്ചത്. കല്യാശ്ശേരിയില്‍ പരിഗണനയിലുണ്ടായിരുന്ന അമൃത രാമകൃഷ്ണന് പകരമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് നൗഷാദ് വാഴവളപ്പില്‍, കോണ്‍ഗ്രസ് നേതാവ് പി രാമകൃഷ്ണന്‍ എന്നിവരെയാണു പരിഗണിക്കുന്നത്.
അതേസമയം, ഐഎന്‍ടിയുസി നേതാക്കളുമായികോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി. ദേവികുളം, കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ ഐഎന്‍ടിയുസി നേതാക്കള്‍ക്ക് പരിഗണന നല്‍കാനാണു തീരുമാനം. പ്രതീക്ഷയുണ്ടെന്നും അന്തിമ തീരുമാനം ഇന്നുണ്ടാവുമെന്ന് കരുതുന്നതായും സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it